പൊന്നാനി: അംഗീകാരങ്ങൾ വാരിക്കൂട്ടിയ 'ഫെമിനിച്ചി ഫാത്തിമ' ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിലും തിളങ്ങിയപ്പോൾ അഭിമാനനിറവിലാണ് സംവിധായകൻ ഫാസിൽ മുഹമ്മദും നാടായ പൊന്നാനിയും. ഫാസിൽ മുഹമ്മദ് പൊന്നാനിയിലും പരിസരങ്ങളിലുമായി ചിത്രീകരിച്ച സിനിമ ദേശീയതലത്തിൽ മികച്ച മലയാളചിത്രമായാണ് തിരഞ്ഞെടുക്കപ്പെട്ടത്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളൊഴികെയുള്ളവരെല്ലാം പൊന്നാനിക്കാരാണെന്ന പ്രത്യേകതയും ഈ ചെറിയ സിനിമയ്ക്കുണ്ട്.

To advertise here,

നേരത്തേ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ തിളങ്ങിയ 'ഫെമിനിച്ചി ഫാത്തിമ'യ്ക്ക് അർഹിച്ച അംഗീകാരമാണ് ഇപ്പോൾ ലഭിച്ചത്. മികച്ച നവാഗത സംവിധായകൻ, മികച്ച രണ്ടാമത്തെ സിനിമ, മികച്ച നടി എന്നീ പുരസ്‌കാരങ്ങളാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ 'ഫെമിനിച്ചി ഫാത്തിമ'യെ തേടിയെത്തിയത്. ഐ.എഫ്.എഫ്.കെ.യിൽ അഞ്ച് പുരസ്‌കാരങ്ങളും നേടി. ഇതോടെയാണ് സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടത്. പൊന്നാനി തീരദേശത്തെ വീട്ടമ്മ സ്വന്തം അവകാശങ്ങൾക്കുവേണ്ടി നടത്തുന്ന ഇടപെടലുകളെക്കുറിച്ചാണ് സിനിമ പറയുന്നത്.

സ്വന്തം വീട്ടിലെ ചെറുസംഭവങ്ങളിൽനിന്നാണ് ഫാസിൽ മുഹമ്മദിലൂടെ 'ഫെമിനിച്ചി ഫാത്തിമ' പിറവിയെടുത്തത്. കിടക്കയിൽ മൂത്രമൊഴിച്ച മകനെ ശകാരിച്ച ഇത്താത്തയുടെ വാക്കുകളിൽനിന്നാണ് സിനിമയ്ക്ക് ആധാരമായ കഥാതന്തു അദ്ദേഹത്തിനു കിട്ടിയത്. മേലാറ്റൂർ സ്വദേശി മുഹമ്മദ് സ്വാലിഹിന്റെ ഭാര്യ തൃത്താല സ്വദേശി ഷംല ഹംസയാണ് കേന്ദ്ര കഥാപാത്രമായ ഫാത്തിമയെ അവതരിപ്പിച്ചത്. ചെറിയ സിനിമയ്ക്ക് ഇത്രയും അംഗീകാരങ്ങൾ കിട്ടിയതിൽ സന്തോഷമുണ്ടെന്ന് ഫാസിൽ മുഹമ്മദ് 'മാതൃഭൂമി'യോട് പറഞ്ഞു.