
സ്ഥാപനത്തിലെ ജീവനക്കാര്‍ മകള്‍ ദിയ കൃഷ്ണയോട് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് നടന്‍ കൃഷ്ണ കുമാര്‍ നല്‍കിയ പരാതിയില്‍ പ്രതികരിച്ച് ഡോക്ടറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഡോ.സൗമ്യ സരിന്‍. സിന്ധു കൃഷ്ണ പുറത്തുവിട്ട വീഡിയോ കണ്ടാല്‍ ആരാണ് പറ്റിച്ചതെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസിലാകുമെന്നും പൂര്‍ണമായി വിശ്വസിച്ച് പൈസ ഏല്‍പ്പിച്ച ആളുകള്‍ ഒരു സുപ്രഭാതത്തില്‍ ഒരു മനസാക്ഷിക്കുത്തുമില്ലാതെ വഞ്ചിച്ചു എന്നറിയുമ്പോള്‍ ഉണ്ടാകുന്ന വേദന വലുതാണെന്നും സൗമ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തെറ്റിനെ തെറ്റ് എന്നും ശരിയെ ശരി എന്നും പറയാന്‍ ഒരാളുടെ ജാതിയും മതവും രാഷ്ട്രീയവുമൊന്നും നോക്കേണ്ട ആവശ്യമില്ലെന്നും സൗമ്യ വ്യക്തമാക്കി.
താനും ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ ആ വേദന നന്നായി അറിയാമെന്നും സൗമ്യ പറയുന്നു. സിന്ധു കൃഷ്ണ യുട്യൂബില്‍ പങ്കുവെച്ച വീഡിയോ പോസ്റ്റ് ചെയ്താണ് സൗമ്യ ദിയയ്ക്ക് പിന്തുണ അറിയിച്ചത്. രാഷ്ട്രീയതിമിരം ബാധിച്ച് നമ്മളോട് വൈരാഗ്യബുദ്ധിയോടെ മാത്രം പെരുമാറുന്നവര്‍ നമുക്കെതിരെ എന്ത് കിട്ടിയാലും ഛര്‍ദ്ദിക്കുമെന്നും അവിടെ സത്യവും ധര്‍മവും ഒന്നുമില്ലെന്നും സൗമ്യ കുറിപ്പില്‍ പറയുന്നു.
Read More: പണം തിരിച്ചുതരാമെന്ന് സമ്മതിച്ചിരുന്നു, കള്ളക്കേസ് നല്‍കാനുള്ള പുതിയ ആശയം ആരോ അവര്‍ക്ക് നല്‍കി-അഹാന
സൗമ്യ സരിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
ദിയ കൃഷ്ണയെ എനിക്ക് വ്യക്തിപരമായി അറിയില്ല. പക്ഷെ ഇന്നലെ മുതല്‍ നിങ്ങളെ പോലെ ഞാനും അവരുടെ പേര് ഒരു കേസുമായി ബന്ധപെട്ടു കേള്‍ക്കുന്നു. ഒരു ഫ്രോഡിനെതിരെ ഒരു വഞ്ചന കേസുമായി ഞാനും മുന്നോട്ട് പോകുന്നത് കൊണ്ട് ഒരു കൗതുകം തോന്നി കൂടുതല്‍ വിശദമായി ഒന്ന് അറിയാന്‍ ശ്രമിച്ചു.
ഈ വീഡിയോ ദിയയുടെ കുടുംബം പുറത്തു വിട്ടതാണ്. ഇത് കൂടാതെ ദിയ കൃഷ്ണ ഫോണ്‍ വിളിച്ചു മോശമായി സംസാരിച്ചു എന്ന് പറഞ്ഞു ആ മൂന്നു പെണ്‍കുട്ടികള്‍ തന്നെ പുറത്തു വിട്ട വീഡിയോയുടെ ലിങ്കും കമ്മെന്റ് ബോക്‌സില്‍ കൊടുത്തിട്ടുണ്ട്. ഇത് കാണുന്ന / കേള്‍ക്കുന്ന അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകും ആരെ ആരെയാണ് വെടിപ്പായി പറ്റിച്ചത് എന്ന്...കേട്ടിട്ട് നിങ്ങള്‍ തന്നെ ഒരു തീരുമാനത്തില്‍ എത്തിയാല്‍ മതി. ഞാനായിട്ട് ഒന്നും പറയുന്നില്ല.
മാസങ്ങള്‍ക്കു മുമ്പ് ഇതുപോലെ പറ്റിക്കപെട്ട് ഞാനും നിങ്ങളുടെ മുമ്പില്‍ വന്നതാണല്ലോ. അതുകൊണ്ട് എനിക്ക് കുറച്ചു കൂടി എളുപ്പത്തില്‍ കാര്യങ്ങള്‍ പിടി കിട്ടും ...അനുഭവം ഗുരു എന്നാണല്ലോ... വഞ്ചിക്കപെടുക എന്നത് വല്ലാത്തൊരു അവസ്ഥ ആണ്. നമ്മള്‍ പൂര്‍ണമായി വിശ്വസിച്ചു പൈസ ഏല്പിച്ച ആളുകള്‍ നമ്മളെ ഒരു സുപ്രഭാതത്തില്‍ ഒരു മനസ്സാക്ഷിക്കുത്തും ഇല്ലാതെ പറ്റിച്ചു എന്നറിയുമ്പോള്‍ നമ്മള്‍ വല്ലാതായിപ്പോകും. പോയ പൈസയെക്കാള്‍ പോയ വിശ്വാസം നമ്മെ വേദനിപ്പിക്കും.
ഈ വഞ്ചിച്ചവര്‍ക്ക് അങ്ങിനെ അല്ല. അവര്‍ ഒരുങ്ങി ഇറങ്ങിയവര്‍ ആണ്. വഞ്ചിച്ചതും പോരാഞ്ഞു ഒരു മടിയും ഇല്ലാതെ പിന്നെയും അവര്‍ നമ്മെ നുണകള്‍ കൊണ്ട് ആക്രമിക്കും. അതിന്റെ കൂടെ നമ്മളെ ആക്രമിക്കാന്‍ തക്കം പാര്‍ത്തിരുന്നവര്‍ കൂടി കൂടും. അവര്‍ക്ക് നമ്മള്‍ തോറ്റാല്‍ മാത്രം മതി. അവിടെ സത്യം എന്ത് എന്നവര്‍ അന്വേഷിക്കുകയുമില്ല, അതവരെ ബാധിക്കുകയുമില്ല. ഇരവാദം ആണ് ഇവരുടെ മെയിന്‍! ആ ഇരവാദം കൊണ്ട് അവര്‍ പലയിടത്തും പോകും. എവിടെ നിന്നെങ്കിലും സഹായം കിട്ടാതിരിക്കില്ലല്ലോ. അതാണല്ലോ നമ്മുടെ ലോകം!
ഞാനും ഇതേ അവസ്ഥയിലൂടെ പോയ ഒരാള്‍ ആണ്. ഇന്നത്തെ കാലത്തിനു ഒരു പ്രത്യേകതയുണ്ട്. സത്യത്തെ സത്യം എന്ന് പറയാനും നുണയെ നുണ എന്ന് പറയാനും പലര്‍ക്കും രണ്ട് വട്ടം ആലോചിക്കണം. കാരണം ഇപ്പോ അതുപോലും അപ്പുറത്ത് നില്കുന്നവന്റെ രാഷ്ട്രീയം നോക്കിയാണ്! എതിര്‍ച്ചേരി ആണെന്ന് തോന്നിയാല്‍ സത്യമാണെന്ന് നല്ല ഉറപ്പ് ഉണ്ടെങ്കിലും അവന്‍ കള്ളമായിരിക്കും പറയുന്നത് എന്ന് ഒരു സങ്കോചവും കൂടാതെ അങ്ങ് കാച്ചിക്കളയും. കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍?രാഷ്ട്രീയതിമിരം ബാധിച്ചു നമ്മളോട് വൈരാഗ്യബുദ്ധിയോടെ മാത്രം പെരുമാരുന്നവര്‍ നമുക്കെതിരെ എന്ത് കിട്ടിയാലും ഛര്‍ദിക്കും. അവിടെ സത്യവുമില്ല. ധര്‍മവുമില്ല.
എന്നേ പറ്റിച്ച വ്യക്തി UK-യിലെ കോണ്‍ഗ്രസ്സ് പാര്‍ടിയുടെ വലിയ ആളാണെന്നു പറഞ്ഞാണ് ഇങ്ങോട്ട് സഹായം വാഗ്ദാനം ചെയ്തത്. അത് വിശ്വസിച്ചു എന്നതാണ് ഞാന്‍ ചെയ്ത തെറ്റ്. യു കെ യിലെ കൊണ്‌ഗ്രെസ്സ് പാര്‍ട്ടിയുടെ നേതാക്കളെ നേരിട്ട് അറിയാമായിരുന്നിട്ടും ഒന്ന് അന്വേഷിക്കാന്‍ തോന്നിയില്ല. ചിലപ്പോള്‍ അമിതവിശ്വാസം നമ്മെ ഇത്തരത്തില്‍ വിഡ്ഢികള്‍ ആക്കിക്കളയും. സത്യമാണ്. ചതി പറ്റി കഴിഞ്ഞതിനു ശേഷമാണു ഞാന്‍ അവരുമായി ബന്ധപ്പെട്ടത്. അവര്‍ ഈ വ്യക്തിക്ക് അവിടെയുള്ള നേതൃത്വവുമായി ഒരു ബന്ധവുമില്ല എന്ന് പറയുകയും എനിക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. അത് നന്ദിയോടെ ഓര്‍ക്കുന്നു.
എന്നാല്‍ ആ സമയം സരിന്‍ പാര്‍ട്ടി മാറാന്‍ തീരുമാനിച്ച സമയം കൂടി ആയത് കൊണ്ട് ആ ഫ്രോഡിന് നന്നായി അറിയാമായിരുന്നു എന്നേ ആക്രമിക്കാന്‍ ആരെ കൂട്ട് പിടിക്കണം എന്ന്... ഏതു പാര്‍ട്ടിയിലും കാണും സൈബര്‍ പോരാളികള്‍ എന്നും പറഞ്ഞു ഒരു നേരും നെറിയും ഇല്ലാതെ വിഷം തുപ്പുന്ന ചില പേജുകള്‍. അങ്ങിനെ ഉള്ള ചിലരുമായി അയാള്‍ കൈകോര്‍ത്തു. എന്നിട്ട് നുണയുടെ ഒരു കൂമ്പാരം പല വീഡിയോകളായി അവര്‍ വഴി പുറത്തു വിട്ടു.
അതിനൊന്നും പ്രതികരിക്കാന്‍ ഞാന്‍ എന്റെ സമയം കളഞ്ഞില്ല. കാരണം സത്യം എന്നൊന്നുണ്ട്. അത് ഇന്നല്ലെങ്കില്‍ നാളെ പുറത്തു വരും. തെറ്റിനെ തെറ്റ് എന്നും ശരിയേ ശെരി എന്നും പറയാന്‍ നിങ്ങള്‍ക്ക് ഒരാളുടെ ജാതിയും മതവും രാഷ്ട്രീയവുമൊക്കെ നോക്കേണ്ട ആവശ്യം ഉണ്ടോ? ഉണ്ടാവരുത്... അതു കൊണ്ടാണ് ഇന്ന് ഞാന്‍ ഈ പോസ്റ്റ് ഇട്ടത്.
ഈ കേസിലും ദിയയുടെ അച്ഛന്‍ കൃഷ്ണകുമാര്‍ ആയത് കൊണ്ടും അദ്ദേഹം ഒരു പാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ ആയത് കൊണ്ടും മാത്രം പലരും പല മാധ്യമങ്ങളും മനഃപൂര്‍വം സത്യത്തിന് നേരെ കണ്ണടക്കുന്നതായി തോന്നി. കഷ്ടമാണത്. ഇവിടെ അതിന് എന്ത് പ്രസക്തിയാണുള്ളത്? പിന്നെ മുകളില്‍ പറഞ്ഞ പോലെ, വ്യക്തിപരമായ മറ്റു വൈരാഗ്യബുദ്ധി വെച്ച് നിങ്ങള്‍ തെറ്റിനെ ന്യായീകരിക്കുന്നുണ്ടെങ്കില്‍ നിങ്ങളും ആ വഞ്ചിച്ചവരും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ലാ. ഒന്ന് തന്നെ!
ഒരു കാര്യം കൂടി എഴുതി നിര്‍ത്തുന്നു, പറ്റിക്കാന്‍ ഇറങ്ങി തിരിച്ചവരോടാണ്...ഒരാളുടെ വിയര്‍പ്പിന്റെ മൂല്യമാണ് അയാളുടെ കയ്യിലെ ഓരോ നാണ്യ തുട്ടും. അതില്‍ എഴുതിയത് അയാളുടെ പേരാണ്. അത് എന്ന് നിങ്ങള്‍ ചതിയിലൂടെ കൈക്കലാക്കുന്നോ, അന്ന് മുതല്‍ നിങ്ങളുടെ നാശം തുടങ്ങുന്നു.
ചതിച്ചു വഞ്ചിച്ചും കൈക്കലാക്കിയ ഒരു രൂപ പോലും നിങ്ങള്‍ക്ക് ഗുണത്തില്‍ വരില്ല. ആ പാപം നിങ്ങളെ മാത്രമല്ല, നിങ്ങളുടെ അടുത്ത തലമുറയെ പോലും നശിപ്പിക്കും. നിങ്ങള്‍ കൈക്കലാക്കിയ മുതലിന്റെ എത്രയോ ഇരട്ടി നിങ്ങള്‍ക്ക് കൈമോശം വരും... കാരണം നിങ്ങള്‍ വഞ്ചിച്ചവന്റെ മനസ്സില്‍ നിന്നും ഇറ്റുന്ന കണ്ണുനീരുണ്ടല്ലോ, അതിന് നിങ്ങളെ ഈ ജന്മം മുഴുവന്‍ എരിക്കാനുള്ള ശക്തിയുണ്ട്. മനസ്സമാധാനം എന്നൊന്ന് നിങ്ങള്‍ക്ക് ഉണ്ടാവില്ല! അതാണ് കാലത്തിന്റെ കാവ്യാനീതി! കാത്തിരുന്നോളൂ....
Content Highlights: dr soumya sarin on diya krishna case
Published: 08 Jun 2025, 08:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented