മഞ്ചേശ്വരം: തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ പതിനേഴുകാരിയായ മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തിയെന്ന വാർത്ത അറിഞ്ഞ്‌ നടുങ്ങി നാട്. സംഭവമറിഞ്ഞ് അരുംകൊല നടന്ന കുഞ്ചത്തൂർ തുമിനാട്ടിലേക്ക് നാട്ടുകാരുടെ ഒഴുക്കായിരുന്നു.

To advertise here,

വീട്ടിനകത്തും മുറ്റത്തുമായി ചോരത്തുള്ളികൾ. വീട്ടിനകത്തുനിന്നും സ്ത്രീകളുടേയും കുട്ടികളുടേയും നിലയ്ക്കാത്ത നിലവിളി. കുറച്ചുനാളായി ഈ കുടുംബത്തിൽ നിലനിന്നിരുന്ന സ്വത്ത്‌ സംബന്ധിച്ച തർക്കമാണ് സ്വന്തം മകളുടെ ജീവനെടുത്ത ക്രൂരതയിലേക്ക് പിതാവായ ഉമ്മറിനെ നയിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും കൊല്ലപ്പെട്ട ഏക മകൾ ജുമൈലയും ഭാര്യയുടെ ജ്യേഷ്ഠത്തിയും അവരുടെ ഭർത്താവും മക്കളും തുമിനാട് ഹിൽ ടോപ്പ് നഗറിലെ ഒരേ വീട്ടിലാണ് താമസം. ഉമ്മർ കുടുംബവുമായി നല്ല ബന്ധത്തിലായിരുന്നില്ല. ഇടക്കിടെ ജോലിക്കായി വിദേശത്ത്‌ പോകാറുണ്ടായിരുന്നു.

മാത്രമല്ല ഇയാൾ ലഹരി ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും ഇത് സംബന്ധിച്ച് ഉള്ളാൾ പോലീസ് സ്റ്റേഷനിൽ കേസുള്ളതായും പറയുന്നു. തിങ്കളാഴ്ച വൈകിട്ട് സ്വത്ത് സംബന്ധിച്ച കാര്യം പറഞ്ഞ് ഭാര്യയും അവരുടെ സഹോദരിയും താമസിച്ചിരുന്ന വീട്ടിലെത്തി വഴക്കുണ്ടാക്കുകയായിരുന്നു.

ഭാര്യയുടെ ജ്യേഷ്ഠത്തിയുടെ ഭർത്താവായ ഷേക്കുഞ്ഞിയെ കത്തി ഉപയോഗിച്ച് കുത്താൻ ശ്രമിക്കുന്നതിനിടെ മകൾ ജുമൈല തടയാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ജുമൈലയെ വെട്ടുകയായിരുന്നു. വീട്ടിനകത്ത് വെച്ചാണ് സംഭവം. കഴുത്തിനും കാലിനും ആഴത്തിൽ മുറിവേറ്റ ജുമൈലയെ ഓടിയെത്തിയ നാട്ടുകാർ ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആക്രമണത്തിൽ പരിക്കേറ്റ് ഷേക്കുഞ്ഞി ഇന്ന് രാവിലെ മരിച്ചു. സംഭവത്തിന് ശേഷവും ഭാവഭേദമൊന്നുമില്ലാതെ ഉമ്മർ വീട്ടിന് സമീപത്ത് തന്നെ നിൽക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനേത്തുടർന്ന് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.