ഹോളിവുഡ് സിനിമയില്‍ അഭിനയിക്കാന്‍ ഓഡിഷനു പോയെന്ന് വെളിപ്പെടുത്തി നടന്‍ ഫഹദ് ഫാസില്‍. ഗലാട്ട പ്ലസിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ജീവിതത്തില്‍ ആദ്യമായിട്ടാണ് താനൊരു സിനിമയുടെ ഓഡിഷനില്‍ പങ്കെടുത്തതെന്ന് ഫഹദ് പറഞ്ഞു. എന്നാല്‍ പ്രൊഡക്ഷന്‍ ഹൗസിന്റെ പേരോ ഏതു സിനിമയെന്നോ വെളിപ്പെടുത്തിയില്ല.
''ഒരു ഹോളിവുഡ് പ്രൊഡക്ഷന്‍ ഹൗസിന്റെ ഓഡിഷന് ഞാന്‍ പോയിരുന്നു. പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. ആദ്യമായാണ് ഞാന്‍ ഒരു ഓഡിഷന് പങ്കെടുക്കുന്നത്. തികച്ചും സൗഹാര്‍ദ്ദപരമായിട്ടാണ് എല്ലാവരും എന്നോടു പെരുമാറിയത്. അവിടെ ചെന്നപ്പോള്‍ അവര്‍ എനിക്ക് അഭിനയിക്കാന്‍ ഒരു രംഗം തന്നു. എന്നാല്‍ ആ രംഗത്തിന് മുന്‍പോ അതിനു ശേഷമോ എന്താണെന്ന് എനിക്കറിയില്ല. സിനിമയിലെ ഒരു വലിയ നടനാണ് ആ സീനില്‍ എനിക്കൊപ്പം അഭിനയിക്കുന്നത്. ആ രംഗമാണ് ഞാന്‍ അവിടെ ചെയ്ത് കാണിക്കേണ്ടി വന്നത്.
പെട്ടെന്നൊരു സ്‌ക്രിപ്റ്റ് തന്നിട്ടു, ചെയ്‌തോളൂ എന്നു പറഞ്ഞാല്‍ എനിക്ക് പെട്ടന്ന് അഭിനയിക്കാന്‍ സാധിക്കില്ലെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്. എന്റെ അടുത്ത സുഹൃത്താണ് അങ്ങനെ പറയുന്നതെങ്കില്‍ പോലും എനിക്കത് കഴിയില്ല. സ്വാഭാവികമായി വന്നാലേ ചെയ്യാന്‍ കഴിയൂ. അതു നല്ലതോ മോശമോ എന്നതു രണ്ടാമത്തെ കാര്യമാണ്. പക്ഷേ, ഇതാണ് എന്റെ രീതി. അതില്‍ ഞാന്‍ സന്തുഷ്ടനാണ്.
കഥാപാത്രമായി മാറാന്‍ അല്‍പം സമയം വേണം. ഞാന്‍ ആ കഥാപാത്രത്തെ കണ്ടെത്തുന്നതിനേക്കാള്‍ മറ്റുള്ളവര്‍ക്ക് എന്നെ ആ കഥാപാത്രമായി അനുഭവപ്പെടാന്‍ തുടങ്ങിയാല്‍ എനിക്കു എന്നെത്തന്നെ വിലയിരുത്താന്‍ എളുപ്പമാകും. തിരക്കഥയ്‌ക്കൊപ്പം പോകുന്ന ആളല്ല ഞാന്‍. അതു സംഭവിക്കുകയാണ്. സിനിമയിലെ ഏറ്റവും മനോഹരമായ കാര്യം ഇങ്ങനെയുള്ള നിമിഷങ്ങള്‍ സംഭവിക്കുന്നതും അത് പകര്‍ത്തുന്നതുമാണ്. അല്‍പം പ്രയാസമാണെങ്കിലും അത് രസകരമാണ്''- ഫഹദ് കൂട്ടിച്ചേര്‍ത്തു.
ബോക്‌സോഫീസില്‍ ചരിത്രം രചിച്ച് മുന്നേറുകയാണ് ഫഹദ് ഫാസില്‍-ജിത്തു മാധവന്‍ ടീം ഒന്നിച്ച ആവേശം.
രംഗന്‍ അഥവാ രംഗണ്ണന്‍ എന്ന റൗഡിയുടെ കഥയാണ് ആവേശം. ബെംഗളൂരുവിലെ ഒരു കോളേജില്‍ പഠിക്കാനെത്തുന്ന മൂന്ന് മലയാളി വിദ്യാര്‍ത്ഥികളുടെ ഒരു പ്രശ്‌നത്തില്‍ രംഗന്‍ ഇടപെടുന്നതും തുടര്‍ന്നുനടക്കുന്ന സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളുമാണ് ആവേശത്തിന്റെ ആകെത്തുക. കോളേജ് മുറ്റത്ത് തുടങ്ങുന്ന പ്രശ്‌നങ്ങള്‍ വിദ്യാര്‍ത്ഥികളുടെ വ്യക്തിജീവിതത്തിലേക്കും പടരുന്നതോടെയാണ് ചിത്രം മറ്റൊരു വഴിയിലേക്ക് നീങ്ങുന്നത്.
Content Highlights: fahadh faasil on Hollywood movie audition, aavesham success
Published: 23 Apr 2024, 09:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented