സാംസ്‌കാരിക സ്ഥാപനങ്ങളുടെ തലവന്മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിന് എതിരേ സംവിധായകൻ ബൈജു കൊട്ടാരക്കരയും. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ഒറ്റവരി പോസ്റ്റിലാണ് ബൈജു കൊട്ടാരക്കര കോൺഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി പ്രേംകുമാറിനെ നിയമിച്ചതിനെതിരെ നേരത്തെ കേരളാ ഫിലിം ചേംബർ പ്രസിഡന്റും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബൈജു കൊട്ടാരക്കരയുടെ പ്രതികരണം.

To advertise here,

'ഏതുപ്രതിസന്ധിയിലും കൂടെ നിൽക്കുന്നവരെ മറക്കുന്നത് കോൺഗ്രസിന് ഭൂഷണമോ', എന്നാണ് ബൈജു കൊട്ടാരക്കരയുടെ ചോദ്യം. സാംസ്‌കാരിക മേഖലയിലെ കോൺഗ്രസുകാരെ കൊഞ്ഞനം കുത്തുന്ന നിയമനമാണ് പ്രേംകുമാറിന്റേതെന്ന് നേരത്തെ ഫിലിം ചേബംർ പ്രസിഡന്റ് അനിൽ തോമസ് വിമർശിച്ചിരുന്നു. വഴിയിൽ വണ്ടിമാറി കയറുന്ന സംസ്‌കാരമുള്ളവർക്ക് സ്ഥാനം നൽകുന്നത് കോൺഗ്രസിന് ഗുണകരമാവില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ALSO READ | പ്രേംകുമാറിന്റെ നിയമനം സാംസ്‌കാരിക മേഖലയിലെ കോൺഗ്രസുകാരെ കൊഞ്ഞനം കുത്തുന്ന നടപടി-അനിൽ തോമസ്

സാംസ്‌കാരിക ക്ഷേമനിധി ചെയർമാനായി എം. രഞ്ജിത്തിനെ നിയമിച്ചതിൽ അനിൽ തോമസ് സന്തോഷം പങ്കുവെച്ചു. എന്നാൽ, പ്രേംകുമാറിന്റെ നിയമനത്തിൽ അദ്ദേഹം അതൃപ്തി പരസ്യമാക്കി. വിറകുവെട്ടികളും വെള്ളംകോരികളും മറിച്ച് ചിന്തിച്ചാൽ കോൺഗ്രസ് പാർട്ടിക്ക് ഒട്ടും ഗുണകരമാവില്ല. തന്റെ പാർട്ടിയായ കോൺഗ്രസ് സർക്കാർ കേരളം ഭരിക്കാൻ ഫെയ്‌സ്ബുക്കിൽ താനും കുറേ കുറിപ്പുകൾ ഇട്ടിട്ടുണ്ട്. ഇത്തരം തീരുമാനങ്ങൾ ആവർത്തിക്കാതിരിക്കാനും തിരുത്താനും തയ്യാറാവണമെന്നും അനിൽ തോമസ് ആവശ്യപ്പെട്ടു.

 

ചലച്ചിത്ര അക്കാദമി ചെയർമാനായി രവീന്ദ്രനെ നിയമിച്ചതിന് പിന്നാലെ തനിക്കെതിരായ സൈബർ ആക്രമണത്തോട് പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്തെത്തിയിരുന്നു. 'രവീന്ദ്രനെ പ്രഖ്യാപിച്ചതുമുതൽ 'ബിപ്ലവ' പാർട്ടി അടിമകൾ വിഷമത്തിലാണ്. 10 വർഷം മുമ്പ് 'ചിറകൊടിഞ്ഞ കിനാവുകളിൽ' വിറകുവെട്ടുകാരനായി അഭിനയിച്ചതിനാൽ നിങ്ങളെപ്പോലെ എനിക്ക് യാതൊരു വിഷമവുമില്ല', എന്നായിരുന്നു ജോയ് മാത്യുവിന്റെ പരിഹാസം.

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് ജോയ് മാത്യുവിനെയും പരിഗണിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, രവീന്ദ്രനെ ചെയർമാനായും നടി പ്രിയങ്ക നായരെ വൈസ് ചെയർപേഴ്‌സണായും സർക്കാർ നിയമിക്കുകായയിരുന്നു. കെ.എസ്.എഫ്.ഡി.സി. ചെയർമാനായി പ്രേംകുമാറിനെയും വൈസ് ചെയർമാനായി ആലപ്പി അഷറഫിനെയും സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനായി എം. രഞ്ജിത്തിനെയും സംഗീത നാടക അക്കാദമി ചെയർമാനായി ജി. വേണുഗോപാലിനെയും പ്രഖ്യാപിച്ചു.