പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിക്കുന്ന എ. ശാന്തന്റെ അനുസ്മരണ ചടങ്ങില്‍നിന്നു വിലക്കിയ സംഭവത്തില്‍ ഹരീഷ് പേരടിയെ പിന്തുണച്ച് സംവിധായകന്‍ ജിയോ ബേബി. പ്രത്യേക രാഷ്ട്രീയ സാഹചര്യത്താല്‍ ഈ പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് സംഘാടകര്‍ ഹരീഷ് പേരടിയെ അറിയിച്ചിരുന്നതെന്ന് താരം വെളിപ്പിടുത്തിയിരുന്നു. ഇതിന് പിന്നാലെ എന്താണ് ആ പ്രത്യേക രാഷ്ട്രീയ സാഹചര്യം എന്നാണ് ജിയോ ബേബി ചോദിക്കുന്നത്.'എന്താണ് ആ പ്രത്യേക രാഷ്ട്രീയ സാഹചര്യം?  പുരോഗമന കലാ സാഹിത്യ സംഘമേ' എന്നാണ് ജിയോ ബേബി കുറിച്ചത്.

To advertise here,

ഹരീഷിന് പിന്തുണയുമായി നടന്‍ രാജേഷ് ശര്‍മ, സംവിധായകന്‍ കണ്ണന്‍ താമരക്കുളം തുടങ്ങിയവര്‍ രംഗത്ത് വന്നിരുന്നു. 

 'സാരമില്ല. പു ക സ അല്ലെ ഹരീഷേ, പഴക്കം കൊണ്ട് പുരോഗമനത്തിന്റെ കുറവുണ്ടാകും അത് സ്വാഭാവികമാണ്. ശാന്തേട്ടന് ഓര്‍മപ്പൂക്കള്‍' എന്നാണ് രാജേഷ് ശര്‍മ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സമീപകാല വിഷയങ്ങളില്‍ സര്‍ക്കാരിനെയും സി.പി.എമ്മിനെയും ഹരീഷ് പേരടി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുകസയുടെ നടപടി.

തന്നെ പരിപാടിയില്‍നിന്നു വിലക്കിയെന്ന ഹരീഷ് പേരടിയുടെ പോസ്റ്റിന് താഴെ 'അന്ത ഭയം ഇരുക്കട്ടും' എന്നാണ് സംവിധായകന്‍ കണ്ണന്‍ താമരക്കുളം കമന്റ് ചെയ്തത്. പ്രത്യേക രാഷ്ട്രിയ സാഹചര്യത്തില്‍ ഹരീഷ് ഈ പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന് സംഘാടകര്‍ സ്‌നേഹം പൊതിഞ്ഞ വാക്കുകളില്‍ അറിയിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 

നിന്റെ ഓര്‍മ്മകളുടെ സംഗമത്തില്‍ ഞാന്‍ ഒരു തടസ്സമാണെങ്കില്‍ അതില്‍ നിന്ന് മാറി നില്‍ക്കുകയെന്നതാണ് എനിക്ക് നിനക്ക് തരാനുള്ള ഏറ്റവും വലിയ സ്‌നേഹവും. അതുകൊണ്ട് ഞാന്‍ മാറി നിന്നു. ഇത് ആരെയും  കുറ്റപ്പെടുത്തുന്നതല്ല. ഇതാണ് സത്യമെന്നും ഹരീഷ് പേരടി എഴുതി.