ആഗോളതലത്തിൽപ്പോലും തനിക്ക് സ്വീകാര്യത ലഭിച്ചത് 'സീതാരാമം' എന്ന തെലുങ്ക് ചിത്രത്തിലൂടേയാണെന്ന് നടി മൃണാൾ ഠാക്കൂർ. 'സീതാരാമം' തന്റെ ആദ്യത്തേയും അവസാനത്തേയും തെലുങ്ക് ചിത്രമായിരിക്കുമെന്ന് നായകനായ ദുൽഖർ സൽമാനോട് പറഞ്ഞിരുന്നു. ഭാഷാപരമായി വെല്ലുവിളികൾ നേരിട്ടെങ്കിലും 'സീതാരാമം' പോലുള്ള സിനിമകൾക്കായി ചെലവഴിക്കുന്ന സമയം പിന്നീട് സർഗാത്മകമായി സംതൃപ്തി നൽകിയെന്നും മൃണാൾ കൂട്ടിച്ചേർത്തു.

To advertise here,

'സീതാരാമം' ബ്ലോക്ക്ബസ്റ്റർ സിനിമയായിരുന്നു. ആ ചിത്രത്തിലൂടേയാണ് തനിക്ക് ഇന്ത്യയിലുടനീളവും അന്താരാഷ്ട്രതലത്തിലും വലിയ അംഗീകാരം ലഭിച്ചത്. 'സീതാരാമം' ആണ് തന്നെ നടിയായി അടയാളപ്പെടുത്തിയതെന്നും ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ മൃണാൾ പറഞ്ഞു.

തെലുങ്ക് ഭാഷ പഠിക്കാനും കൈകാര്യംചെയ്യാനുമുള്ള പ്രയാസം കാരണം, 'സീതാരാമം' തന്റെ ആദ്യത്തേയും അവസാനത്തേയും തെലുങ്ക് സിനിമയായിരിക്കുമെന്ന് ദുൽഖറിനോട് പറഞ്ഞിരുന്നു. 'സീതാരാമ'ത്തിൽ ഉപയോഗിച്ചിരിക്കുന്നത് സാധാരണ സംസാരഭാഷയല്ല. 70-കളിലേയും 80-കളിലേയും തെലുങ്കാണ്. ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കിയെന്നും നടി ഓർത്തെടുത്തു.

ഒരു തെലുങ്ക് സിനിമ പൂർത്തിയാക്കാൻ ഏകദേശം 150 ദിവസത്തെ പരിശ്രമം വേണ്ടിവരും. ഇത്രയധികം അധ്വാനം വേണ്ടിവരുന്നതുകൊണ്ടുകൂടിയാണ് തന്റെ അവസാന തെലുങ്ക് ചിത്രമായിരിക്കും 'സീതാരാമം' എന്ന് പറഞ്ഞത്. എന്നാൽ അത്തരം സിനിമകൾക്കുവേണ്ടി ചെലവഴിച്ച സമയം മൂല്യവത്താണെന്ന് ഇപ്പോൾ തിരിച്ചറിയുന്നുവെന്നും മൃണാൾ കൂട്ടിച്ചേർത്തു.

ദുൽഖറിനേയും 'സീതാരാമം' സംവിധായകൻ ഹനു രാഘവപുടിയേയും മൃണാൾ 'സിനിമ പിച്ചി' എന്നും വിശേഷിപ്പിച്ചു. സിനിമയോട് ഭ്രാന്തമായ അഭിനിവേശമുള്ളവരെയാണ് തെലുങ്കിൽ 'സിനിമ പിച്ചി' എന്ന് വിശേഷിപ്പിക്കുന്നതെന്നും മൃണാൾ പറഞ്ഞു.

ദുൽഖർ സൽമാനേയും മൃണാൾ ഠാക്കൂറിനേയും രശ്മിക മന്ദാനയേയും പ്രധാനകഥാപാത്രങ്ങളായി ഹനു രാഘവപുടി സംവിധാനംചെയ്ത തെലുങ്ക് ചിത്രമാണ് 'സീതാരാമം'. 2022-ൽ പുറത്തിറങ്ങിയ ചിത്രം വലിയ ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു. 25 കോടി ചെലവിൽ നിർമിച്ച ചിത്രം 100 കോടി കളക്ഷൻ നേടി. 2022-ലെ മികച്ച ചിത്രത്തിനുള്ള തെലങ്കാന സർക്കാറിന്റെ ഗദ്ദർ അവാർഡ് 'സീതാരാമം' നേടിയിരുന്നു.