വൻ മുതൽമുടക്കിൽ ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു കമൽഹാസനെ നായകനാക്കി ഷങ്കർ സംവിധാനംചെയ്ത ഇന്ത്യൻ 2. എന്നാൽ തിയേറ്ററുകളിൽ കാലിടറി വീഴാനായിരുന്നു ക്ലാസിക് ചിത്രത്തിന്റെ രണ്ടാം ഭാ​ഗമായെത്തിയ സിനിമയുടെവിധി. തിയേറ്ററുകളിൽ തിരസ്കരിക്കപ്പെട്ടതോടെ ഇന്ത്യൻ 2-ന്റെ ഒ.ടി.ടി റിലീസും പ്രതിസന്ധിയിലായിരിക്കുകയാണ്.

To advertise here,

റിലീസിനുമുമ്പേതന്നെ ഒ.ടി.ടി വിതരണാവകാശം വിറ്റുപോയ ചിത്രമാണ് ഇന്ത്യൻ 2 എന്നതാണ് ഏറെ ശ്രദ്ധേയം. നെറ്റ്ഫ്ളിക്സ് ആയിരുന്നു ഇന്ത്യൻ 2-ന്റെ ഒ.ടി.ടി അവകാശം വാങ്ങിയത്. എന്നാലിപ്പോൾ ചിത്രം തിയേറ്ററുകളിൽ പരാജയപ്പെട്ടതോടെ ഒരു പുനർവിചിന്തനത്തിന് നെറ്റ്ഫ്ളിക്സ് ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ട്. 250 കോടിയോളമാണ് ഇന്ത്യൻ 2-ന്റെ ആകെ മുടക്കുമുതൽ. ഇന്ത്യയിൽനിന്ന് ഏകദേശം 81 കോടി മാത്രമാണ് ചിത്രത്തിന് നേടാനായത്. ആ​ഗോള കളക്ഷനാകട്ടെ ഏതാണ്ട് 147 കോടിയും. 

ആദ്യദിവസത്തിന് ശേഷം തുടർച്ചയായി മോശം അഭിപ്രായം വന്നതിനുശേഷം ചിത്രത്തിന്റെ ഏതാനും ഭാ​ഗങ്ങൾ അണിയറപ്രവർത്തകർ നീക്കംചെയ്തിരുന്നു. ട്രാക്ക് ടോളിവുഡിൻ്റെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യൻ 2 ൻ്റെ സ്ട്രീമിംഗ് അവകാശം 120 കോടിക്കാണ് റിലീസിന് മുന്‍പ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്. തിയേറ്റർ റിലീസിന് മുമ്പ് തുകയും നൽകി. ഇപ്പോൾ ചിത്രം ബോക്സോഫീസില്‍ വന്‍ പരാജയമായപ്പോള്‍ നെറ്റ്ഫ്ലിക്സ് ഈ ഇടപാടിൽ അതൃപ്തി പ്രകടിപ്പിച്ചുവെന്നും പകുതി പണം തിരിച്ചുതരാന്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടുവെന്നുമാണ് വിവരം. 

ഈയിടെയായി ബോക്‌സോഫീസിലെ സിനിമകളുടെ പ്രകടനത്തിന് ശേഷമാണ് ഒടിടി പ്ലാറ്റ്‌ഫോമുകൾ അന്തിമ ഡീൽ തുക തീരുമാനിക്കുന്നത്. അതിനാൽ, ഇന്ത്യൻ 2 ൻ്റെ കാര്യത്തിൽ നെറ്റ്ഫ്ലിക്സും നിർമ്മാതാക്കളും തമ്മിൽ ചർച്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവരെ ഇന്ത്യന്‍ 2 ഒടിടി പ്രീമിയര്‍ നീണ്ടേക്കും എന്നാണ് സൂചന.