കുടുംബവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്ന് ആമിർ ഖാന്റെ സഹോദരനും നടനുമായ ഫൈസൽ ഖാൻ. ബോളിവുഡ് ബബിളിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആമിർ ഖാൻ എല്ലാ മാസവും തന്നിരുന്ന പണവും ഇനിമുതൽ സ്വീകരിക്കില്ലെന്നും ഫൈസൽ പറഞ്ഞു. വർഷങ്ങളായി തന്റെ കുടുംബം തന്നോട് മോശമായി പെരുമാറി എന്ന് ഫൈസൽ അടുത്തിടെ ആരോപിച്ചിരുന്നു. ഇതിനെത്തുടർന്ന് ആമിറും കുടുംബവും ഫൈസലിന്റെ പരാമർശങ്ങൾ തെറ്റിദ്ധാരണാജനകമാണെന്ന് കാണിച്ച് ഒരു പ്രസ്താവനയിറക്കി. ഇതിന് പിന്നാലെയാണിപ്പോൾ കുടുംബവുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി ഫൈസൽ ഖാൻ അറിയിച്ചത്.
അന്തരിച്ച പിതാവ് താഹിർ ഹുസൈനുമായോ, അമ്മ സീനത്ത് താഹിർ ഹുസൈനുമായോ, അല്ലെങ്കിൽ പ്രസ്താവനയിലെ പട്ടികയിൽപ്പെട്ട മറ്റേതെങ്കിലും കുടുംബാംഗവുമായോ തനിക്ക് ഇനിയൊരു ബന്ധവുമില്ലെന്ന് ഫൈസൽ ഖാൻ വ്യക്തമാക്കി. മാതാപിതാക്കളുടെ സ്വത്തിൽ നിന്ന് ഉണ്ടാകുന്ന ഒരവകാശത്തിനും തനിക്ക് അർഹതയുണ്ടായിരിക്കില്ല. അവരുടെ സ്വത്തുക്കളുമായി ബന്ധപ്പെട്ട ഒരു ബാധ്യതയ്ക്കും താൻ ഉത്തരവാദിയായിരിക്കില്ലെന്നും ഫൈസൽ കൂട്ടിച്ചേർത്തു.
“ഇന്നുമുതൽ ഞാൻ എന്റെ സഹോദരൻ ആമിർ ഖാന്റെ വസതിയിൽ താമസിക്കുകയില്ല, കൂടാതെ, അദ്ദേഹത്തിൽനിന്ന് പ്രതിമാസ അലവൻസോ ചെലവിനുള്ള പണമോ ഒന്നും ആവശ്യപ്പെടുകയുമില്ല. എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ, എന്റെ കുടുംബാംഗങ്ങളുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാനുള്ള തീരുമാനം, എന്റെ ഭാഗത്തുനിന്നുള്ള വളരെ ശ്രദ്ധാപൂർവമായ ആലോചനകൾക്ക് ശേഷവും ദൗർഭാഗ്യകരമായ മുൻകാല സംഭവങ്ങളുടെ പശ്ചാത്തലത്തിലുമാണ്
2005 മുതൽ 2007 വരെയുള്ള കാലയളവിൽ, എന്നെ നിർബന്ധിച്ച് അനാവശ്യ മരുന്നുകൾ കഴിപ്പിച്ചു. 2005 മുതൽ 2006 വരെയുള്ള കാലയളവിൽ, ചില കുടുംബാംഗങ്ങൾ അവരുടെ വ്യക്തിപരമായ താൽപ്പര്യങ്ങൾക്കായി എന്റെ ഇഷ്ടത്തിന് വിരുദ്ധമായി എന്നെ വീട്ടിൽ വീട്ടുതടങ്കലിന് സമാനമായി പൂട്ടിയിട്ടു. 2007 ഒക്ടോബറിൽ ഞാൻ വീടുവിട്ടിറങ്ങി. ഇതേത്തുടർന്ന്, എന്റെ അമ്മ സീനത്ത് താഹിർ ഹുസൈനും എന്റെ മൂത്ത സഹോദരി നിഖാത് ഹെഗ്‌ഡെയും എനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു. എനിക്ക് പാരനോയിഡ് സ്കിസോഫ്രീനിയ ആണെന്നും ഞാൻ സമൂഹത്തിന് ഒരു ഭീഷണിയാണെന്നും അവർ പറഞ്ഞു.
കോടതി കേസ് വാദം കേൾക്കാനും തീർപ്പാക്കാനും ഏകദേശം അഞ്ച് മാസമെടുത്തു. 2008 ഫെബ്രുവരിയിൽ, കോടതി എനിക്ക് അനുകൂലമായി അന്തിമ വിധി പുറപ്പെടുവിക്കുകയും എന്റെ കുടുംബാംഗങ്ങൾ ഉന്നയിച്ച ആരോപണങ്ങളും വാദങ്ങളും തള്ളിക്കളയുകയും ചെയ്തു, ഇത് രേഖയിലുള്ള കാര്യമാണ്.” ഫൈസൽ ഖാൻ പ്രസ്താവനയിൽ പറഞ്ഞു.
കുടുംബം തന്നെ അപകീർത്തിപ്പെടുത്തിയെന്നും ഫൈസൽ ആരോപിച്ചു, “2025 ഓഗസ്റ്റ് മാസത്തിൽ വിവിധ മാധ്യമങ്ങളിലൂടെ ഞാൻ വസ്തുതകളെ വളച്ചൊടിക്കുകയും തെറ്റായി ചിത്രീകരിക്കുകയുമാണെന്ന് കുടുംബം വ്യാജ പ്രസ്താവനകൾ നടത്തി എന്നെ അപകീർത്തിപ്പെടുത്തിയിരിക്കുകയാണ്. യഥാർത്ഥത്തിൽ, 2005 മുതൽ എന്റെ കരിയർ അപകടത്തിലാക്കുന്നതിനും എന്റെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും ഉത്തരവാദികൾ എന്റെ കുടുംബാംഗങ്ങൾ തന്നെയാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ സ്വകാര്യതയെ മാനിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോടും മാധ്യമങ്ങളോടും അഭ്യർത്ഥിച്ചു. തുടർ നിയമനടപടികൾക്കായി അടുത്ത മാസം റിട്ട് ഹർജി ഫയൽ ചെയ്തുകൊണ്ട് കോടതിയെ സമീപിക്കാൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Faissal Khan cuts ties with Aamir Khan and family, citing past mistreatment and disputes
Published: 16 Aug 2025, 07:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented