കോഴിക്കോട്: വനിതാചലച്ചിത്രമേളയിൽ പ്രതിഷേധിച്ച സംവിധായിക കുഞ്ഞിലാ മസിലാമണിയെ പോലീസ് കസ്റ്റഡിയിൽ എടുക്കാൻ ഇടയായ സാഹചര്യങ്ങളിൽ പ്രതിഷേധിച്ച് സംവിധായിക വിധു വിൻസെന്റ് തന്റെ സിനിമ മേളയിൽ പ്രദർശിപ്പിക്കുന്നത് തടഞ്ഞു. ‘വൈറൽ സെബി’ എന്ന തന്റെ സിനിമ ഫെസ്റ്റിവലിൽനിന്ന് പിൻവലിക്കുന്നതായി വിധു ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. ഞായറാഴ്ച രാവിലെ പത്തുമണിക്കാണ് ഈ സിനിമ പ്രദർശിപ്പിക്കാനിരുന്നത്.

To advertise here,

‘അസംഘടിതർ’ എന്ന തന്റെ സിനിമ ഒഴിവാക്കിയതിനെതിരേ സംവിധായിക കുഞ്ഞിലാ മസിലാമണി അന്താരാഷ്ട്ര വനിതാചലചിത്രമേളയിൽ പ്രതിഷേധിച്ചിരുന്നു. മേളയുടെ ഉദ്ഘാടനം തുടങ്ങുന്നതിന് തൊട്ടുമുൻപ് വേദിയിൽ കയറിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു അവർ. തുടർന്ന് അവരെ കസ്റ്റഡിയിലെടുത്ത പോലീസ് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചും കെ.കെ. രമ എം.എൽ.എ.യെ പിന്തുണച്ചും മുദ്രാവാക്യം മുഴക്കി. അറസ്റ്റുചെയ്ത് നീക്കുമ്പോൾ പിണറായി വിജയൻ കള്ളംപറയുകയാണെന്നും അവർ വിളിച്ചുപറയുന്നുണ്ടായിരുന്നു.

ജിയോ ബേബി ഒരുക്കിയ ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി സിനിമയിലെ അഞ്ചു ചിത്രങ്ങളിലൊന്നാണ് അസംഘടിതർ. തന്റെ ചിത്രം ഒഴിവാക്കിയതിനെതിരേ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനോട് പ്രതിഷേധിക്കുമെന്ന് അവർ ഫെയ്‌സ്ബുക്കിൽ കുറിച്ചിരുന്നു. വേദിയിലെത്തിയ അവർ തന്റെ മെസേജ് കണ്ടോ അതേപ്പറ്റി എന്താണ് പറയാനുള്ളതെന്ന് രഞ്ജിത്തിനോട് ചോദിച്ചു. ഫെയ്‌സ്ബുക്ക് ലൈവ് അവസാനിപ്പിച്ചുവന്നാൽ ചർച്ചചെയ്യാമെന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.

പ്രതിഷേധം ഭൂഷണമല്ല -രഞ്ജിത്

ഭൂഷണമായ കാര്യമല്ല ചലചിത്രമേളയിൽ നടന്ന പ്രതിഷേധമെന്ന് ചലചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് പറഞ്ഞു. ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾ മേളയിൽ ഉൾപ്പെടുത്തില്ലെന്ന് നേരത്തേ പറഞ്ഞതാണ്. സാമാന്യബോധമുണ്ടെങ്കിൽ ഇങ്ങനെയല്ല പ്രതിഷേധിക്കുകയെന്നും രഞ്ജിത് പറഞ്ഞു.