
സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന 'ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ' ആഗോള റിലീസ് സെപ്റ്റംബർ 18-ന്. ഡോ. പോൾസ് എന്റർടെയ്ൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോ. പോൾ വർഗീസ്, സുജിത് ജെ. നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീൻ സാന്ദ്രയാണ്. അടുത്തിടെ ചിത്രത്തിന്റെ ആദ്യടീസർ, ആദ്യഗാനം എന്നിവ പുറത്തുവരികയും മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. 'കാതങ്ങൾ ദൂരെ' എന്ന വരികളോടെ ആരംഭിക്കുന്ന ചിത്രത്തിലെ ഗാനത്തിന് സംഗീതം പകർന്നത് മുജീബ് മജീദ് ആണ്.
കോമയിൽനിന്ന് ഉണർന്നെഴുന്നേൽക്കുന്ന സംഗീത് പ്രതാപിന്റെ കഥാപാത്രത്തിന് സൂപ്പർഹിയറിങ് എന്ന ശക്തി കിട്ടുന്നത് ആണ് ചിത്രത്തിന്റെ കഥാതന്തു എന്നാണ് ടീസർ നൽകുന്ന സൂചന. അസാധാരണമായ കേൾവി ശക്തി ഒരു സാധാരണക്കാരന് ലഭിക്കുന്നതോടെ സംഭവിക്കുന്ന കാര്യങ്ങളാണ് അതീവ രസകരമായും ആവേശകരമായും ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
ഉയർന്ന നിലവാരത്തിലുള്ള സാങ്കേതിക പൂർണ്ണതയോടെ ഒരുക്കിയ ചിത്രം, ശബ്ദ മിശ്രണത്തിലും സൗണ്ട് ഡിസൈനിലുമെല്ലാം പുതിയൊരു ബെഞ്ച്മാർക്ക് സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശബ്ദത്തിന്റെ ഗംഭീരമായ ഉപയോഗത്തിന് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ടീസറും അതേ സൂചനയാണ് നൽകുന്നത്.
ഏറെ കൗതുകമുണർത്തുന്നതും വ്യത്യസ്തവുമായ ലുക്കിലാണ് ഷറഫുദീൻ, സംഗീത് പ്രതാപ് എന്നിവർ ചിത്രത്തിലെത്തുന്നത് എന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെ കാണിച്ചു തന്നിരുന്നു. കഥാപശ്ചാത്തലം, കഥാപാത്രങ്ങൾ എന്നിവയെ കുറിച്ച് പ്രേക്ഷകരിൽ വലിയ ആകാംഷയും കൗതുകവും ആണ് ടീസറും പോസ്റ്ററുകളും നൽകുന്നത്.
ചിത്രത്തിന്റെ മ്യൂസിക് അവകാശം പ്രമുഖ സംഗീത- ഓഡിയോ ലേബൽ ആയ തിങ്ക് മ്യൂസിക് ആണ് സ്വന്തമാക്കിയത്. നേരത്തെ ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം ദി പ്ലോട്ട് പിക്‌ചേഴ്‌സ് സ്വന്തമാക്കിയിരുന്നു.
സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കൂടാതെ, കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ. കൃഷ്ണ തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്.
ഛായാഗ്രഹണം: അഖിൽ സേവ്യർ, എഡിറ്റർ: രാകേഷ് ചെറുമഠം, സംഗീതം: മുജീബ് മജീദ്, സൗണ്ട് ഡിസൈൻ: നിക്‌സൺ ജോർജ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, വസ്ത്രങ്ങൾ: ആരതി ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ: മനോജ് പൂങ്കുന്നം, കലാസംവിധാനം: അപ്പുണ്ണി സാജൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: വിഷ്ണു ദേവ്, അജിത് ജോസ്, വി.എഫ്.എക്‌സ്: പ്രൊമൈസ് വി.എഫ്.എക്‌സ്, മാർജ്ജാര വി.എഫ്.എക്‌സ്, അസോസിയേറ്റ് ഡയറക്ടർ: മുബീൻ റാഫി, പ്രൊജക്ട് ഡിസൈനർ: അമൃത മോഹൻ, അസോസിയേറ്റ് ക്യാമറാമാൻ: വിശോക് കളത്തിൽ, ഫിനാൻസ് കൺട്രോളർ: ബിബിൻ സേവ്യർ, സ്റ്റിൽസ്: സിനറ്റ് സേവ്യർ, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്: ആൽബിൻ ഷാജി, ഷഫീഖ്, ഡിസൈൻസ്: യെല്ലോ ടൂത്ത്‌സ്, ഡിസ്ട്രിബൂഷൻ: ഡ്രീം ബിഗ് ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്‌ക്യൂറ, പി.ആർ.ഒ: ശബരി.
Content Highlights: Its A Medical Miracle is scheduled for a global release on September 18. The movie stars Sangeeth Prathap and Sharafudheen in lead roles. The story and screenplay are written by actress Nileen Sandra and directed by Shyamin Gireesh. The plot revolves around a man who gains super-hearing abilities after waking up from a coma.
Published: 30 Aug 2026, 10:07 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented