സിബിഎഫ്സി ചെയര്പേഴ്സണ് ജനനായകന്റെ കാര്യത്തില് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും സെൻസർ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു

വിജയ് ചിത്രം ജനനായകന് 14 കട്ടുകൾ വേണമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി). ഹൈക്കോടതിയിലെ വാദത്തിനിടെയാണ് സെൻസർ ബോർഡ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് ഇടക്കാല നിർദേശം മാത്രമാണെന്നും അന്തിമ തീരുമാനമല്ലെന്നും ബോർഡ് കോടതിയെ അറിയിച്ചു.
അഡീഷണൽ സോളിസിറ്റർ ജനറൽ എആർഎൽ സുന്ദരേശനാണ് സെൻസർ ബോർഡിനുവേണ്ടി ഹാജരായത്. ജനനായകനായി 500 കോടി ചെലവഴിച്ചുവെന്ന നിർമാതാക്കളുടെ അവകാശവാദത്തെ അദ്ദേഹം ചോദ്യം ചെയ്തു. സിനിമറ്റോഗ്രാഫ് ആക്ടിലെ വകുപ്പുകൾ ഉദ്ധരിച്ചുകൊണ്ടാണ് സെൻസർ ബോർഡ് തങ്ങളുടെ വാദം കോടതിയിൽ ഉന്നയിച്ചത്. കൂടാതെ ചിത്രത്തിന്റെ റിലീസ് തിയ്യതി മുൻകൂട്ടി തീരുമാനിച്ചതിനേയും ബോർഡ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തു.
Also Read: 'സെൻസർ ബോർഡിനേയും ബിജെപി ആയുധമാക്കി'; വിജയ്‌യുടെ ജനനായകന് പരോക്ഷ പിന്തുണയുമായി എം.കെ. സ്റ്റാലിൻ
ജനനായകൻ റിവൈസിങ് കമ്മിറ്റിയിലേക്ക് അയക്കുമെന്ന് ജനുവരി ആറിന് നിർമാതാക്കളെ അറിയിച്ചുവെന്ന് ബോർഡ് കോടതിയിൽ ആവർത്തിച്ചു. സെൻസർ ബോർഡിന്റെ ചെന്നൈയിലെ പ്രാദേശിക ഓഫീസാണോ മുംബൈ ഓഫീസാണോ ഇക്കാര്യം നിർമാതാക്കളെ അറിയിച്ചതെന്ന് കോടതി ചോദിച്ചു. മുംബൈ ഓഫീസാണെന്ന് സെൻസർ ബോർഡിന്റെ അഭിഭാഷകൻ ഇതിന് മറുപടി നൽകി. സിബിഎഫ്‌സി ചെയർപേഴ്‌സൺ ജനനായകന്റെ കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
മദ്രാസ് ഹൈക്കോടതിയിലെ ആദ്യകേസിൽ മറുപടി നൽകാൻ സെൻസർ ബോർഡിന് സമയം അനുവദിച്ചില്ലെന്ന് പറഞ്ഞുകൊണ്ടാണ് അഡീഷണൽ സോളിസിറ്റർ ജനറൽ വാദം അവസാനിപ്പിച്ചത്. ഇതിനുശേഷം കോടതി ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു. ജനനായകന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷന്റെ വാദം ഉച്ചഭക്ഷണത്തിനുശേഷം നടക്കും.
ജനനായകന് യു/എ സർട്ടിഫിക്കറ്റ് നൽകാൻ നേരത്തേ മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധിച്ചിരുന്നു. പിന്നീട് ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്യുകയും റിലീസ് താത്കാലികമായി തടയുകയുമായിരുന്നു. പൊങ്കൽ അവധിക്ക് ശേഷമാണ് ചൊവ്വാഴ്ച കോടതി കേസിൽ വാദം കേൾക്കുന്നത്.
സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതോടെയാണ് ജനനായകൻ വിവാദത്തിന്റെ വെള്ളിത്തിരയിലെത്തുന്നത്. ഒരുമാസം മുമ്പ് തന്നെ സർട്ടിഫിക്കറ്റിനായി ചിത്രം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് (സിബിഎഫ്സി) മുമ്പാകെ സമർപ്പിച്ചിരുന്നു. എന്നാൽ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ ചിത്രത്തിൽ തിരുത്തലുകൾ വേണമെന്നാണ് ബോർഡ് നിർദേശിച്ചത്. ഇതോടെയാണ് നിർമാതാക്കൾ കോടതിയെ സമീപിച്ചത്.
Content Highlights: The CBFC informed the High Court that Vijay's movie Jananayagan requires 14 cuts for certification. The board also questioned the producers' claim of a ₹500 crore budget and the pre-fixed release date. Currently, the film's release remains stayed as the division bench continues the hearing.
Published: 20 Jan 2026, 03:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented