
ജയ്സാൽമീറിൽ ചിത്രീകരണം നടന്നുവന്ന ഹാഫ് എന്ന മലയാള ചിത്രത്തിന്റെ ഷൂട്ടിങ് പാക് ഷെല്ലാക്രമണ ഭീതിയെത്തുടർന്ന് നിർത്തിയ സാഹചര്യം വിവരിച്ച് അണിയറപ്രവർത്തകൻ. ഭീതിയോടെയാണ് ഇത്രയും ദിവസം കഴിഞ്ഞതെന്ന് ചിത്രത്തിന്റെ പ്രോസ്തെറ്റിക് ഡിസൈനറായ സേതു ശിവാനന്ദൻ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഉറക്കം പോലുമില്ലായിരുന്നു. താമസിച്ചിരുന്ന ഹോട്ടലിനുമുകളിലൂടെ ഷെല്ലുകൾ പോകുന്നത് നേരിട്ടുകണ്ടു. ഹോട്ടലിനുമുകളിലേക്ക് ഷെല്ലുകൾ പതിക്കുമോയെന്ന് പേടിച്ചിരുന്നുവെന്നും സേതു പറഞ്ഞു.
കഴിഞ്ഞമാസം 27-ാം തീയതിയാണ് ഹാഫ് സിനിമയുടെ നൂറുപേരടങ്ങുന്ന സംഘം നിർണായകമായ ഭാഗങ്ങൾ ചിത്രീകരിക്കാൻ ജയ്സാൽമീറിലെത്തിയത്. ജയ്സാൽമീർ കോട്ടയ്ക്ക് തൊട്ടടുത്തുള്ള ഹോട്ടലിലാണ് സംഘം താമസിച്ചിരുന്നത്. ഇതിനിടെയാണ് പ്രദേശത്തെ ഇൻഡ്യൻ സേനയുടെ താവളത്തെ ലക്ഷ്യമാക്കി പാക്ക് ഷെല്ലാക്രമണം നടന്നത്. ഇന്ത്യൻ സേനയുടെ കടുത്ത പ്രതിരോധം ഇവിടെ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ചിത്രീകരണം താൽക്കാലികമായി നിർത്തി വയ്ക്കാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്.
ചിത്രീകരണം നിർത്തിവെച്ച് തിരികെ നാട്ടിലേക്ക് ബസ് മാർഗം അഹമ്മദാബാദിലേക്ക് പോയ്ക്കൊണ്ടിരിക്കുകയാണെന്ന് സേതു ശിവാനന്ദൻ പ്രതികരിച്ചു. അവിടെ നിന്ന് പ്രൊഡക്ഷൻ ടീം അറേഞ്ച് ചെയ്ത വാഹനമാണിത്. ചിത്രത്തിന്റെ കഥാപശ്ചാത്തലത്തിന് അനുയോജ്യമായ ഭൂപ്രകൃതിയായതിനാലാണ് ജയ്സാൽമീറിൽ ചിത്രീകരണം വെച്ചതെന്നും അദ്ദേഹം പറഞ്ഞു.
"ഇവിടത്തെ സൈനിക ക്യാമ്പിൽനിന്ന് ജാഗ്രതാ നിർദേശങ്ങൾ വരുന്നുണ്ടായിരുന്നു. കഴിഞ്ഞദിവസം വളരെയേറെ ഭീകരത നിറഞ്ഞ അന്തരീക്ഷമായിരുന്നു. ജയ്സാൽമീർ കോട്ടയുടെ ഒന്നര കിലോമീറ്റർ മാറിയായിരുന്നു ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലുണ്ടായിരുന്നത്. അതിഭീകരമായ ആക്രമണമായിരുന്നു കഴിഞ്ഞദിവസമുണ്ടായത്. ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിന് മുകളിലൂടെയൊക്കെയാണ് ഷെല്ലുകൾ പോകുന്നത് കണ്ടത്. എല്ലാവരും ടിവിയിൽ കണ്ട ദൃശ്യങ്ങൾ ഞങ്ങൾ നേരിട്ടുകണ്ടു.
എല്ലാവരും പരിഭ്രാന്തിയിലായിരുന്നു. എല്ലാവരും പേടിച്ചുപോയി. അതിനിടെ ശക്തമായ മഴയും ഇടിയും മിന്നലും വന്നു. കുറച്ചുനേരത്തേക്ക് സംഘർഷം അല്പം ശാന്തമായി. കുറേ കഴിഞ്ഞപ്പോൾ ദൂരെ ശബ്ദങ്ങൾ മാത്രം കേൾക്കാം എന്ന സാഹചര്യമായി. ആർക്കും ഉറങ്ങാനൊന്നും പറ്റിയില്ല. രാവിലെ വരെ എല്ലാവരും ഉറക്കമൊഴിച്ചിരിക്കുകയായിരുന്നു. ഭയങ്കരമായ പ്രകാശത്തോടെ ഷെല്ലുകൾ മുകളിലൂടെ പോകുന്നത് നേരിട്ടുകാണുകയാണ്. എന്തുചെയ്യണമെന്ന് ആർക്കും അറിയാത്ത അവസ്ഥ. നമ്മുടെ താമസസ്ഥലത്ത് ഇതിലേതെങ്കിലും ഒന്ന് വന്നുവീഴുമോ എന്ന് പേടിച്ചു. എന്തായാലും നമ്മുടെ സൈനികരുടെ സമയോചിതമായ ഇടപെടലുകൾകാരണം അതെല്ലാം അടങ്ങി.
മൊത്തം ബ്ലാക്ക് ഔട്ടായ സാഹചര്യവുമായിരുന്നു. വൈദ്യുതി ഇല്ലാതിരുന്നതിനാൽ മൊബൈൽ ചാർജ് ചെയ്യാനൊന്നും സാധിച്ചില്ല. പിറ്റേന്നാണ് ഫോണുകൾ ചാർജ് ചെയ്തത്. അർധരാത്രി കഴിഞ്ഞപ്പോൾ ഹോട്ടലുകാർ ജനറേറ്റർ ഓണാക്കിത്തന്നു. ഹോട്ടലിന് പുറത്തായിരുന്നു ജനറേറ്റർ ഉണ്ടായിരുന്നത്. ഇതിൽനിന്നുള്ള ചെറിയ വെളിച്ചം പോലും മറച്ചുവെച്ചാണ് ഫോണുകൾ ചാർജ് ചെയ്തത്. സ്ഥിതിഗതികൾ ഒന്ന് ശാന്തമായപ്പോൾ ഹോട്ടൽ ജീവനക്കാർതന്നെയാണ് ജനറേറ്ററിലെ ലൈറ്റ് മറയ്ക്കാനുള്ള സാധനങ്ങൾ തന്നത്. എന്റെ ഒരു സഹോദരൻ പഞ്ചാബിൽ സൈനികനാണ്. വിഷ്ണു എന്നാണ് പേര്. അദ്ദേഹം ഇടയ്ക്ക് വിവരങ്ങൾ അറിയിക്കുന്നുണ്ടായിരുന്നു. വലിയൊരു സിറ്റുവേഷനിലൂടെയാണ് കടന്നുപോയത്." സേതു വിശദീകരിച്ചു.
അഹമ്മദാബാദിലെത്തിയ ശേഷം കേരളത്തിലേക്ക് വിമാനമാർഗം എത്താനുള്ള ശ്രമമാണ് സംഘം നടത്തുന്നത്.
Content Highlights: Malayalam film `Half` crew recounts terrifying Pakistan shelling experience in Jaisalmer
Published: 09 May 2025, 07:41 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented