തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രമായ 'സീതാരാമം'. ചിത്രം പ്രേക്ഷകർ ഏറ്റെടുത്തതിൽ നന്ദിയറിയിച്ചും സന്തോഷം പ്രകടിപ്പിച്ചും ഒരു തുറന്ന കത്തുമായി രം​ഗത്തെത്തിയിരിക്കുകയാണ് ദുൽഖർ. സിനിമയിലെ കഥാപാത്രമായ റാമിന്റെ പേരിലാണ് കത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. 

To advertise here,

സ്വപ്നയും സംവിധായകൻ ഹനുവും 'സീതാരാമ'വുമായി സമീപിക്കുമ്പോൾ താൻ സുരക്ഷിതമായ കൈകളിലാണെന്ന് അറിയാമായിരുന്നെന്ന് ദുൽഖർ എഴുതി. നൽകുന്നത് ​മികച്ച ചിത്രമാണെന്നും നേരിട്ടുള്ള തെലുങ്ക് ചിത്രങ്ങൾ ചെയ്യണമെന്നാണ് എപ്പോഴും ആ​ഗ്രഹിക്കുന്നത്. സിനിമയ്ക്ക് പിന്നിൽ എല്ലാവരുടേയും കൂട്ടായ പ്രവർത്തനമുണ്ട്. എല്ലാവരും ഒത്തുചേർന്ന് പരിശ്രമിച്ചതിനാലാണ് 'സീതാരാമം' ഇത്രയും മനോഹരമായതെന്നും അദ്ദേഹം പറഞ്ഞു.

"സിനിമയെ ആളുകൾ നിറഞ്ഞമനസോടെ സ്വീകരിക്കുന്നതുകണ്ട് റിലീസ് ദിവസം കരഞ്ഞുപോയി. നിങ്ങൾ കാണിക്കുന്ന സ്നേഹത്തെ എങ്ങനെയാണ് വാക്കുകൾകൊണ്ട് വർണിക്കേണ്ടതെന്ന് അറിയില്ല. തെലുങ്കിലെ സിനിമാ പ്രേമികളോടും സിനിമയെന്ന കലാരൂപത്തെ ഏറ്റവുമധികം വിശ്വസിക്കുന്നവർക്കും നന്ദി പറയുന്നു. ഞാൻ നിങ്ങളുടെ സ്വന്തമാണെന്ന തോന്നൽ എന്നിലുണ്ടാക്കിയതിനും നന്ദി." ദുൽഖർ കുറിച്ചു.

ഓ.കെ. കണ്മണിയുടെ തെലുങ്ക് മൊഴിമാറ്റ പതിപ്പായ ഓ.കെ. ബം​ഗാരമാണ് ദുൽഖറിന്റേതായി തെലുങ്കിൽ ആദ്യം റിലീസ് ചെയ്ത ചിത്രം. ഇതിന്റെ സംവിധായകനായ മണിരത്നത്തിനും കത്തിൽ നന്ദി പറയുന്നുണ്ട്. നാ​ഗ് അശ്വിൻ സംവിധാനം ചെയ്ത മഹാനടി, കണ്ണും കണ്ണും കൊള്ളയടിത്താൽ, കുറുപ്പ് എന്നീ ചിത്രങ്ങളുടെ ഡബ്ബിങ് പതിപ്പ് എന്നിവയാണ് ദുൽഖറിന്റേതായി ഇതിനുമുമ്പ് എത്തിയ തെലുങ്ക് ചിത്രങ്ങൾ.