സൂപ്പർതാരം രജനീകാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന 'ജയിലർ 2' റിലീസ് തീയതി പുറത്തുവിട്ടു. വ്യാഴാഴ്ച ചിത്രത്തിന്റെ പ്രൊമോ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. ഒക്ടോബർ 15-ന് ചിത്രം തിയേറ്ററുകളിൽ എത്തും. 2023-ൽ തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ച 'ജയിലർ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.

To advertise here,

ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ വർധിപ്പിക്കുന്നതാണ് പ്രൊമോ. അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ആവേശം ജനിപ്പിക്കുന്ന തീം മ്യൂസിക്കിന്റെ പശ്ചാത്തലത്തിൽ, നടന്നുനീങ്ങുന്ന രജനീകാന്തിനെ പ്രൊമോയിൽ കാണാം.

മലയാളി താരങ്ങളായ ഹക്കിം ഷാ, കോട്ടയം നസീർ, മിർണ, സുജിത് ശങ്കർ, സുനിൽ സുഗദ എന്നിവരെ പ്രൊമോയിൽ കാണാം. വില്ലൻ വേഷത്തിലെത്തുന്ന സുരാജിന്റെ കണ്ണുകളുടെ ദൃശ്യം ടീസറിൽ വന്നുപോകുന്നു. ആദ്യഭാഗത്തിലുണ്ടായിരുന്ന വിനായകനിലാണ് പ്രൊമോ ആരംഭിക്കുന്നത്.

അതേസമയം, സിനിമയുടെ കഥയെക്കുറിച്ചുള്ള സൂചനകളോ ചിത്രത്തിലെ രജനീകാന്തിന്റെ ലുക്കോ പ്രൊമോ വീഡിയോയിൽ വെളിപ്പെടുത്തിയിട്ടില്ല. സൺ പിക്‌ചേഴ്‌സ് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിജയ് കാർത്തിക് കണ്ണനും ചിത്രസംയോജനം ആർ. നിർമലുമാണ് നിർവഹിക്കുന്നത്.

നെൽസണും രജനീകാന്തും ആദ്യമായി ഒന്നിച്ച 'ജയിലർ' 2023 ഓഗസ്റ്റ് 10-നായിരുന്നു റിലീസ് ചെയ്തത്. ശിവരാജ്കുമാർ, മോഹൻലാൽ എന്നിവരുടെ അതിഥി വേഷങ്ങൾ കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമായി മാറിയിരുന്നു.

ശക്തമായ വില്ലൻ കഥാപാത്രത്തെയാണ് വിനായകൻ ചിത്രത്തിൽ അവതരിപ്പിച്ചത്. രമ്യാ കൃഷ്ണൻ, തമന്ന, വസന്ത് രവി, യോഗി ബാബു, മിർണ മേനോൻ, സുനിൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ മോഹൻലാൽ, ശിവരാജ്കുമാർ എന്നിവർക്ക് പുറമെ ജാക്കി ഷ്രോഫ്, കിഷോർ, മകരന്ദ് ദേശ്പാണ്ഡെ എന്നിവരും അതിഥി വേഷങ്ങളിൽ എത്തിയിരുന്നു.

അതേസമയം, കമൽ ഹാസനുമായി ഒന്നിക്കുന്ന 'ധർമൻ' ആണ് രജനീകാന്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ചിത്രം കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ ആണ് നിർമിക്കുന്നത്.