മലയാളികളുടെ പ്രിയ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയെ അനുസ്മരിച്ച് വൈകാരികമായ കുറിപ്പ് പങ്കുവെച്ച് ഗാനരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി. ഗിരീഷുമായി അഗാധമായ ഹൃദയബന്ധമാണുണ്ടായിരുന്നതെന്നും വേലിക്കെട്ടുകളില്ലാതെയാണ് പെരുമാറിയതെന്നും അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. ഒരു ട്രെയിൻ യാത്രയിൽ ആയിരുന്നു തങ്ങളുടെ അവസാന കൂടിക്കാഴ്ചയെന്നും കൈതപ്രം കുറിച്ചു. ഗിരീഷ് പുത്തഞ്ചേരിക്കൊപ്പമുള്ള ഒരു ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തു.

To advertise here,

കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ കുറിപ്പിന്റെ പൂർണരൂപം:

മലയാളത്തിന്റെ ഒരേ ഒരു പുത്തഞ്ചേരിക്ക് എന്റെ കുഞ്ഞനിയൻ വിശ്വന്റെ പ്രായമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ തമ്മിൽ അഗാധമായ ഹൃദയബന്ധമുണ്ടായിരുന്നു. അതുകൊണ്ട് വേലികെട്ടില്ലാതെ തന്നെ പെരുമാറിയിരുന്നു.

ഗിരീഷിന്റെ കൃഷ്ണഗാനങ്ങൾ കേൾക്കുമ്പോഴൊക്കെ കണ്ണു നിറയും. കണ്ണാ എന്നിട്ടും കാത്തില്ലല്ലോ എന്ന് ഗുരുവായൂരപ്പനോട് പരാതി പറയും. എഴുതുന്ന എന്തിലും കലവറയില്ലാത്ത മനുഷ്യബന്ധങ്ങൾ നിറച്ചിരുന്നു ഗിരീഷ്.

ഏതോ ട്രെയിൻ യാത്രയിൽ ആയിരുന്നു ഞങ്ങളുടെ അവസാന കൂടിക്കാഴ്ച. സ്വന്തം പേന എന്റെ നെഞ്ചിൽ ചേർത്തു വച്ച് കണ്ണടച്ച് ധ്യാനിച്ചു പിടിച്ച് "തിരുമേനി ഇത് പൂജിച്ചു തരൂ" എന്ന് ആവശ്യപ്പെട്ടു ഗിരീഷ്. അത് കഴിഞ്ഞ്, ഭാര്യയെ വിളിച്ച് "എടോ, എന്റെ പേന തിരുമേനി പൂജിച്ചു തന്നു" എന്നു വിളിച്ചു പറഞ്ഞു.

കോഴിക്കോട് എത്തുമ്പോൾ "എൻ്റെ വണ്ടിയിൽ വരൂ ഗിരീഷ്, ഞാൻ വീട്ടിലെത്തിക്കാം" എന്ന് ഞാൻ പറഞ്ഞു. "ഏയ് തിരുമേനിയെ ഞാൻ വിടാം" എന്നായി ഗിരീഷ്.

വണ്ടിയിറങ്ങി, അദ്ദേഹം അപ്രത്യക്ഷനായി, ഞാൻ വീട്ടിലേക്ക് മടങ്ങി. അന്ന് രാത്രിയാണ് അദ്ദേഹത്തെ ആസ്പത്രിയിൽ കൊണ്ടുപോയത്. ഗിരീഷിന്റെ പ്രിയ പത്നി കരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞു: "ട്രെയിനിറങ്ങി അങ്ങയുടെ കൂടെ വന്നിരുന്നെങ്കിൽ... എന്റെ ഗിരീഷേട്ടൻ ഇങ്ങനെയാവുമായിരുന്നില്ല.."

ഗിരീഷിനെ കുറിച്ചുള്ള ഒട്ടേറെ കഥകൾ കേട്ട് സന്തോഷിക്കാറുണ്ട്, നോവാറുമുണ്ട്. ഇങ്ങനെയൊരു അപൂർവ്വ സിദ്ധിയുള്ള മനുഷ്യനെ നമുക്കെന്നാണ് ഇനി കാണാനാവുക- ഗിരീഷിന്റെ ഓർമയിൽ പുഷ്പാഞ്ജലി.