ന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പലസ്തീന്‍ വിഷയം പ്രമേയമായുള്ള ചിത്രങ്ങൾക്ക് ഉൾപ്പടെ പ്രദര്‍ശനാനുമതി നിഷേധിച്ചതിൽ കേന്ദ്രത്തെ കുറ്റം പറയാനാകില്ലെന്ന് നിർമാതാവ് ജി. സുരേഷ് കുമാർ. നയതന്ത്ര ബന്ധത്തിന് കോട്ടം തട്ടുന്ന കാര്യം ചെയ്യാൻ കേന്ദ്രത്തിനാകില്ലെന്ന് സുരേഷ് കുമാർ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.

To advertise here,

'ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിക്കുന്നത് ഡെലിഗേറ്റുകളെ നിരാശരാക്കുമെന്നത് ശരിയാണ്. 19 ചിത്രങ്ങളിൽ 4 എണ്ണത്തിന് അനുമതി നൽകിയിട്ടുണ്ട്. ഇനിയും അനുമതി നൽകാനാകും. കേന്ദ്ര സർക്കാരിന് മറ്റ് രാജ്യങ്ങളുമായി നയതന്ത്ര ബന്ധമുണ്ട്. ആ രാജ്യങ്ങളെ മോശമായി കാണിക്കുന്ന ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിക്കാനാകില്ല.

ചിത്രങ്ങളുടെ സംഗ്രഹം നേരത്തെ കേന്ദ്രത്തിന് സമർപ്പിച്ച് അനുമതി വാങ്ങണം. അതിൽ കുറച്ച് കാലതാമസം വന്നുകാണും. അക്കാദമിയിലെ ജീവനക്കാരെ അതിൽ കുറ്റം പറയാനാകില്ല, ഇലക്ഷൻ്റെ തിരക്ക് ഒരു കാരണമായി. ചില ചിത്രങ്ങൾക്ക് അനുമതി നൽകാൻ കേന്ദ്രം വിമുഖത കാണിക്കുന്നുണ്ട്. അതിൽ അവരെ കുറ്റം പറയാനും സാധിക്കില്ല. മറ്റ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തിന് കോട്ടം തട്ടുന്ന കാര്യം അവർക്ക് ചെയ്യാനാകില്ല.

അനുമതി നിഷേധിച്ചതിൽ കാരണം വ്യക്തമാക്കണം എന്നില്ല. എല്ലാ കാര്യത്തിനും കാരണം വ്യക്തമാക്കാൻ സാധിക്കില്ല. എല്ലാവരേയും ബോധ്യപ്പെടുത്തി ഈ രാജ്യത്ത് ഒന്നും ചെയ്യാനാകില്ല. ഒരുപാട് പ്രദർശിപ്പിച്ചിട്ടുള്ള ബാറ്റിൽഷിപ്പ് പൊട്ടംകിൻ വിലക്കിയതിനെക്കുറിച്ച് തിരക്കിയിരുന്നു. അതിൻ്റെ കാരണം എന്താണെന്ന് അവിടുത്തെ ഉദ്യോഗസ്ഥരോടാണ് തിരക്കേണ്ടത്. ബീഫ് എന്ന ചിത്രത്തിന് ബീഫുമായി ഒരു ബന്ധവുമില്ല. ആ ചിത്രവും വിലക്കിയതിൻ്റെ കാരണം എനിക്കറിയില്ല. ഉദ്യോഗസ്ഥരാണ് ഇക്കാര്യങ്ങൾ ചെയ്യുന്നത്. ഒരു രാഷ്ട്രീയ ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടെന്ന് കരുതുന്നില്ല.

മേള നടക്കുമ്പോൾ ഉണ്ടാകില്ലെന്ന് ചെയർമാൻ റസൂൽ പൂക്കുട്ടി നേരത്തെ അറിയിച്ചതാണ്. അദ്ദേഹം ലണ്ടനിൽ ഷൂട്ടിങ്ങിലാണ്. ചെയർമാൻ ഇല്ലാത്തതിന്റെ ചെറിയൊരു ബുദ്ധിമുട്ട് ഉണ്ടാകും. അദ്ദേഹം മനപൂർവം വരാതിരിക്കില്ലല്ലോ. സമാപന സമ്മേളനത്തിൽ അദ്ദേഹം എത്തും', സുരേഷ് കുമാർ പറഞ്ഞു.

യെസ്, പലസ്തീൻ 36, എ പോയറ്റ്: അൺകൺസീൽഡ് പോയട്രി, ബാംകോ, ബീഫ് ഉൾപ്പടെയുള്ള ചിത്രങ്ങളാണ് സർക്കാർ വിലക്കിയത്. വിലക്കിൽ പ്രതിഷേധം ഉയർന്നതിന് പിന്നാലെ ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള തീരുമാനത്തിലാണ് സംസ്ഥാന സർക്കാർ.