തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനദിവസമായ വെള്ളിയാഴ്ച 11 ചിത്രങ്ങൾ പ്രേക്ഷകർക്കു മുന്നിലെത്തും. പലസ്തീൻ സിനിമാവിഭാഗത്തിൽ ഷായ് കർമ്മേലി പൊള്ളാക്കിന്റെ ‘ദി സീ’ രാവിലെ 9.30-ന് കൈരളി തിയേറ്ററിൽ പ്രദർശിപ്പിക്കും. 98-ാമത് ഓസ്‌കറിന് ഇസ്രായേലി എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ‘ദി സീ’.

To advertise here,

ചലച്ചിത്രമേളയിൽ ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നേടിയ മൗറിത്താനിയൻ സംവിധായകൻ അബ്ദെർറഹ്മാൻ സിസാക്കോയുടെ ശ്രദ്ധേയ ചിത്രം ‘വെയ്റ്റിങ് ഫോർ ഹാപ്പിനസും’ പ്രദർശിപ്പിക്കും. സിക്സ് ഡേയ്‌സ് ഇൻ സ്പ്രിങ് ആണ് ലോക സിനിമാവിഭാഗത്തിൽ വെള്ളിയാഴ്ച പ്രദർശിപ്പിക്കുന്നതിൽ പ്രധാന ചിത്രം.

കാൻ ചലച്ചിത്രോത്സവത്തിന്റെ 50-ാമത് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്കാരം നേടിയ യൂസഫ് ഷഹീന്റെ പ്രശസ്ത ചിത്രം ‘കയ്റോ സ്റ്റേഷൻ’, വിയറ്റ്‌നാം യുദ്ധത്തിന്റെ അൻപതാം വാർഷികം അനുസ്മരിച്ച് കൺട്രി ഫോക്കസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയ ട്രിൻ ദിൻ ലെ മിൻ സംവിധാനം ചെയ്ത ‘വൺസ് അപ്പോൺ എ ലവ് സ്റ്റോറി’, ലാറ്റിൻ അമേരിക്കൻ വിഭാഗത്തിൽ, പെറു സംവിധായകൻ ഫ്രാൻസിസ്‌കോ ജെ ലൊംബാർഡിയുടെ ‘ഇൻസൈഡ് ദി വുൾഫ്’’ എന്നിവയും വെള്ളിയാഴ്ചത്തെ പട്ടികയിലുണ്ട്.

ഇഷ്ടമുള്ള ചിത്രത്തിന് ഉച്ചവരെ വോട്ട് ചെയ്യാം

അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ മികച്ച ചിത്രത്തെ തിരഞ്ഞെടുക്കാൻ പ്രേക്ഷകർക്ക് വെള്ളിയാഴ്ച ഉച്ചവരെ വോട്ട് ചെയ്യാം. https://registration.iffk.in/ എന്ന വെബ്സൈറ്റിലൂടെയോ ഐഎഫ്എഫ്‌കെ മൊബൈൽ ആപ്പിലൂടെയോ ഉച്ചയ്ക്ക് 12 വരെ വോട്ടുകൾ രേഖപ്പെടുത്താം.

മത്സരവിഭാഗത്തിൽനിന്ന്‌ രജതചകോരം ഓഡിയൻസ് പോൾ അവാർഡിനു തിരഞ്ഞെടുക്കപ്പെടുന്ന ചിത്രത്തിന്റെ നിർമാതാവും സംവിധായകനും രണ്ടുലക്ഷംരൂപ അവാർഡ് തുകയായി പങ്കിടും.

റിസർവ് ചെയ്തവർക്ക് സീറ്റില്ല, കൈരളിയിൽ പ്രതിഷേധം

മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് സീറ്റ് ലഭിച്ചില്ലെന്ന് ആരോപിച്ച് കൈരളി, നിള, ശ്രീ തിയേറ്ററിനു മുന്നിൽ ഡെലിഗേറ്റുകളുടെ പ്രതിഷേധം. പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടിയ മൊറോക്കോ സിനിമയായ സിറാത്തിന്റെ പ്രദർശനത്തെച്ചൊല്ലിയായിരുന്നു പ്രതിഷേധം.

ഓൺലൈനായി സീറ്റുകൾ ബുക്ക് ചെയ്ത ഭൂരിഭാഗം പേർക്കും തിയേറ്ററിൽ പ്രവേശിക്കാനായില്ല. സിനിമയ്ക്കായി എത്തിയപ്പോൾ ഗസ്റ്റുകളെന്ന പേരിൽ സീറ്റുകളിൽ ആളുകളുണ്ടായിരുന്നുവെന്ന് ഡെലിഗേറ്റുകൾ ആരോപിച്ചു. വേദിയിൽ സുരക്ഷയ്ക്കായി നിയോഗിച്ച പോലീസിനു നേരേയും ഡെലിഗേറ്റുകൾ പ്രതിഷേധിച്ചു. ശ്രീ തിയേറ്ററിൽ ഉച്ചയ്ക്ക് മൂന്നിനായിരുന്നു സിറാത്തിന്റെ പ്രദർശനം.