ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ മരണം വിഷാദ രോഗത്തിന്റെ ഭീകര മുഖമാണ് തുറന്നു കാട്ടുന്നത്. ഈ അവസരത്തില്‍ മലയാള ചിത്രമായ കുമ്പളങ്ങി നൈററ്‌സിലെ ഒരു രംഗമാണ് ചര്‍ച്ചയായത്. 

To advertise here,

ചിത്രത്തില്‍ സൗബിന്‍ അവതരിപ്പിച്ച സജി എന്ന കഥാപാത്രം സുഹൃത്തിന്റെ അപ്രതീക്ഷിത മരണത്തോടെ മനസ് കൈവിട്ട് പോകുന്ന വേളയില്‍ ഡോക്ടറെ കാണണമെന്ന് സഹോദരനോട് ആവശ്യപ്പെടുന്നുണ്ട്. ഡോക്ടറുടെ അടുത്തെത്തിയ സജി തന്റെ ഉള്ളിലുള്ള സങ്കടങ്ങളെല്ലാം കരഞ്ഞു തീര്‍ക്കുന്നുണ്ട്. ഡോക്ടര്‍ അവനെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കുന്നുമുണ്ട്. 

എന്നാല്‍ ഏറെ വൈകാരികമായ ഈ രംഗത്തിന് ആര്‍ത്തലച്ച് ചിരിക്കുകയായിരുന്നു ഓരോ പ്രേക്ഷകനും.മറ്റുള്ളവന്റെ വേദനയില്‍ നര്‍മം കാണുന്ന ഈ മനോഭാവത്തെ ചോദ്യം ചെയ്യുകയാണ് സംവിധാകന്‍ ജനിത് കാച്ചപ്പിള്ളി.ഇതിനെക്കുറിച്ച് ജനിത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് വലിയൊരു തിരിച്ചറിവാണ്.

ജനിത് പങ്കുവച്ച കുറിപ്പ്

ഈയൊരു രംഗം ഇപ്പോഴും ഒരു തമാശയായി കരുതുന്ന എത്ര പേരുണ്ട് എന്നറിയാമോ?

ഇന്ന് രാവിലെ കൂടി ഒരു സിനിമാ ഗ്രൂപ്പില്‍ ഇതേക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ അന്ന് തിയേറ്റര്‍ മുഴുവന്‍ ചിരിച്ചതിനെക്കുറിച്ചും, ചിലപ്പോ സംവിധായകനും അത് തന്നെയാവണം ഉദ്ദേശിച്ചത് എന്ന തരത്തിലും കണ്ടൂ. അവിടെ പറഞ്ഞത് തന്നെ ഇവിടെയും പറയണം എന്ന് തോന്നി.

അന്ന് ആരൊക്കെ ചിരിച്ചിട്ടുണ്ടോ അവര്‍ക്ക് മറ്റൊരാളുടെ യഥാര്‍ത്ഥ മനസ്സ് കാണാന്‍ കഴിയാത്ത കൊണ്ടാണ്. നമ്മള്‍ വളര്‍ന്ന ഒരു ചുറ്റുപാട് വെച്ച് സജിയെപ്പോലെ ഉളളവര്‍ കോമഡി പീസ് ആയി എളുപ്പം തെറ്റിദ്ധരിച്ച് പോകുന്നത് കൊണ്ടാണ്. ഞാന്‍ മഴയത്ത് നടക്കാന്‍ ആഗ്രഹിക്കുന്നത് ഞാന്‍ കരയുന്നത് ആരും കാണാതിരിക്കാനാണ് എന്ന് പറഞ്ഞ ചാര്‍ലി ചാപ്ലിന്റെ തമാശ മുഴുവന്‍ എന്തില്‍ നിന്ന് ഉണ്ടായതാണ് എന്ന് ഊഹിക്കാന്‍ പറ്റാത്ത കൊണ്ടാണ്.

സഹജീവിയെ അംഗീകരിച്ചില്ലെങ്കിലും ദയയോടെ ചിന്തിക്കാന്‍ പറ്റിയാല്‍, ജഡ്ജ് ചെയ്യും മുന്‍പ് ഞാന്‍ കാണുന്ന ആള്‍ തന്നെയാണോ അത് എന്ന് ഒന്ന് ചിന്തിക്കാന്‍ പറ്റിയാല്‍ സജിയെപ്പോലെ ഉള്ളവരുടെ കരച്ചില്‍ നമ്മളെയും ഉലയ്ക്കും. തിയേറ്ററില്‍ ഇരുന്ന്, എന്തിന് ഈ സ്‌ക്രീന്‍ഷോട്ട് കാണുമ്പോ പോലും സജിമാര് മനസുലയ്ക്കും.

ചുരുങ്ങിയ നാളുകളിലെ ജീവിതത്തില്‍തന്നെ അത്രമാത്രം കോംപ്ലക്‌സ് ആയ മനുഷ്യന്മാര്‍ കടന്ന് പോയിട്ടുള്ള കൊണ്ട്, കൗതുകത്തോടെ, പരാതിയോടെ, സഹാനുഭൂതിയോടെ, ദേഷ്യത്തോടെ, ഒക്കെ അവരെ നിരീക്ഷിച്ച, തിരിച്ചറിവ് വന്ന ശേഷം ഒരു നിവര്‍ത്തി ഉണ്ടെങ്കില്‍ അവരെയൊക്കെ മാറി നിന്ന് നോക്കി അനുകമ്പയോടെ അനുഗമിച്ചിട്ടുള്ള കൊണ്ട് പറയുകയാണ്. അങ്ങനെ മാറി നിന്ന് ദയയോടെ നോക്കാന്‍ പാകത്തിന് വളര്‍ന്നാല്‍ നിങ്ങളുടെ ജീവിത ആസ്വാദനം കൂടും. സിനിമയിലാണെങ്കില്‍ നിങ്ങള്‍ക്ക് കഥാപാത്രങ്ങള്‍ ഫീല്‍ ചെയ്യാന്‍ എളുപ്പമാകും. കാരണം ജീവിതം തന്നെയാണ് സിനിമ.

ഈ രംഗം തമാശയായി തോന്നിയ ആരെങ്കിലും ഇനിയും പരിചയത്തില്‍ ഉണ്ടെങ്കില്‍ തിരുത്തിക്കൊടുക്കൂ. കുമ്പളങ്ങി വരികള്‍ക്കിടയില്‍ നിന്ന് ഇനിയും വായിക്കാന്‍ കിട്ടുന്ന ദൃശ്യരചനയാണ് എന്നും. അതില്‍ മറ്റെല്ലാ കഥാപാത്രങ്ങളുടെ വൈകാരിക ആഴത്തേക്കാളും ആഴമുണ്ട് സജിയുടെ വൈകാരികതയ്ക്ക് എന്നും മനസിലാക്കിക്കൊടുക്കാന്‍ ശ്രമിക്കൂ. സജി ഒരു പ്രതിനിധിയാണ് എന്നും അത് കേവലം ഒരു സിനിമാ രംഗം മാത്രമല്ല. അതൊരു വലിയ മാനസികാരോഗ്യ പാഠം കൂടിയാണ് എന്നും കൂടി പറയൂ...

ജെനിത് കാച്ചപ്പിള്ളി

Content Highlights : Jenith kachappilly About Kumbalangi Nights Movie Scene Soubin Character Sushanth death