കൊച്ചി: അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്നാരോപിച്ച് നടന്‍ ജയന്‍ ചേര്‍ത്തലയ്‌ക്കെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ നോട്ടീസിന് മറുപടി നല്‍കാതിരുന്നതോടെയാണ് കേസുമായി മുന്നോട്ടുപോകുന്നത്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെയാണ് കേസ് ഫയല്‍ ചെയ്തത്.
സംഘടന പ്രതിസന്ധിയിലായപ്പോള്‍ അഭിനേതാക്കളുടെ സംഘടന സാമ്പത്തികമായി സഹായിച്ചുവെന്ന പരാമര്‍ശത്തിലാണ് നടപടി. സിനിമാസമരവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയായിരുന്നു ജയന്‍ ചേര്‍ത്തലയുടെ പരാമര്‍ശം. അഭിനേതാക്കള്‍ നിര്‍മിക്കുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് നിര്‍മാതാക്കളുടെ സംഘടനയുടെ വൈസ് പ്രസിഡന്റായ ജി. സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ജയന്‍ ചേര്‍ത്തല.
കഴിഞ്ഞ ഫെബ്രുവരി 14-നാണ് ജയന്‍ ചേര്‍ത്തല വാര്‍ത്താസമ്മേളനം നടത്തിയത്. വിവിധ ഷോകളിലൂടെ അമ്മ ഒരു കോടിയോളം രൂപ പ്രൊഡ്യൂസേഴ്സ് അസോയിയേഷന് നല്‍കിയെന്നും നിര്‍മാതാക്കളുടെ സംഘടനയെ പലകാലത്തും സഹായിച്ച അമ്മയിലെ അംഗങ്ങള്‍ക്കെതിരെ നിര്‍മാതാക്കള്‍ അമിതപ്രതിഫലം വാങ്ങിയെന്ന് ആരോപണമുന്നയിക്കുന്നത് ശരിയല്ലെന്നും ജയന്‍ ചേര്‍ത്തല വ്യക്തമാക്കിയിരുന്നു. എന്നാല്‍, അമ്മയും നിര്‍മാതാക്കളും നടത്തിയ ഷോ വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നുവെന്നും അതില്‍ വരുമാനം പങ്കിടാന്‍ കരാര്‍ ഉണ്ടായിരുന്നെന്നും അമ്മയുടെ സഹായമല്ല അതെന്നും നിര്‍മാതാക്കളുടെ സംഘടന വക്കീല്‍ നോട്ടീസില്‍ പറയുന്നു.
Content Highlights: Producers association defamatory case against Jayan Cherthala
Published: 20 Mar 2025, 09:55 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented