കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതിയിൽ സമർപ്പിച്ച തടസ ഹർജി ഹൈക്കോടതി തള്ളി. ആവശ്യമെങ്കിൽ സിം​ഗിൾ ബെഞ്ചിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. 

To advertise here,

രഞ്ജിനിയുടെ മൊഴി പുറത്ത് വരരുതെന്ന് രഞ്ജിനിയുടെ അഭിഭാഷകൻ കോടതിയിൽ വാദം ഉന്നയിച്ചിരുന്നു. എന്നാൽ ഇവരുടെ മൊഴി മാത്രമാണോ അതോ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരരുതെന്നാണോ ആവശ്യമെന്നും കോടതി ചോദിച്ചു. 

ആദ്യ ഘട്ടത്തിൽ ഹർജിയിൽ നടി രഞ്ജിനി കക്ഷിയായിരുന്നില്ല. സജിമോൻ പാറയിലാണ് റിപ്പോർട്ട് പുറത്ത് വിടുന്നതിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജി സിം​ഗിൾ ബെഞ്ച് തള്ളിയതിനെ തുടർന്ന് സജിമോൻപാറയിൽ ഡിവിഷൻ ബെഞ്ചിനെ അപ്പീൽ ഹർജിയുമായി സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് രഞ്ജിനി കേസിൽ മൂന്നാംകക്ഷിയായി ഹർജി സമർപ്പിച്ചത്. സജിമോൻപാറയിലിന്റെ ഹർജി ഡിവിഷൻ ബെഞ്ച് പരി​ഗണിക്കുകയാണ്. 

അതേസമയം സിം​ഗിൾ ബെഞ്ചിനെ സമീപിക്കാമെന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിന് പിന്നാലെ ഇന്ന് തന്നെ സിം​ഗിൾ ബെഞ്ചിനെ സമീപിക്കുമെന്ന് രഞ്ജിനിയുടെ അഭിഭാഷകൻ പറഞ്ഞു. ചൊവ്വാഴ്ചവരെയാണ് റിപ്പോർട്ട് പുറത്തുവിടാൻ കോടതി സമയം അനുവദിച്ചിരിക്കുന്നത്. ചൊവ്വാഴ്ച അവധി ആയതിനാൽ റിപ്പോർട്ട് ഇന്ന് തന്നെ സർക്കാർ പുറത്ത് വിടാൻ സാധ്യതയുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ ഉള്ളടക്കം മൊഴികൊടുക്കുന്നവർ അറിയാതെ എങ്ങനെയാണ് പ്രസിദ്ധീകരിക്കുന്നതെന്നാണ് രഞ്ജിനി ചോദിക്കുന്നത്. കമ്മിറ്റിക്ക് മുൻപിൽ മൊഴി നൽകിയ താനുൾപ്പടെയുള്ളവർക്ക് റിപ്പോർട്ടിൻ്റെ കോപ്പി നൽകിയില്ലെന്നും നടി പറഞ്ഞിരുന്നു. റിപ്പോർട്ട് പുറത്തുവിടണ്ട എന്നല്ല ഞാൻ പറയുന്നത്. എന്താണ് റിപ്പോർട്ടിൽ ഉള്ളതെന്ന് അറിയണം. പറഞ്ഞ കാര്യങ്ങളിൽ എന്താണ് റിപ്പോർട്ടിൽ ഉള്ളതെന്ന് തനിക്ക് അറിയണമെന്നുമാണ് രഞ്ജിനിയുടെ വാ​ദം.