കമല്‍ഹാസനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ 2 ജൂലൈ 12 നാണ് റിലീസ് ചെയ്തത്. 200 കോടിയോളം മുതല്‍ മുടക്കിലൊരുക്കിയ ചിത്രത്തിന് ബോക്സ് ഓഫീസില്‍ 148 കോടിയോളം മാത്രമാണ് നേടാനായത്. 28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമായാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.  

To advertise here,

തിയേറ്ററുകളില്‍ തിരസ്‌കരിക്കപ്പെട്ടതോടെ ഇന്ത്യന്‍ 2 കഴിഞ്ഞ ദിവസം ഒടിടി റിലീസിനെത്തിയിരുന്നു. തൊട്ടുപിന്നാലെ സിനിമെ കളിയാക്കി കൊണ്ടുള്ള പോസ്റ്റുകള്‍ കൊണ്ട് സാമൂഹിക മാധ്യമങ്ങള്‍ നിറയുകയാണ്. യുക്തിയില്ലാത്ത രംഗങ്ങള്‍ നിറച്ച് സിനിമയെ നശിപ്പിച്ചുവെന്നാണ് ആക്ഷേപം. കമല്‍ ഹാസന്റെ കഥാപാത്രത്തിന് പുറമേ സിദ്ധാര്‍ഥ്, പ്രിയാ ഭവാനിശങ്കര്‍ എന്നിവരുടെ കഥാപാത്രങ്ങളെയും കടുത്ത വിമര്‍ശനം ഏറ്റുവാങ്ങുകയാണ്. വൈദ്യശാസ്ത്രത്തിന്റെയും ഫിസിക്‌സിന്റെയും സാമാന്യ യുക്തിയെ ചോദ്യം ചെയ്യുന്ന രംഗങ്ങളാണ് സിനിമയിലുടനീളമെന്ന് വിമര്‍ശകര്‍ പറയുന്നു. വി.എഫ്.എക്‌സിനും നിലവാരമില്ലെന്നും അഭിപ്രായമുയരുന്നുണ്ട്. അതേ സമയം ഒരു കൊമേഴ്ഷ്യല്‍ സിനിമയില്‍ യുക്തി തിരയരുതെന്നും സിനിമയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. 

ഇന്ത്യന്‍ 3 യില്‍ പ്രതീക്ഷയുണ്ടെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യന്‍ 2 വിന്റെ അവസാന ഭാഗത്ത് ഇന്ത്യന്‍ 3 യിലെ ഏതാനും രംഗങ്ങള്‍ കാണിക്കുന്നുണ്ട്. 2025 ല്‍ ചിത്രം പ്രദര്‍ശത്തിനെത്തും. 

ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനും റെഡ് ജെയന്റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. എസ്.ജെ. സൂര്യ,  രാകുല്‍ പ്രീത് സിംഗ്, ബോബി സിംഹ എന്നിവര്‍ക്കൊപ്പം നെടുമുടി വേണു, വിവേക് എന്നിവരും താരനിരയിലുണ്ട്. ഇരുവരുടേയും മരണശേഷം പുറത്തിറങ്ങുന്ന ചിത്രം എന്ന രീതിയില്‍ ഇന്ത്യന്‍ 2 വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.  ബി. ജയമോഹന്‍, കബിലന്‍ വൈരമുത്തു, ലക്ഷ്മി ശരവണ കുമാര്‍ തുടങ്ങിയ എഴുത്തുകാരുമായി ചേര്‍ന്നാണ് സംവിധായകന്‍ ശങ്കര്‍ 'ഇന്ത്യന്‍ 2'വിന്റെ തിരക്കഥ തയ്യാറാക്കിയത്. കഥ സംവിധായകന്റേത് തന്നെയാണ്. 

1996-ലെ ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ത്ത് ബ്ലോക്ക്ബസ്റ്ററടിച്ച ചിത്രമാണ് 'ഇന്ത്യന്‍'. അതുകൊണ്ടു തന്നെ ഇന്ത്യന്‍ രണ്ടാംഭാഗം വരുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമായിരുന്നു. 1996 മേയ് 9നാണ് 'ഇന്ത്യന്‍' റിലീസ് ചെയ്തത്. അഴിമതിക്കെതിരെ പോരാടുന്ന സ്വാതന്ത്രസമര സേനാനിയായ സേനാപതിയെന്ന വൃദ്ധന്റെ റോളിലാണ് കമല്‍ഹാസന്‍ 'ഇന്ത്യനി'ല്‍ പ്രത്യക്ഷപ്പെട്ടത്.