ബോളിവുഡിലെ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് താരം അഭിപ്രായം പ്രകടിപ്പിച്ചത്.

ബോളിവുഡിലെ സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ എന്നിവർ തങ്ങളുടെ പ്രായത്തിന് അനുയോജ്യമായ വേഷങ്ങളിലേക്ക് മാറേണ്ട സമയമായെന്ന് നടൻ ഇമ്രാൻ ഖാൻ. ബോളിവുഡിലെ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് താരം അഭിപ്രായം പ്രകടിപ്പിച്ചത്.
എൻ്റർടൈൻമെൻ്റ് ചാനലായ ഷോഷായ്ക്ക് നൽകിയ അഭിമുഖത്തിൽ ഖാൻത്രയങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇമ്രാൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
‘നായകൻ എന്ന നിലയിൽ നടന്മാർക്ക് ഒരു നിശ്ചിത പ്രായപരിധിയുണ്ട്. ഖാൻമാർ മൂവരും ഇപ്പോൾ 60-കളിൽ എത്തിനിൽക്കുകയാണ്. കഴിഞ്ഞ 30 വർഷമായി അവർ കൈയാളുന്ന തരം സ്റ്റാർഡം ഇനിയൊരാൾക്ക് ആവർത്തിക്കാൻ പ്രയാസമാണ്. എന്നാൽ പ്രായത്തിനനുസരിച്ച് വേഷങ്ങളിൽ മാറ്റം വരുത്തുക എന്നത് ഒരു നടന്റെ സ്വാഭാവികമായ വളർച്ചയാണ്’- ഇമ്രാൻ അഭിപ്രായപ്പെട്ടു.
ഇന്നത്തെ യുവതലമുറ തങ്ങളുടെ പ്രായത്തോടും അനുഭവങ്ങളോടും ചേർന്നുനിൽക്കുന്ന താരങ്ങളെയാണ് ഇഷ്ടപ്പെടുന്നതെന്നും, 70 വയസ്സുകാരനായ ഒരാളുടെ കഥ കാണാൻ പുതിയ തലമുറയ്ക്ക് താല്പര്യം കുറവായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത കാലത്തായി മൂന്ന് ഖാൻമാരുടെയും ചിത്രങ്ങൾ ബോക്സ് ഓഫീസിൽ സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. 'സീറോ'യുടെ പരാജയത്തിന് ശേഷം ഷാരൂഖ് ഖാൻ പത്താൻ, ജവാൻ എന്നീ വമ്പൻ ഹിറ്റുകളിലൂടെ തിരിച്ചു വന്നുവെങ്കിലും ഡങ്കിക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ല. ലാൽ സിംഗ് ഛദ്ദ പരാജയപ്പെട്ടെങ്കിലും ആമിർ ഖാൻ്റെ സിതാരെ സമീൻ പർ എന്ന ചിത്രം അഭിനന്ദനങ്ങൾ നേടിയിരുന്നു. സൽമാന്റെ പുതിയ ചിത്രമായ സിക്കന്ദർ പ്രേക്ഷക പ്രീതി നേടിയിരുന്നില്ല. ചിത്രത്തിൽ സൽമാനും നായിക രശ്മിക മന്ദാനയും തമ്മിലുള്ള പ്രായവ്യത്യാസം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ഇമ്രാൻ ഖാന്റെ മടങ്ങിവരവ്
ഏകദേശം 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇമ്രാൻ ഖാൻ അഭിനയരംഗത്തേക്ക് മടങ്ങിയെത്തുകയാണ്. അധൂരെ ഹം അധൂരെ തും എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ മടങ്ങിവരവ്. ബ്രേക്ക് കെ ബാദ് എന്ന ചിത്രത്തിന്റെ സംവിധായകൻ ഡാനിഷ് അസ്‌ലമാണ് സിനിമയും ഒരുക്കുന്നത്. അടുത്തിടെ വീർ ദാസിന്റെ ഹാപ്പി പട്ടേൽ എന്ന ചിത്രത്തിൽ ഇമ്രാൻ അതിഥി വേഷത്തിൽ എത്തിയിരുന്നു.
Content Highlights: Imran Khan suggests Bollywood`s Khan trio (SRK, Aamir, Salman) should embrace roles fitting their age, citing changing audience preferences and recent box office trends.
Published: 07 Feb 2026, 03:52 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented