മുംബൈ: ഇമ്രാൻ ഖാൻ ജോലിയില്ലാത്ത നടനാണെന്നും രാഷ്ട്രീയം അറിയില്ലെന്നും നടി പായൽ റോത്തഗി. യു.എസ്. പൗരനായ അദ്ദേഹം ഇത്തരം മണ്ടത്തരങ്ങൾ ചെയ്യാൻ പാടില്ലായിരുന്നെന്നും ജോലിയില്ലാത്ത നടന്മാർ പ്രതിഷേധങ്ങൾക്ക് പോകുന്നത് പ്രശസ്തിക്കും മാധ്യമശ്രദ്ധയ്ക്കും വേണ്ടിയാണെന്നും അവർ കൂട്ടിച്ചേർത്തു.

To advertise here,

ഒക്ടോബർ 10-ന് ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് കോക്രോച് ജനതാ പാർട്ടി (സി.ജെ.പി.) ആഹ്വാനം ചെയ്ത പ്രതിഷേധത്തിലാണ് ഇമ്രാൻ ഖാൻ പങ്കെടുത്തത്. ഇമ്രാൻ ഖാനൊപ്പം പങ്കാളി ലേഖാ വാഷിങ്ടൺ, ബന്ധു സെയ്ൻ മേരി ഖാൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. പിന്നാലെ, ഇന്ത്യ വിടണമെന്ന് ഉത്തരവിട്ട് വിദേശകാര്യ രജിസ്‌ട്രേഷൻ ഓഫീസ് ഇമ്രാൻ ഖാന് നോട്ടീസ് അയച്ചു. അമേരിക്കൻ പൗരനും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡുടമയുമായ നടനോട് ഒക്ടോബർ 28-നകം രാജ്യം വിടാനാണ് അധികൃതർ നിർദേശിച്ചിരുന്നത്.

അമേരിക്കൻ പൗരനായ ഇമ്രാൻ ഖാൻ പ്രതിഷേധത്തിൽ പങ്കെടുത്തത് ചട്ടലംഘനമാണെന്ന് ആരോപിച്ച് ബി.ജെ.പി. നേതാവ് കിരിത് സോമയ്യ പോലീസിൽ പരാതി നൽകിയതിന് പിന്നാലെയായിരുന്നു നടപടി.ഒ.സി.ഐ. കാർഡ് കൈവശമുണ്ടെങ്കിലും വിദേശ പൗരർക്ക് പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ അനുമതിയില്ലെന്നാണ് അധികൃതരുടെ നിലപാട്.

ഇതിനെതിരേ ബോംബെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് നടൻ. ഉത്തരവിനെ ചോദ്യംചെയ്ത് അഭിഭാഷകൻ സുൽഫിഖർ മേമൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കും.