
സിനിമയുടെ പ്രൊമോഷനിൽ പങ്കെടുക്കാതിരുന്ന നടൻ ബിജു മേനോന് 15 ലക്ഷം പിഴയിട്ട സംഭവത്തിൽ സെൽഫ് ട്രോളുമായി നടൻ ജോജി ജോൺ. എബ്രിഡ് ഷൈൻ സംവിധാനംചെയ്യുന്ന 'സ്പാ' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിലായിരുന്നു നടന്റെ ട്രോൾ. 15 ലക്ഷം പിഴയിട്ടാൽ കൊടുക്കാൻ പണമില്ലാത്തതുകൊണ്ടാണ് താൻ വാർത്താസമ്മേളനത്തിന് വന്നതെന്നായിരുന്നു ജോജി പറഞ്ഞത്. എന്നാൽ, സംഭവം നിസ്സാരവത്കരിക്കേണ്ട കാര്യമല്ലെന്ന് പറഞ്ഞ് സംവിധായകൻ എബ്രിഡ് ഷൈൻ ജോജിയെ തിരുത്തി.
'സ്പാ'യുടെ പ്രസ് മീറ്റിൽ ബിജു മേനോനെതിരായ പരാതിയുമായി ബന്ധപ്പെടുത്തി ചോദ്യമുണ്ടായിരുന്നു. ഇതിനു മറുപടിയായാണ് ജോജി ട്രോളുമായെത്തിയത്.
'പ്രൊമോഷനുവേണ്ടി നിർമാതാവ് സജിമോൻ പാറയിൽ വിളിച്ചപ്പോൾ വരുന്നില്ല എന്നായിരുന്നു എന്റെ തീരുമാനം. കുറേ അഭിമുഖങ്ങളൊക്കെ കൊടുത്തു, ഇനി വേണ്ടെന്ന് തീരുമാനിച്ച് വീട്ടിലിരിക്കുകയായിരുന്നു. അപ്പോൾ എന്റെ ഭാര്യ രാവിലെ പറഞ്ഞു, നമുക്ക് പോകേണ്ടിയിരിക്കുന്നു. കാരണം, പോകാത്തതിന്റെ പേരിൽ നിർമാതാവ് 15 ലക്ഷം രൂപ പിഴയിട്ടാൽ നമ്മൾ എവിടെനിന്ന് എടുത്തുകൊടുക്കും. നമുക്ക് ആകെപ്പാടെ ഒരു മാരുതി ആൾട്ടോ കാറേയുള്ളൂ. അത് വിറ്റാൽ അത്രയും പണം കിട്ടത്തുമില്ല. പണമില്ലാത്തതിന്റെ പേരിൽ ഇവിടെ പ്രൊമോഷന് വന്ന ആളാണ് ഞാൻ.' എന്നായിരുന്നു ജോജിയുടെ വാക്കുകൾ.
പിന്നാലെ, എബ്രിഡ് ഷൈൻ തിരുത്തുമായെത്തി. 'അത് അത്ര നിസ്സാരവത്കരിച്ച് എടുക്കേണ്ട. സീരിയസായി പറഞ്ഞാലും അതിൽ തല്ലുകൊള്ളിത്തരമുണ്ട്. ബി. ഉണ്ണികൃഷ്ണൻ സാറിനെപ്പോലെ ഒരാൾ വളരേ സീരിയസായി ഒരുകാര്യം പറയുന്നു. നിർമാതാവ് അതുമായി ബന്ധപ്പെട്ട് ഒരു പരാതി പറയുന്നു. പരാതി പറയാനും ബി. ഉണ്ണികൃഷ്ണൻ സാർ അതിനെ മുഖവിലയ്‌ക്കെടുക്കാനും ഒരു കാരണമുണ്ടാവാം. ആ രണ്ടുഭാഗവും വന്നുകഴിഞ്ഞു. ഇനി ആരെക്കുറിച്ചാണോ പരാതി, ആ നടൻ മറുപടി പറയും. അദ്ദേഹമാണ് മറുപടി പറയേണ്ടത്, അതിന് ഉത്തരവാദികൾ നമ്മളല്ല.' എബ്രിഡ് ഷൈൻ പറഞ്ഞു.
'അവർ തമ്മിൽ നാളേയും ഒരുമിച്ച് സിനിമ ചെയ്യും. അനൂപ് കണ്ണനും ബിജു മേനോനും ബി. ഉണ്ണികൃഷ്ണനുമൊക്കെ സിനിമാ വ്യവസായത്തിനകത്തെ ആളുകളാണ്. പ്രശ്‌നങ്ങൾ ഉണ്ടാവുകയും ചർച്ച ചെയ്യുകയും അതിന് പരിഹാരം കണ്ടെത്തുകയും ചെയ്യും. അത് കഴിഞ്ഞ് ഒരുമിക്കും, വീണ്ടും സിനിമ ചെയ്യും. സിനിമയിൽ സ്ഥിരം ശത്രുക്കളില്ല. ഒരുദിവസം തർക്കിക്കുകയും വഴക്കിടുകയും ചെയ്യുന്ന ആളുകൾ നാളെ ഒരുമിച്ച് ജോലി ചെയ്യും. ചിലപ്പോൾ ഫോൺ ചെയ്താലോ സംസാരിച്ചാലോ ഒന്ന് കണ്ടാലോ തീരുന്ന പ്രശ്‌നങ്ങളേയുള്ളൂ. പക്ഷേ, എല്ലാവർക്കും അവരുടേതായ പ്രശ്‌നങ്ങളുണ്ട്. അത് പറയുകയും അത് പരിഹരിക്കപ്പെടുകയും ചെയ്യും', സംവിധായകൻ അഭിപ്രായപ്പെട്ടു.
'പരിഹാരമില്ലാത്ത ഒന്നുമില്ലല്ലോ ലോകത്ത്. ഇക്കാര്യത്തിലും പരിഹാരമുണ്ടാവും. അതിനെ നിസ്സാരവത്കരിച്ചു പറയേണ്ട കാര്യമില്ല. സീരിയസായ പ്രശ്‌നമാണ്, അതിനെ അവർ സീരിയസായി എടുക്കും. നമ്മൾ മറുപടി പറയേണ്ടതില്ല.' അദ്ദേഹം കൂട്ടിച്ചേർത്തു.
'നടന്ന സംഭവം' സിനിമയുടെ നിർമാതാവ് അനൂപ് കണ്ണന് സംഭവിച്ച നഷ്ടം നികത്താൻ ബിജു മേനോൻ 15 ലക്ഷം രൂപ നൽകണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. തുക നൽകിയില്ലെങ്കിൽ ബിജുവുമായി ഇനി സഹകരിക്കേണ്ടെന്നാണ് അസോസിയേഷന്റെ തീരുമാനം. ബിജു ഇപ്പോൾ അഭിനയിക്കുന്ന ലിസ്റ്റിൻ സ്റ്റീഫന്റെ ചിത്രത്തിലെ പ്രതിഫലത്തിൽനിന്ന് തുക നൽകണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി അസോസിയേഷൻ ബിജുവിന് കത്തു നൽകിയിട്ടുണ്ട്. സിനിമയുടെ പ്രമോഷനിൽ ബിജു മേനോൻ പങ്കെടുക്കാത്തതിനാൽ നിർമാതാവിന് 25 ലക്ഷം നഷ്ടമായെന്ന് കഴിഞ്ഞ ദിവസം ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ ആരോപിച്ചിരുന്നു.
Content Highlights: Actor Joji John self-trolls over Biju Menon`s Rs 15 Lakh fine for skipping promotions. Director Abrid Shine clarifies the serious nature of the issue
Published: 12 Feb 2026, 12:44 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented