സമാനതകളില്ലാത്ത പ്രതിഭയാണ് ജാനകിയെന്നും അവർ മറ്റാരേക്കാളും പിന്നിലായിരുന്നില്ലെന്നും ഇളയരാജ അനുസ്മരിച്ചു.

സംഗീതപ്രേമികൾക്ക് ഒരിക്കലും മറക്കാനാവാത്ത കൂട്ടുകെട്ടാണ് ഇളയരാജയും എസ്. ജാനകിയും. ഗംഭീരമായ മെലഡികളുൾപ്പെടെ നിരവധി ഗാനങ്ങൾ ഇവരൊന്നിച്ച് സൃഷ്ടിച്ചു. ഇപ്പോഴിതാ എസ്. ജാനകിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയിരിക്കുകയാണ് ഇളയരാജ. ഇന്ത്യൻ സംഗീതരംഗത്ത് സമാനതകളില്ലാത്ത പ്രതിഭയാണ് ജാനകിയെന്നും അവർ മറ്റാരേക്കാളും പിന്നിലായിരുന്നില്ലെന്നും ഇളയരാജ അനുസ്മരിച്ചു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തന്റെ പ്രതിഭ തെളിയിക്കാൻ എസ്. ജാനകി എപ്പോഴും കഠിനാധ്വാനം ചെയ്തിരുന്നുവെന്ന് ഇളയരാജ പങ്കുവെച്ചു. കരിയറിലുടനീളം ഓരോ ഗാനവും ഏറ്റവും മികച്ചതാക്കാൻ അവർ നടത്തിയ പരിശ്രമങ്ങൾ അവരെ ഒരു യഥാർത്ഥ പ്രതിഭയാക്കി മാറ്റി. തന്റെ കഴിവിനെ ഓരോ ഘട്ടത്തിലും മിനുക്കിയെടുക്കാൻ അവർ കാണിച്ച ആവേശം ശ്രദ്ധേയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"വ്യക്തിജീവിതത്തിൽ നിരവധി ദുഃഖങ്ങളും സഹിക്കാനാവാത്ത വേദന നിറഞ്ഞ സംഭവങ്ങളും അവർ അനുഭവിച്ചു. ലോകമെമ്പാടുമുള്ള സംഗീത ലോകത്തിലെ നിരവധി സംഗീത സംവിധായകരുടെയും പ്രതിഭകളുടെയും വ്യക്തിജീവിതങ്ങൾ പലപ്പോഴും വളരെ ദുഃഖകരമായിരുന്നു. ജാനകിയമ്മയും ഒരുപാട് സഹിച്ചു. എന്നാൽ ഓരോ ഗാനത്തിലൂടെയും അവർ വീണ്ടും വീണ്ടും മികവ് തെളിയിച്ചു. അവർ മറ്റാർക്കും പിന്നിലായിരുന്നില്ല. അവരുടെ കഠിനാധ്വാനം എന്റെ കഠിനാധ്വാനത്തിന് തുല്യമായിരുന്നു, ഒരുപക്ഷേ അതിലും വലുതായിരുന്നു," അദ്ദേഹം വിതുമ്പലോടെ വിഡിയോയിൽ പറഞ്ഞു.
എസ്. ജാനകി അന്തരിച്ചു
മൈസൂരുവിലെ ബൊഗാദിയിലെ വീട്ടിൽവെച്ച് ശനിയാഴ്ച ഉച്ചയ്ക്ക് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വൈകീട്ടോടെ അന്തരിച്ചു. ഏക മകൻ മുരളീകൃഷ്ണ ജനുവരിയിൽ മരിച്ചതിനെത്തുടർന്ന് പേരക്കുട്ടി അപ്സരയുടെ കൂടെയായിരുന്നു മൈസൂരുവിൽ താമസം.
60 വർഷത്തെ സംഗീത ജീവിതത്തിനിടെ അനേകായിരം ഗാനങ്ങൾ ആലപിച്ചു. മലയാളം, തെലുഗു, കന്നഡ, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉറുദു, ഗുജറാത്തി, സംസ്കൃതം, ബഡഗ, പഞ്ചാബി, കൊങ്കിണി, അസമീസ് തുടങ്ങി 17-ഭാഷകളിലൂടെ ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് മായാത്ത മുദ്രപതിച്ചു. സിംഹള, ഇംഗ്ലീഷ്, ജർമൻ, ജാപ്പനീസ് ഭാഷകളിലും പാടിയിട്ടുണ്ട്. നാല് ദേശീയ ചലച്ചിത്ര അവാർഡുകളും വിവിധ സംസ്ഥാനങ്ങളിലെ 33 അവാർഡുകളും നേടി.
1957-ൽ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിൽ ‘ഇരുൾ മൂടുകയോ എൻ വാഴ്‌വിൽ...’ എന്ന ദുഃഖഗാനം ആലപിച്ചുകൊണ്ട് മലയാളത്തിൽ തുടക്കംകുറിച്ചു. തമിഴ്, തെലുഗു, ചിത്രങ്ങൾക്കായി പാട്ടുകളെഴുതി. സംഗീതസംവിധാനവും നിർവഹിച്ചിട്ടുണ്ട്.
1938 ഏപ്രിൽ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് ജനിച്ചത്. മൂന്നു വയസ്സുമുതൽ പാടാൻ തുടങ്ങി. പത്താംവയസ്സുവരെമാത്രമായിരുന്നു ഔപചാരിക സംഗീതപഠനം. 1997-ൽ ഭർത്താവ് വി. രാമപ്രസാദിന്റെ മരണശേഷം സിനിമാഗാനരംഗത്ത് സജീവമല്ലാതായി. 2016-ൽ സംഗീതജീവിതത്തിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചശേഷം മൈസൂരുവിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ഉമയാണ് മരുമകൾ.
Content Highlights: Music maestro Ilaiyaraaja released a deeply emotional video message mourning the demise of legendary playback singer S. Janaki, breaking down into tears while recalling her incredible work ethic, artistic genius, and the immense hardships she silently endured in her personal life.
Published: 12 Jul 2026, 02:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented