ഇറാനിൽ ഒരു ഭരണാധികാരിയെയും ഇറാനികൾ തിരഞ്ഞെടുക്കുന്നതല്ലെന്ന് നടി എൽനാസ് നൊറൂസി. കഴിഞ്ഞ 47 വർഷക്കാലത്തെയും പോലെ ഇറാനിയൻ ജനത തിരഞ്ഞെടുക്കാത്ത ആളുകൾ അധികാരത്തിൽ വരുന്നു. അലി ഖമനേയിയുടെ കാര്യത്തിലും അതുതന്നെ സംഭവിച്ചു. ഇപ്പോൾ മറ്റൊരു പരമോന്നത നേതാവും തിരഞ്ഞെടുക്കപ്പെടാതെ വരുന്നു - എൻ.ഡി.ടി.വി.ക്ക് നൽകിയ പ്രതികരണത്തിൽ എൽനാസ് പറഞ്ഞു. ഇറാന്റെ പുതിയ പരമോന്നത നേതാവായി ആയത്തുള്ള അലി ഖമനേയിയുടെ മകൻ മോജ്താബ ഹുസൈനി ഖമനേയിയെ തിരഞ്ഞെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു നടി. ഇറാനിൽ ജനിച്ച എൽനാസ് സേക്രഡ് ഗെയിംസ് എന്ന വെബ്സീരീസിലൂടെ ശ്രദ്ധേയയാണ്. ഇറാൻ വിട്ട നൊറൂസിയും കുടുംബവും ഇപ്പോൾ ജർമനിയിലാണുള്ളത്.
ഫെബ്രുവരി 28-നാണ് യു.എസും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ ആക്രമണം ആരംഭിച്ചത്. ഇതിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടു. തിരിച്ചടിച്ച ഇറാൻ യു.എ.ഇ. ഉൾപ്പെടെയുള്ള ഗൾഫ് നാടുകളിലെ അമേരിക്കൻ താവളങ്ങളെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തി. ഇതു ഗൾഫ് നാടുകളിൽ അശാന്തിക്ക് കാരണമായി. ഇപ്പോൾ അഞ്ച് ദിവസമായി ഏറ്റുമുട്ടൽ തുടരുകയാണ്.
നിലവിൽ തനിക്ക് ഇറാനിലെ കുടുംബവുമായോ സുഹൃത്തുക്കളുമായോ ആശയവിനിമയം നടത്താനാവുന്നില്ലെന്ന് എൽനാസ് പറഞ്ഞു. "അവിടെ വീണ്ടും വിവരവിനിമയ സംവിധാനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്. ഇറാൻ ഇപ്പോഴും അശാന്തമാണ്. സുരക്ഷിതരായിരിക്കാൻ സാധാരണക്കാർ വീട്ടിലിരിക്കണമെന്നും പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്. പ്രസിഡന്റ് ട്രംപ് പറഞ്ഞതും ഇതാണ്. കിരീടാവകാശി റെസ പഹലവിയും ഇതേ നിർദേശമാണ് നൽകിയിരിക്കുന്നത്." ജനുവരിയിലോ ഡിസംബറിലോ പ്രതിഷേധങ്ങൾ നടന്നപ്പോൾ ഉള്ളതിനേക്കാൾ അരക്ഷിതാവസ്ഥയാണ് ഇപ്പോൾ ആളുകൾ അനുഭവിക്കുന്നതെന്നും നടി പറഞ്ഞു.
പുതിയ നേതാവിനെക്കുറിച്ചുള്ള ചോദ്യത്തിന്, അധികാരത്തിൽ വരുന്നവരെ ഇറാൻ ജനതയല്ല തിരഞ്ഞെടുക്കുന്നതെന്നും 47 വർഷമായി ഇതു തുടരുകയാണെന്നും എൽനാസ് പറഞ്ഞു. ഇറാൻ ജനതയ്ക്ക് ആർക്കും അറിയാത്ത ഒരാളെയാണ് അവർ നേതാവായി തിരഞ്ഞെടുത്തത്. അവർ ഖമനേയിയെ കൊന്നു. ഇനി അദ്ദേഹത്തിന്റെ മകൻ പരമോന്നത നേതാവാകും. ഞങ്ങൾക്ക് അതിൽ അഭിപ്രായങ്ങളില്ല. ഞങ്ങൾക്ക് ഒന്നും പറയാനാവില്ല - എൽനാസ് കൂട്ടിച്ചേർത്തു.
ഇറാൻ വിടണമെന്ന് തന്റെ മാതാപിതാക്കൾക്ക് തോന്നിയ എന്തെങ്കിലും പ്രത്യേക നിമിഷം ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. താൻ ജനിച്ചുവീണത് തന്നെ ഇറാനിലെ കുഴപ്പങ്ങളിലേക്കാണെന്നും ഇറാനിലെ പലരും ഈ സാഹചര്യത്തിലാണ് ജനിച്ചതെന്നും അവർ പറഞ്ഞു. തനിക്ക് ഓർമവെച്ച കാലം മുതൽ രാജ്യം വിടുന്നതിനെക്കുറിച്ച് മാതാപിതാക്കൾ സംസാരിക്കാറുണ്ടായിരുന്നുവെന്നും നടി ഓർത്തെടുത്തു.
ഇറാനിൽ നല്ല ജീവിതം സാധ്യമല്ലാത്തതിനാൽ 50 ലക്ഷത്തിലധികം ഇറാനികൾ അമേരിക്കയിലും ഓസ്ട്രേലിയയിലും യൂറോപ്പിലും ലോകമെമ്പാടുമായി ചിതറിപ്പാർക്കുകയാണ് എന്നത് തങ്ങളുടെ ജീവിതത്തിലെ സങ്കടകരമായ കാര്യമാണെന്നും നടി പറഞ്ഞു. ഇറാൻ ജനത തങ്ങളുടെ രാജ്യം തിരിച്ചുപിടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും നടി പറഞ്ഞു.
ഇന്ത്യൻ സിനിമയിൽ സജീവമായ എൽനാസ്, കാണ്ഡഹാർ (2022), ഡെവിൾ: ദ ബ്രിട്ടീഷ് സീക്രട്ട് ഏജന്റ് (2023), ടെഹ്റാൻ (2025), മസ്തി 4 (2025) തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മെയ്ഡ് ഇൻ ഹെവൻ, ദ ട്രെയ്റ്റേഴ്സ്, രൺനീതി: ബാലക്കോട്ട് ആൻഡ് ബിയോണ്ട് തുടങ്ങിയ വെബ് സീരീസുകളിലും അവർ വേഷമിട്ടു.
Content Highlights: Iranians don't choose their rulers, it's been the same for 47 years: Elnaaz Norouzi.
Published: 04 Mar 2026, 08:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented