രാഷ്ട്രീയത്തിലിറങ്ങിയ വിജയ്‌യുടെ അവസാനചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ജനനായകൻ' പൊങ്കൽ ആഘോഷത്തോട് അനുബന്ധിച്ച് ജനുവരി ഒൻപതിന് തിയേറ്ററുകളിലെത്തും. തൊട്ടുപിറ്റേദിവസമാണ് ശിവകാർത്തികേയൻ നായകനാകുന്ന സുധ കൊങ്കര സംവിധാനം ചെയ്യുന്ന 'പരാശക്തി'യുടെ റിലീസ്. നേരത്തേ, ജനുവരി 14-ന് പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് നേരത്തേയാക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമയി എത്തിയിരിക്കുകയാണ് 'പരാശക്തി' നിർമാതാവ് ആകാശ് ഭാസ്‌കരൻ.

To advertise here,

'പരാശക്തി' വിതരണം ചെയ്യുന്നത് തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസ് ആണ്. വിജയ്‌ക്കെതിരായ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് 'പരാശക്തി', 'ജനനായകനു'മായി ക്ലാഷ് റിലീസ് വെച്ചതെന്ന് ആരോപണം ആരാധകർ ഉന്നയിക്കുന്നുണ്ട്. ഇതിനോട് പരോക്ഷമായി പ്രതികരിച്ച നിർമാതാവ്, ക്ലാഷ് റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമാണെന്നും അഭിപ്രായപ്പെട്ടു.

'പ്രധാന റിലീസുകൾക്കിടയിൽ ഒന്നോ രണ്ടോ ദിവസത്തെ ഇടവേള നൽകി പുറത്തിറക്കണമെന്ന് പല തിയേറ്റർ ഉടമകളും വിതരണക്കാരും നിർദ്ദേശിച്ചു. ഇതിലൂടെ 10 ദിവസത്തെ ഉത്സവ അവധി പൂർണ്ണമായി പ്രയോജനപ്പെടുത്താൻ കഴിയുമെന്നും അവർ അഭിപ്രായപ്പെട്ടു. അതിനാലാണ് റിലീസ് തീയതി മാറ്റേണ്ടി വന്നത്. നേരത്തേ, റിലീസ് ചെയ്താൽ ഷോ ടൈമുകൾ നന്നായി ക്രമീകരിക്കാനും രണ്ടു ചിത്രങ്ങൾക്കും തുല്യപ്രാധാന്യം നൽകാനും കഴിയുമെന്ന് അവർ അറിയിച്ചു'-നിർമാതാവ് ആകാശ് ഭാസ്‌കരൻ പറഞ്ഞു.

'ഇതൊരു അനാവശ്യ വിവാദമാണ്. സാധാരണയായി പൊങ്കൽ ഉത്സവ സമയത്ത് നിരവധി ചിത്രങ്ങൾ ഒരുമിച്ച് റിലീസ് ചെയ്യുന്നത് പതിവാണ്. 20 വർഷം മുൻപ് പത്തിൽ കൂടുതൽ സിനിമകൾ ഒരുമിച്ച് റിലീസ് ചെയ്തിരുന്നു. പിന്നീട് അത് അഞ്ചായും മൂന്നായും രണ്ടായും കുറഞ്ഞു. ഈ സമയത്ത് ഒരു സിനിമ മാത്രം റിലീസ് ചെയ്യുന്നത് വളരെ വിരളമാണ്. രണ്ടുസിനിമകൾ റിലീസ് ചെയ്യുന്നത് സാധാരണമാണ്. ഇതിനെ മത്സരബുദ്ധിയോടെ കാണാതെ ആരോഗ്യകരമായ ഒന്നായി ആളുകൾ കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'- അദ്ദേഹം കൂട്ടിച്ചേർത്തു.