തരമണി, തങ്കമീന്‍കള്‍, കട്രത് തമിഴ്, മമ്മൂട്ടി നായകനായ പേരന്പ് എന്നീ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ തമിഴ് സംവിധായകന് റാം, നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ 'യേഴ് കടല്‍ യേഴ് മലൈ' എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്ത്. അഞ്ജലി നായികാ വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തില്‍ പ്രശസ്ത നടന് സൂരിയും ഒരു നിര്‍ണ്ണായക വേഷം ചെയ്യുന്നുണ്ട്. സുരേഷ് കാമാച്ചിയുടെ നേതൃത്വത്തിലുള്ള വി ഹൗസ് പ്രൊഡക്ഷന്‍സ് നിര്‍മിച്ചിരിക്കുന്ന ചിത്രം 2025 മാര്‍ച്ചില്‍ ആഗോള റിലീസായെത്തും.
2024 മെയ് മാസത്തില്‍ നെതര്‍ലന്‍ഡില്‍ വെച്ച് നടന്ന റോട്ടര്‍ഡാം അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ ആയിരുന്നു ഈ ചിത്രത്തിന്റെ പ്രീമിയര്‍ നടന്നത്. ബിഗ് സ്ക്രീന്‍ കോമ്പറ്റീഷന് എന്ന മത്സരവിഭാഗത്തിലേക്കാണ് അവിടെ ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ശേഷം നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്.
ഈ ചിത്രത്തില്‍ വ്യത്യസ്തമായ വേഷപ്പകര്‍ച്ചയിലാണ് നിവിന്‍ പോളി എത്തുന്നത്. നിവിന്‍പോളിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരിക്കും ചിത്രത്തിലേതെന്നാണ് സൂചന. 46-ാമത് മോസ്കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 'ബ്ലോക്ക്ബസ്റ്റേഴ്സ് ഫ്രം എറൗണ്ട് ദ വേള്‍ഡ്' എന്ന കാറ്റഗറിയിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്.
സൂപ്പര്‍ ഹിറ്റ് സംഗീത സംവിധായകന് യുവാന്‍ ശങ്കര്‍ രാജ സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് എന്‍.കെ. ഏകാംബരം, എഡിറ്റ് ചെയ്തത് മദി വി.എസ്. എന്നിവരാണ്. ബോളിവുഡ് സിനിമകളില്‍ പ്രവര്‍ത്തിച്ച ചന്ദ്രക്കാന്ത് സോനവാനെ വസ്ത്രാലങ്കാരം നിര്വഹിച്ചപ്പോള്, ദേശീയ അവാര്‍ഡ് ജേതാവ് പട്ടണം റഷീദ് ആണ് ഇതിന്റെ മേക്കപ്പ് നിര്‍വഹിച്ചത്. സ്റ്റണ്ട് സില്‍വയാണ് ഇതിനു വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി നൃത്ത സംവിധാനം നിര്‍വഹിച്ചത് സാന്ഡിയാണ്.
Content Highlights: Nivin Pauly stars in `Ezhu Kadal Ezh Malai`, directed by Ram, releasing March 2025
Published: 20 Jan 2025, 07:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented