തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നായകനാകുന്ന 'ജനനായകൻ' ചിത്രത്തിന് സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചതായി റിപ്പോർട്ട്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചിത്രം കണ്ടതായും രണ്ടുദിവസത്തിനകം സെൻസർ സർട്ടിഫിക്കറ്റ് നൽകുമെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'ദി ഹിന്ദു' റിപ്പോർട്ട് ചെയ്തു. വിജയ് മുഴുവൻ സമയ രാഷ്ട്രീയത്തിലിറങ്ങുന്നതിനു മുൻപ് അഭിനയിച്ച അവസാന ചിത്രമാണിത്.

To advertise here,

ചിത്രം കണ്ട സെൻസർ ബോർഡ്, ആവശ്യമായ തിരുത്തലുകളുടെ പട്ടിക നിർമാതാക്കൾക്ക് കൈമാറി. അതിനിടെ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ലഭിക്കാനാണ് സാധ്യത എന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ജൂലൈ അവസാനത്തോടെയോ ഓഗസ്റ്റ് ആദ്യവാരമോ ചിത്രം പ്രദർശനത്തിനെത്തിക്കാനാണ് നീക്കം.

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരിയിൽ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ചിത്രം സെൻസർ ബോർഡ് തടഞ്ഞുവെച്ചിരിക്കുകയായിരുന്നു.. സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ വരും ദിവസങ്ങളിൽ ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിക്കുമെന്നാണ് സൂചന.

അതിനിടെ തമിഴ്നാട്ടിൽ അധികാരത്തിലെത്തിയ വിജയ് സർക്കാർ, ചിത്രത്തിന്റെ നിർമാതാവ് വെങ്കട് കെ. നാരായണയെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു. ദിവസങ്ങൾക്ക് പിന്നാലെയാണ് ചിത്രത്തിന് പ്രദർശനാനുമതി ലഭിക്കുന്നത്.

എച്ച്. വിനോദ് സംവിധാനം ചെയ്ത് വെങ്കട് കെ. നാരായണ നിർമിക്കുന്ന 'ജനനായകൻ' പൊളിറ്റിക്കൽ ത്രില്ലറാണെന്നാണ് സൂചന. പൂജ ഹെഗ്ഡെ നായികയാകുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജി.വി. പ്രകാശ് കുമാറാണ്. ബോബി ഡിയോൾ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, പ്രിയ ഭവാനി ശങ്കർ, അജ്മൽ അമീർ, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.