മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച 'കളങ്കാവൽ' രണ്ടാംവാരത്തിലും തകർപ്പൻ വിജയം തുടരുന്നു. ചിത്രം റിലീസ് ചെയ്ത് രണ്ടാമത്തെ ശനിയാഴ്ചയും ഗംഭീര ബുക്കിങ്ങാണ്‌ ചിത്രത്തിന് കേരളത്തിലുടനീളം ലഭിച്ചത്. നിറഞ്ഞ സദസ്സുകളിൽ വമ്പൻ ജനപിന്തുണയോടെയാണ്‌ ചിത്രം പ്രദർശനം തുടരുന്നത്. രണ്ടാംവാരത്തിൽ ചിത്രം കേരളത്തിലെ 300-ൽ പരം സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്ന് തിരക്കഥ രചിച്ച 'കളങ്കാവൽ', മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. വേഫറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്.

To advertise here,

ദിവസങ്ങൾക്ക് മുൻപ് മന്ത്രി ശിവൻകുട്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചിത്രം കാണാൻ എത്തിയത് വലിയ ജനശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി, വിനായകൻ എന്നിവരുടെ വിസ്മയിപ്പിക്കുന്ന പ്രകടനം തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. റിലീസ് ചെയ്ത ആദ്യ വാരത്തിൽ തന്നെ 50 കോടി ക്ലബിൽ എത്തിയ ചിത്രം, ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രമെന്ന റെക്കോർഡും സ്വന്തമാക്കി. 'ഭീഷ്മപർവം', 'കണ്ണൂർ സ്‌ക്വാഡ്', 'ഭ്രമയുഗം', 'ടർബോ' എന്നീ ചിത്രങ്ങൾക്ക് ശേഷം 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രം കൂടിയാണ് 'കളങ്കാവൽ'.

കുപ്രസിദ്ധമായ സയനൈഡ് മോഹൻ കേസിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രം ആഗോള തലത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. ഗൾഫിലും തകർപ്പൻ പ്രകടനം നടത്തുന്ന ചിത്രത്തിൻ്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ നടത്തിയത് ട്രൂത് ഗ്ലോബൽ ഫിലിംസ് ആണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവൽ. ഇതിനോടകം 67 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയ ചിത്രം റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും മികച്ച പ്രതികരണം നേടുന്നുണ്ട്. 'ലോക' ഉൾപ്പെടെയുള്ള മലയാള ചിത്രങ്ങൾ തമിഴ്‌നാട്ടിൽ എത്തിച്ച ഫ്യുച്ചർ റണ്ണപ് ഫിലിംസ് ആണ് ചിത്രം തമിഴ്നാട് വിതരണം ചെയ്തത്. സിത്താര എന്റര്‍ടെയ്ന്‍മെന്റ്‌സ്‌, ലൈറ്റർ ബുദ്ധ ഫിലിംസ്, പെൻ മരുധാർ എന്നിവരാണ് ചിത്രം യഥാക്രമം ആന്ധ്ര- തെലങ്കാന, കർണാടക, നോർത്ത് ഇന്ത്യ എന്നിവിടങ്ങളിൽ വിതരണം ചെയ്തിരിക്കുന്നത്.

വിനായകൻ നായകനും മമ്മൂട്ടി പ്രതിനായകനുമായെത്തിയ ചിത്രത്തിലെ സംഗീതവും ഉയർന്ന സാങ്കേതിക നിലവാരവും പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്. ജിബിൻ ഗോപിനാഥ്, ബിജു പപ്പൻ, രെജിഷ വിജയൻ, ഗായത്രി അരുൺ, മാളവിക, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം: ഫൈസൽ അലി, സംഗീതം: മുജീബ് മജീദ്, എഡിറ്റർ: പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ഫൈനൽ മിക്സ്: എം.ആർ. രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ്, മേക്കപ്പ്: അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം: അഭിജിത്ത് സി, വരികൾ: വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ്: ലിജു പ്രഭാകർ, സംഘട്ടനം: ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ: എസ്. സന്തോഷ് രാജു, വിഎഫ്എക്സ് കോ- ഓർഡിനേറ്റർ: ഡിക്സൻ പി. ജോ, വിഎഫ്എക്സ്: വിശ്വ എഫ്എക്സ്, സിങ്ക് സൗണ്ട്: സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്: നിദാദ്, ടൈറ്റിൽ ഡിസൈൻ: ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്: ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ: ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.