പ്രതിസന്ധി പരിഹരിക്കപ്പെടാത്ത സാഹചര്യത്തിൽ പുതിയ ചിത്രങ്ങളുടെ റിലീസ് തടയുന്നതിനൊപ്പം സിനിമകളുടെ ചിത്രീകരണവും പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളും പൂർണ്ണമായി നിർത്തിവെക്കാനും നിർമാതാക്കളുടെ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.

തമിഴ് സിനിമാ ലോകത്തെ വൻ പ്രതിസന്ധിയിലാക്കിക്കൊണ്ട് സെപ്റ്റംബർ ഒന്നു മുതൽ പുതിയ തമിഴ് സിനിമകളൊന്നും തിയേറ്ററുകളിൽ റിലീസ് ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് നിർമാതാക്കളുടെ സംഘടനകൾ. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലും (TFPC), തമിഴ്നാട് ആക്റ്റീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സംയുക്തമായാണ് ഈ നിർണായക തീരുമാനം കൈക്കൊണ്ടത്. തിയേറ്റർ ഉടമകളും വിതരണക്കാരും മുന്നോട്ടുവെച്ച ചില പുതിയ നിബന്ധനകളാണ് തമിഴ് സിനിമാ മേഖലയെ കടുത്ത റിലീസ് പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്.
തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന സിനിമകൾ എട്ടാഴ്ചകൾക്ക് ശേഷമേ OTT പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യാവൂ എന്ന നിബന്ധന തമിഴ്നാട് തിയേറ്റർ ഓണേഴ്സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും മുന്നോട്ടുവെച്ചിരുന്നു. ഇത് സംബന്ധിച്ച് നിർമാതാക്കൾ രേഖാമൂലം കരാർ ഒപ്പിടണമെന്നും, പുതിയ സിനിമകൾക്ക് മുൻകൂർ പണം നൽകില്ലെന്നും അവർ പ്രഖ്യാപിച്ചു. എന്നാൽ, നിർമാതാക്കളുടെ സംഘടനകളുമായി യാതൊരുവിധ ചർച്ചകളും നടത്താതെ തിയേറ്റർ ഉടമകളും വിതരണക്കാരും ഏകപക്ഷീയമായി എടുത്ത ഈ തീരുമാനങ്ങൾ തങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ലെന്നാണ് നിർമാതാക്കൾ വ്യക്തമാക്കുന്നത്.
പ്രതിസന്ധി പരിഹരിക്കപ്പെടാത്ത സാഹചര്യത്തിൽ പുതിയ ചിത്രങ്ങളുടെ റിലീസ് തടയുന്നതിനൊപ്പം സിനിമകളുടെ ചിത്രീകരണവും പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളും പൂർണ്ണമായി നിർത്തിവെക്കാനും നിർമാതാക്കളുടെ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാർഗ്ഗത്തെ സമരം ഗുരുതരമായി ബാധിക്കുമെന്നതിനാൽ, പ്രശ്നത്തിൽ തമിഴ്നാട് സർക്കാർ ഇടപെട്ട് അടിയന്തര പരിഹാരം കാണണമെന്ന് സംഘടനകൾ സംയുക്തമായി അഭ്യർത്ഥിച്ചു.
ഈ പുതിയ തീരുമാനത്തോടെ സെപ്റ്റംബർ ആദ്യ പകുതിയിൽ റിലീസ് ചെയ്യാനിരുന്ന നിരവധി പ്രധാന ചിത്രങ്ങളുടെ റിലീസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കാർത്തി നായകനാകുന്ന 'സർദാർ 2' സെപ്റ്റംബർ 10-നാണ് റിലീസ് നിശ്ചയിച്ചിരുന്നത്. ജി.വി. പ്രകാശ് കുമാറിന്റെ 'ഇമ്മോർട്ടൽ', സൂരി നായകനാകുന്ന 'മന്ദാടി', അരുൾനിധി നായകനാകുന്ന 'ഡിമോണ്ടെ കോളനി 3' തുടങ്ങിയ ചിത്രങ്ങളെല്ലാം റിലീസ് പ്രതിസന്ധിയിലാകുന്നതിൽ ഉൾപ്പെടുന്നു.
തർക്കം നീണ്ടുപോവുകയാണെങ്കിൽ 2026-ന്റെ രണ്ടാം പകുതിയിൽ റിലീസ് ചെയ്യാൻ നിശ്ചയിച്ചിട്ടുള്ള വലിയ ബജറ്റ് ചിത്രങ്ങളെയും ഇത് ദോഷകരമായി ബാധിച്ചേക്കാം. രജനികാന്തിന്റെ 'ജയിലർ 2', ധനുഷിന്റെ 'ഓം', വിജയ് സേതുപതിയുടെ 'ബത്ത', ജെയ്സൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന 'സിഗ്മ' തുടങ്ങിയ ബിഗ് ബജറ്റ് തമിഴ് ചിത്രങ്ങളുടെ റിലീസ് തീയതികളെയും ഈ പ്രതിസന്ധി ബാധിക്കുമെന്നാണ് ആശങ്കപ്പെടുന്നത്.
Content Highlights: The Tamil Film Producers Council and Active Producers Association have announced a complete halt on new movie releases and film shoots starting September 1, following a dispute over theatre owners' unilateral decision demanding a mandatory 8-week OTT window.
Published: 23 Aug 2026, 03:23 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented