മലയാള സിനിമയിലെ പാട്ടുകളുടെ വസന്തകാലമായിരുന്നു ഗിരീഷ് പുത്തഞ്ചേരി. തൂലിക കൊണ്ട് വിസ്മയം തീർത്ത കവി എന്നതിലുപരി, 'പുത്തൻ' എന്ന് വിളിക്കപ്പെട്ടിരുന്ന ഗിരീഷ് സുഹൃത്തുക്കളുടെ ഇടയിൽ ആവേശമായിരുന്നു. സൗഹൃദവും കലഹവും തമാശകളും നിറഞ്ഞ ആ ജീവിതത്തിന് തിരശ്ശീല വീണിട്ട് ഇന്ന് 16 വർഷം തികയുന്നു. പ്രിയ സുഹൃത്തിനെ ഓർത്തുകൊണ്ട് ഹൃദ്യമായ ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ഗായകൻ ജി. വേണുഗോപാൽ.

To advertise here,

തന്റെ എഴുത്തിലെ അചഞ്ചലമായ ആത്മവിശ്വാസത്തെക്കുറിച്ചും കോടമ്പാക്കത്തെ പൊള്ളുന്ന തെരുവുകളിൽ സിനിമയ്ക്കായി അലഞ്ഞ രസകരമായ അനുഭവങ്ങളെക്കുറിച്ചും വേണുഗോപാൽ കുറിപ്പിൽ ഓർക്കുന്നു. സിനിമയ്ക്കെഴുതാൻ പോകുമ്പോൾ മഹാകവികൾ പോലും തന്റെ മുന്നിൽ തോറ്റുപോമെന്ന് നെഞ്ചുവിരിച്ചു പറയുന്ന ഗിരീഷിന്റെ തന്റേടവും തമിഴ്നാട്ടിലെ മൃഗപരിശീലകന്റെ വീട്ടിൽ പുലിയെയും കരടിയെയും കാണാൻ പോയ സംഭവബഹുലമായ കഥയുമെല്ലാം വേണുഗോപാൽ വിവരിക്കുന്നുണ്ട്. ‘ഒന്ന് കരുതിയിരുന്നെങ്കിൽ ഇനിയുമെത്ര കാലം നീയൊപ്പമുണ്ടായിരുന്നേനെ’ എന്ന സങ്കടത്തോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

ജി. വേണുഗോപാൽ പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

 

പ്രതിഭാധനനായ ഗാനരചയിതാവ്, കവി. പുത്തൻ എന്ന വിളിപ്പേരുള്ള ഗിരീഷ്. " സിനിമയ്‌ക്കെഴുതാൻ ഞാനും മഹാകവി ജി ശങ്കരക്കുറുപ്പും ഒരുമിച്ച് പോയാൽ മഹാകവി തോറ്റ് മടങ്ങും " എന്ന് നെഞ്ച് വിരിച്ച് പറയുമായിരുന്നു അവൻ. കൂട്ടുകൂടലുകളുടേയും കലഹങ്ങളുടേയും ഓർമ്മകൾ ! ഇന്നവൻ്റെ പതിനാറാം ഓർമ്മ ദിനം.
അന്തി ചർച്ചകളിലും ആഘോഷരാവുകളിലും പുത്തൻ കത്തിക്കയറും. എത്രത്തോളം സരസനും സൗഹാർദ്ദപൂർണ്ണനുമാകാൻ സാധിക്കുമോ, അത്രത്തോളം വഴക്കാളിയുമാകാം. ലഹരിപിടിപ്പിക്കുന്ന പാട്ട്, ചിരി, അഭിനയ മുഹൂർത്തങ്ങൾ നിരവധിയുണ്ട്. സംഭവ കഥകൾ പുത്തൻ മേമ്പൊടി ചേർത്തഭിനയിച്ചു ഫലിപ്പിക്കും. ഒരിക്കൽ ക്യാപ്റ്റൻ രാജുവും ചില മൃഗങ്ങളും കാടും മാത്രം പശ്ചാത്തലമായൊരു സിനിമയ്ക്കുള്ള തയ്യാറെടുപ്പുകൾ. പൊള്ളുന്ന കോടമ്പാക്കം തെരുവീഥികളിൽ മൃഗസമ്പത്തും, അവരെ ഇണക്കാൻ സിദ്ധിയുമുള്ള ഒരു തമിഴൻ്റെ വീടന്വേഷിച്ചു കണ്ടു പിടിക്കുന്നു, പ്രൊഡ്യൂസറോടൊപ്പം ഗിരീഷുമുണ്ട്. ഒരു പുലിയെ തേടിയാണ് വന്നിരിക്കുന്നത്. കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞ ശേഷം തമിഴൻ ഉറക്കെ ആജ്ഞാപിക്കുന്നു. "നമ്മ സുശീലാമ്മയെ തുറന്ത് വിടടാ പസങ്കളേ" ! നിമിഷ നേരത്തിനകം സാമാന്യത്തിലധികം വലിയൊരു പൂച്ചയുടെ സൈസിൽ ഒരു പെൺ പുലി തമിഴനെ വന്ന് തൊട്ടുരുമ്മി നിന്നു. അതിനു പൊതുവേ വല്ലാത്ത ശോഷിപ്പ് തോന്നിപ്പിച്ചു. ഇത് മനസ്സിലാക്കിയ തമിഴൻ "സാർ ഇവങ്ക ഒടമ്പ് സരിയല്ലേ. രണ്ട് കരടിയിരിക്ക്, കൂപ്പിടട്ടുമാ". ഉടൻ നല്ല വലുപ്പമുള്ള ഒരു മുഴു കരടി മുന്നിൽ വന്ന് " ഞങ്ങളെ മൂന്ന് പേരെയും വണങ്ങി നിന്നു". (പുത്തൻ്റെ ഭാഷയിൽ). ഈ കരടിയുടെ ആകർഷണ വലയത്തിൽ പെട്ട് ഇവർ ഇരുന്നപ്പോൾ " പെട്ടെന്ന് വേറൊരുത്തി, മറ്റൊരു കരടി, സങ്കടപ്പെട്ട് മുഖം താഴ്ത്തി ഞങ്ങളുടെ മുന്നിലൂടെ കടന്ന് പോയി. ഇളയവളുടെ കല്യാണം നിശ്ചയിക്കുമ്പോൾ ഉള്ളിൽ ദുഃഖം കടിച്ചൊതുക്കി കടന്നു പോയ മൂത്തവളായിരുന്നു അത് ". (പുത്തൻ അത് അഭിനയിച്ച് കാണിക്കുന്നതിന്നും മനസ്സിലുണ്ട്)
പുത്തൻ കഥകൾ അവസാനിക്കുന്നില്ല.....
ഒന്ന് കരുതിയിരുന്നെങ്കിൽ, ഗിരീഷേ, ഇനിയുമെത്ര കാലം നീയൊപ്പമുണ്ടായിരുന്നേനേ..... പാട്ടും, ചിരിയും, കൂട്ടുകെട്ടുമായിട്ട്. VG