തട്ടത്തിൻ മറയത്ത് എന്ന വിനീത് ശ്രീനിവാസൻ-നിവിൻ പോളി ടീം ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കുള്ളിൽ ഇടംനേടിയ നടിയാണ് ഇഷാ തൽവാർ. ചിത്രത്തിലെ ആയിഷ എന്ന കഥാപാത്രത്തെ ഏറെ മനോഹരമാക്കി അവർ. ​ഗുജറാത്ത് അഹമ്മ​ദാബാദിലെ കോൾഡ് പ്ലേ കൺസർട്ടിനെത്തിയ ഇഷയുടെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. രൂക്ഷമായ പരിഹാസവും സൈബർ ആക്രമണവുമാണ് വിവിധ സാമൂഹിക മാധ്യമങ്ങളിൽ ഇഷ നേരിട്ടുകൊണ്ടിരിക്കുന്നത്.

To advertise here,

മുംബൈയിലെ കോൾഡ്പ്ലേയുടെ ഷോ കണ്ടതിനു ശേഷമാണ് ഇഷ അഹമ്മദാബാദിലെത്തിയത്.  സംഗീത പരിപാടി കാണാനെത്തിയ താരം ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന വീഡിയോ ആണ് ചർച്ചയായിരിക്കുന്നത്. ആവേശത്തിൽ ഉച്ചത്തിൽ ചിരിച്ചു സംസാരിക്കുന്ന നടിയെയാണ് വിഡിയോയിൽ കാണാനാവുക. കോൾഡ്പ്ലേയുടെ സംഗീതവിരുന്ന് ലൈവായി ആസ്വദിക്കാൻ കഴിയുന്നതിന്റെ ആവേശത്തിലായിരുന്നു താരം. 

"ഏറെ ആവേശഭരിതയാണ് ഞാൻ. ബോംബെയിൽനിന്നാണ് വരുന്നത്. രണ്ടാം തവണയാണ് കോൾഡ് പ്ലേയുടെ സം​ഗീത പരിപാടിക്കെത്തുന്നത്. മുംബൈയിലേക്കാൾ ​ഗംഭീരമായിരിക്കും ​ഗുജറാത്തിലെ ഷോ എന്നാണ് കരുതുന്നത്. ക്രിസ് മാർട്ടിനെയാണ് ഏറ്റവും ഇഷ്ടം. ​ഗ്രീൻ ഐസ് എന്ന ​ഗാനമാണ് എനിക്ക് പ്രിയം." ഇഷാ തൽവാറിന്റെ വാക്കുകൾ.

അതേസമയം ഇഷയ്ക്കെതിരെ വ്യാപക സൈബർ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇഷ ലഹരിയിലാണോ സംസാരിക്കുന്നതെന്നാണ് പലരുടേയും പരിഹാസം.  ഞങ്ങളുടെ ആയിഷയ്ക്ക് എന്താണ് പറ്റിയത്. ആയിഷയ്ക്ക് ചുറ്റുമുള്ളതൊന്നും കാണാൻ പറ്റുന്നില്ലേ എന്നെല്ലാമാണ് കമന്റുകൾ. മിർസാപുർ എന്ന വെബ് സീരീസിലെ മാധുരിക്ക് എന്തുപറ്റിയെന്ന് ചോദിക്കുന്നവരുണ്ട്.

തട്ടത്തിൻ മറയത്തിനുശേഷം ബാല്യകാല സഖി, ഐ ലൗ മീ, രണം, തീർപ്പ് എന്നീ മലയാളചിത്രങ്ങളിൽ ഇഷ വേഷമിട്ടിട്ടുണ്ട്. മോഡലിങ്ങിലും പരസ്യചിത്രങ്ങളിലും സജീവമാണ് താരം.