ലോകമെമ്പാടും ആരാധകരുള്ള സൂപ്പർതാരമാണ് ജാക്കി ചാൻ. ബോളിവുഡ് താരം ഹൃതിക് റോഷനും ജാക്കിയുടെ ആരാധകനാണ്. വിദേശത്ത് അവധിയാഘോഷിക്കുന്നതിനിടെ തന്റെ ഇഷ്ടതാരത്തെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഹൃതിക്. ജാക്കി ചാനൊപ്പമുള്ള ചിത്രങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

To advertise here,

രസകരവും ഹൃദയസ്പർശിയായതുമായ അടിക്കുറിപ്പാണ് ചിത്രങ്ങൾക്കൊപ്പം ഹൃതിക് റോഷൻ കുറിച്ചിരിക്കുന്നത്. ജാക്കി ചാനോടുള്ള തന്റെ ബഹുമാനവും അങ്ങേയറ്റത്തെ ആരാധനയുമാണ് ചെറുകുറിപ്പിലൂടെ ഹൃതിക് സൂചിപ്പിച്ചത്. ഒരേപോലെയുള്ള തൊപ്പികളാണ് ഇരുവരും അണിഞ്ഞിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
 

നടിയും ഗായികയുമായ കാമുകി സബാ ആസാദിനൊപ്പം യുഎസിൽ അവധിക്കാലം ആഘോഷിക്കുകയാണ് ഹൃതിക് റോഷൻ. ഇരുവരും തങ്ങളുടെ യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. കരിയറിലെ നിർണായക വഴിത്തിരിവിൽ നിൽക്കുകയാണ് ഹൃതിക് ഇപ്പോൾ.

ഹൃതിക് ആദ്യമായി നിർമാതാവാകുന്ന ത്രില്ലർ സീരീസായ ‘സ്‌റ്റോം’ പ്രൈം വിഡിയോയിൽ സ്ട്രീം ചെയ്യാനൊരുങ്ങുകയാണ്. 'തബ്ബാർ', 'ഫയർ ഇൻ ദി മൗണ്ടൻസ്' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അജിത്പാൽ സിങ് ആണ് സംവിധായകൻ. മുംബൈ പശ്ചാത്തലമായൊരുങ്ങുന്ന പരമ്പരയിൽ പാർവതി തിരുവോത്ത് ആണ് നായികയായി എത്തുന്നത്.

സൂപ്പർ ഹിറ്റ് ചിത്രമായ കൃഷ്-ന്റെ നാലാം ഭാഗമാണ് ഹൃതിക് നായകനായെത്തുന്ന പുതിയ ചിത്രം. ഈ ചിത്രം സംവിധാനം ചെയ്യുന്നതും താരമാണെന്നാണ് വിവരം. രാകേഷ് റോഷനും യഷ് രാജ് ഫിലിംസും ചേർന്നാണ് കൃഷ് 4 ഒരുക്കുന്നത്.