ഓസ്‌കര്‍ ദാനചടങ്ങില്‍ അവതാരകന്‍ ക്രിസ് റോക്കിനെ വില്‍ വില്‍ സ്മിത്ത് തല്ലിയ സംഭവത്തില്‍ പ്രതികരിച്ച് ജെയ്ഡ സ്മിത്ത്. ജെയ്ഡയുടെ തലമുടിയെക്കുറിച്ചുള്ള പരാമര്‍ശമാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. വേദിയിലേക്ക് നടന്നു ചെന്ന് വില്‍ സ്മിത്ത് ക്രിസിനെ മര്‍ദ്ദിക്കുകയായിരുന്നു.

To advertise here,

വില്‍ സ്മിത്തിന്റെ പ്രവര്‍ത്തി പരിധികടന്നുവെന്ന് ജെയ്ഡ പറഞ്ഞതായി യു.എസ് വീക്കിലി റിപ്പോര്‍ട്ട് ചെയ്തു. നടിയോടടുത്ത വൃത്തങ്ങളാണ് ഇത് സംബന്ധിച്ച് മാധ്യമത്തോട് സംസാരിച്ചത്.

വില്‍ സ്മിത്ത് അങ്ങനെ ചെയ്തിരുന്നില്ലായിരുന്നുവെങ്കിലെന്ന് ജെയ്ഡ ആഗ്രഹിക്കുന്നു. സംരക്ഷണം ആവശ്യമുള്ള സ്ത്രീയല്ല ജെയ്ഡ. വളരെ ശക്തയാണ്. ജെയ്ഡയ്ക്ക് നേരേ വരുന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കാന്‍ അവര്‍ക്ക് അറിയാം. ഇനിയെന്ത് തന്നെ സംഭവിച്ചാലും വില്‍ സ്മിത്തിനൊപ്പം തന്നെ നില്‍ക്കുമെന്ന് ജെയ്ഡ പറഞ്ഞതായും താരത്തോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

ജെയ്ഡ വര്‍ഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി കൊഴിഞ്ഞു പോവുന്ന അവസ്ഥയാണിത്. നടിയും അവതാരകയും സാമൂഹ്യപ്രവര്‍ത്തകയുമാണ് ജെയ്ഡ സ്മിത്ത്. മികച്ച ഡോക്യുമെന്റിയ്ക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് അതേക്കുറിച്ച് തമാശ പറഞ്ഞു.

1997 ലെ ജി. ഐ ജെയിന്‍ എന്ന ചിത്രത്തില്‍ ഡെമി മൂര്‍ തലമൊട്ടയടിച്ചാണ് അഭിനയിച്ചത്. ജി.ഐ ജെയിന്‍ 2 ല്‍ ജെയ്ഡയെ കാണാമെന്ന് ക്രിസ് റോക്ക് പറഞ്ഞു.  എന്നാല്‍ റോക്കിന്റെ തമാശ വില്‍ സ്മിത്തിന് രസിച്ചില്ല. അദ്ദേഹം വേദിയിലേക്ക് കയറിവന്ന് റോക്കിന്റെ മുഖത്ത് ശക്തിയായി അടിച്ചു. പിന്നീട് 'എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോകരുതെ'ന്ന് ശക്തമായി താക്കീത് ചെയ്യുകയും ചെയ്തു.

സംഭവത്തില്‍ അക്കാദമിയോടും ക്രിസ് റോക്കിനോടും വില്‍ സ്മിത്ത് മാപ്പ് പറഞ്ഞു. അക്കാദമിയില്‍ നിന്ന് രാജി വയ്ക്കുകയും ചെയ്തു. വില്‍ സ്മിത്തുമായുള്ള പ്രൊജക്ടുകളില്‍ നിന്ന് പാരാമൗണ്ട് അടക്കമുള്ള ഏതാനും നിര്‍മാണ കമ്പനികള്‍ പിന്‍മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്.