ആരാധകക്കൂട്ടത്തിൽനിന്ന് നടിമാർക്ക് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ അടുത്തിടെ വലിയ ചർച്ചയായിരുന്നു. പ്രഭാസ് ചിത്രം 'ദ രാജാസാബി'ന്റെ പ്രൊമോഷന് എത്തിയപ്പോൾ നിധി അഗർവാളിനും ഒരു വസ്ത്രക്കടയുടെ ഉദ്ഘാടനത്തിനെത്തിയപ്പോൾ സാമന്ത റൂത്ത് പ്രഭുവിനും നേരിടേണ്ടിവന്ന മോശം അനുഭവമാണ് ചർച്ചകൾക്ക് വഴിവെച്ചത്. ഇപ്പോഴിതാ സമാന അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ചിത്രാംഗദ സിങ്.

To advertise here,

ജോൺ എബ്രഹാം നായകനായ 'ഐ, മി ഓർ മേ' എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെയുണ്ടായ സംഭവമാണ് നടി ഓർത്തെടുക്കുന്നത്. ആരാധകക്കൂട്ടത്തിന് നടുവിൽപ്പെട്ടുപോകുന്നത് പുതിയകാര്യമല്ലെന്നും തന്നെ രക്ഷിക്കാൻ ശ്രമിച്ച ജോൺ എബ്രഹാമിന്റെ പുറത്തുമുഴുവൻ മാന്തിക്കീറിയ പാടുകളുണ്ടായതായും നടി ഓർത്തെടുത്തു. നടിമാർക്കുമാത്രമല്ല പുരുഷതാരങ്ങൾക്കും ഇത്തരം ദുരനുഭവം ഉണ്ടാവുന്നുണ്ടെന്നും നടി കൂട്ടിച്ചേർത്തു.

'ഞാനും ജോൺ എബ്രഹാമും 'ഐ, മി ഓർ മേ' എന്ന ചിത്രത്തിന്റെ പ്രൊമോഷനായി ഡൽഹിയിലെ ഒരു കോളേജിൽ പോയിരുന്നു. വേദിയിൽനിന്ന് ഇറങ്ങിയപാടേ ആളുകൾ കൂടാൻ തുടങ്ങി. ജോണിനെ എല്ലാവരും ചേർന്ന് വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്നതാണ് ഞാൻ കണ്ടത്. എന്നെ ഒപ്പം കൂട്ടാൻ വേണ്ടി ജോൺ തിരിഞ്ഞുനോക്കി. എന്നെ സുരക്ഷിതമാക്കാനും കാറിലേക്ക് കൊണ്ടുപോകാനുമാണ് അദ്ദേഹം ശ്രമിച്ചത്. കാറിൽ കയറിയിരുന്നപാടേ ജോൺ ഷർട്ട് ഊരി നോക്കിയപ്പോൾ പുറം മുഴുവൻ പോറലുകളായിരുന്നു.'- നടി ഓർത്തെടുത്തു.

'പിന്നാലെ വന്ന ജോൺ എന്നെ സംരക്ഷിക്കാൻ ശ്രമിച്ച് പുറംമുഴുവൻ പോറലുകൾ വീണതുകണ്ട് ഞാൻ ഞെട്ടിപ്പോയി. ഇത് എല്ലാവർക്കും സംഭവിക്കും, സ്ത്രീകൾക്കുമാത്രമല്ല'- നടി പറഞ്ഞു.

'ഇത്തരം സാഹചര്യങ്ങൾ കൈവിട്ടുപോകാൻ സാധ്യതയുണ്ട്. നിധിയുടെ വീഡിയോ കണ്ടപ്പോൾ ഞാൻ പേടിച്ചുപോയി. അവരെ സംരക്ഷിക്കേണ്ടത് അവർക്ക് സുരക്ഷയൊരുക്കുന്ന ഏജൻസിയുടെ കടമയാണ്. എന്നാൽ, അത് ഭയാനകമായ അനുഭവമായിരുന്നു. എങ്ങനെയാണ് അവരെ അവിടെ അങ്ങനെയൊരു സ്ഥലത്ത് കൊണ്ടുപോയത് എന്നെനിക്കറിയില്ല'- നിധി അഗർവാളിനുണ്ടായ അനുഭവം ചൂണ്ടിക്കാട്ടി ചിത്രാംഗദ കൂട്ടിച്ചേർത്തു.