പഠാന്റെ ആഗോള വിജയത്തിന് ശേഷം യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിനേക്കുറിച്ചാണ് ബോളിവുഡിലെ ചര്‍ച്ചകള്‍. പഠാന് മുമ്പിറങ്ങിയ ടൈഗര്‍ സീരീസ്, വാര്‍ എന്നീ ചിത്രങ്ങളാണ് ഈ യൂണിവേഴ്സിലെ മറ്റുചിത്രങ്ങള്‍. സല്‍മാന്‍ ഖാന്‍ നായകനായ ടൈഗര്‍ 3യാണ് ഈ ശ്രേണിയില്‍ ഇനി വരാനുള്ളത്. പുറത്തുവരുന്ന മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം വാര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ഉയര്‍ത്താനാണ് നിര്‍മാതാവ് ആദിത്യ ചോപ്ര ശ്രമിക്കുന്നത്.

To advertise here,

ഹൃത്വിക് റോഷന്‍, ടൈഗര്‍ ഷ്റോഫ് എന്നിവരായിരുന്നു വാറിലെ പ്രധാനതാരങ്ങള്‍. ഈ ചിത്രത്തില്‍ ഹൃത്വിക് അവതരിപ്പിച്ച കബീര്‍ എന്ന കഥാപാത്രത്തെ നായകനാക്കി ഒരുക്കുന്ന വാര്‍ 2-വിനേക്കുറിച്ച് പുതിയൊരു വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. തെലുങ്ക് യുവ സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ എന്‍.ടി.ആര്‍ വാര്‍ 2-വില്‍ ഒരു പ്രധാനവേഷത്തിലെത്തുമെന്ന് ഹൃത്വിക് റോഷന്‍ സ്ഥിരീകരിച്ചു. ജൂനിയര്‍ എന്‍.ടി.ആറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഹൃത്വിക് ട്വീറ്റ് ചെയ്തിരുന്നു. യുദ്ധഭൂമിയില്‍ കാത്തിരിക്കുന്നുവെന്നും പിറന്നാള്‍ ദിനം സന്തോഷവും സമാധാനവും കൊണ്ട് നിറയട്ടെ എന്നുമാണ് ഹൃത്വിക് കുറിച്ചത്. 

ബ്രഹ്മാസ്ത്ര എന്ന ചിത്രമൊരുക്കിയ അയാന്‍ മുഖര്‍ജിയാണ് വാര്‍ 2 സംവിധാനം ചെയ്യുക. ഈ വര്‍ഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണമാരംഭിക്കുമെന്നാണ് വിവരം. ചിത്രത്തില്‍ ഹൃത്വിക്ക് റോഷനൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തിലാകും എന്‍.ടി.ആര്‍ എത്തുക. എന്നാലിത് വില്ലന്‍ വേഷമാണോ എന്ന് വ്യക്തമല്ല. ജൂനിയര്‍ എന്‍.ടി.ആറിന്റെ വരവോടെ ചിത്രത്തിന് ഏറ്റവും കൂടുതല്‍ ആളുകള്‍ കാത്തിരിക്കുന്ന ചിത്രമെന്ന പ്രതീതിയും ഉയര്‍ന്നുകഴിഞ്ഞു. നിലവില്‍ തന്റെ 30-ാം ചിത്രത്തിന്റെ തിരക്കുകളിലാണ് എന്‍.ടി.ആര്‍. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാന്‍വി കപൂറാണ് നായിക.

വൈ.ആര്‍.എഫ് സ്പൈ യൂണിവേഴ്സിലെ ആറാം ചിത്രമായിരിക്കും വാര്‍ 2. ഏക് ഥാ ടൈഗര്‍ (2012), ടൈഗര്‍ സിന്ദാ ഹേ (2017), വാര്‍ (2019), പഠാന്‍ (2023), ടൈഗര്‍ 3 (2023) എന്നിവയാണ് ഈ യൂണിവേഴ്സില്‍ വരുന്ന മറ്റുചിത്രങ്ങള്‍. ഇതില്‍ ടൈഗര്‍ 3 റിലീസിന് തയ്യാറെടുക്കുകയാണ്. സല്‍മാന്‍ ഖാനാണ് നായകന്‍. പഠാനില്‍ ഷാരൂഖ് ഖാന്‍ അവതരിപ്പിച്ച കഥാപാത്രം ടൈഗര്‍ 3-യില്‍ എത്തുന്നുണ്ട്.