പോലീസ് ഡേ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ച് പ്രൊഡക്ഷൻ കൺട്രോളറുടെ മകനെ മതംമാറ്റാൻ അൻസിബ ശ്രമിച്ചെന്ന് ടിനി ടോം പറഞ്ഞിട്ടില്ലെന്ന് ഈ ചിത്രത്തിന്റെ സംവിധായകൻ സന്തോഷ് മോഹൻ പാലോട്. അൻസിബ കള്ളമാണ് പറയുന്നതെന്ന് അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ടിനി ടോമിന്റെ കരിയർ തകർക്കാൻ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ടിനി തന്റെ രാഷ്ട്രീയം വ്യക്തമാക്കിയതിനുശേഷമാണ് ഈ ഗൂഢാലോചനകളെല്ലാം തുടങ്ങിയത്. പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനക്കുന്നിനെ എന്തിനാണ് മാലാ പാർവതി നിരന്തരം വിളിക്കുന്നത്. മാലാ പാർവതിയാണ് ഈ വിവാദങ്ങളുടെയെല്ലാം കേന്ദ്രബിന്ദു. അമ്മയിൽനിന്ന് രാജിവെയ്ക്കാതെ ശ്വേതാ മേനോൻ പോരാടണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

To advertise here,

സന്തോഷ് മോഹൻ പാലോടിന്റെ പ്രതികരണം

“2023-ലാണ് ഞാൻ സംവിധാനംചെയ്യുന്ന പോലീസ് ഡേ എന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയത്. അൻസിബയും ടിനി ടോമും തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങിയത് ഈ സിനിമാ സെറ്റിൽവെച്ചാണ്. റംസാൻ നോമ്പുമായി ബന്ധപ്പെട്ടാണ് പ്രശ്നത്തിന്റെ തുടക്കം. രാജീവ് കുടപ്പനക്കുന്നായിരുന്നു പോലീസ് ഡേയുടെ പ്രൊഡക്ഷൻ കൺട്രോളർ. അദ്ദേഹത്തിനെ സഹായിക്കാനായി മകനായ ശ്രീക്കുട്ടൻ സെറ്റിൽ വരുമായിരുന്നു. ശ്രീക്കുട്ടൻ ഈ സമയത്ത് റംസാൻ വ്രതമെടുക്കുന്നുണ്ടായിരുന്നു. നോമ്പ് മുറിക്കുന്ന സമയത്ത് അൻസിബ ശ്രീക്കുട്ടനും ഭക്ഷണം നൽകുമായിരുന്നു. ഇതാണ് അൻസിബ ശ്രീക്കുട്ടനെ മതംമാറ്റാൻ ശ്രമിച്ചെന്ന വിവാദത്തിന്റെ തുടക്കം.

ഈ വിവാദം ഒരു ഗൂഢാലോചനയാണെന്ന് എനിക്ക് വ്യക്തമായി പറയാൻ സാധിക്കും. രണ്ട് കാരണങ്ങളാണുള്ളത്. ഇങ്ങനെയൊരു സംഭവം നടക്കുന്നുണ്ടെന്ന് രാജീവോ അദ്ദേഹത്തിന്റെ മകനോ ടിനി ടോമിനോട് പറയണം. അല്ലെങ്കിൽ ടിനി ടോം ഈ സിനിമയുടെ സെറ്റിൽ ഉണ്ടാവണം. ഇത് രണ്ടും സംഭവിച്ചില്ല. കാരണം, പോലീസ് ഡേ എന്ന ചിത്രത്തിന്റ സെറ്റിൽ ടിനി ടോം ജോയിൻ ചെയ്യുന്നത് റംസാൻ വ്രതം കഴിഞ്ഞതിനുശേഷമാണ്. ഗൂഢാലോചന നടത്തിയവർ ഇക്കാര്യം ശ്രദ്ധിച്ചില്ല. ദൈവത്തിന്റെ കയ്യൊപ്പ് പോലെയുള്ള ഒരു കാര്യമാണിത്. അപ്പോൾത്തന്നെ ഇതൊരു ഗൂഢാലോചനയാണെന്ന് വ്യക്തമായിക്കഴിഞ്ഞു.

മാധ്യമങ്ങളിലൂടെ ഇങ്ങനെ ഒരാരോപണം ടിനി ടോമിനെതിരെ അൻസിബ പറയുമ്പോൾ ആ ചിത്രത്തിന്റെ സംവിധായകനായ എന്റെയടുത്ത് ചോദിച്ച് വ്യക്തത വരുത്തിയ ശേഷം അവർക്കത് പറഞ്ഞാൽ പോരേ? ഒരു ആരോപണം ഉന്നയിക്കുന്നതിന് മുൻപ് ആ സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കണം. വെറുതെ ഒരു മനുഷ്യനെ ക്രൂശിക്കരുത്. ഈ സംഭവത്തിന്റെ തുടർച്ചയായിട്ടുള്ള കാര്യങ്ങളാണ് പിന്നീട് അമ്മ എന്ന സംഘടനയുടെ ഇപ്പോഴത്തെ ഈ നാശത്തിലേക്ക് നയിച്ചത്. ചെറിയൊരു തീപ്പൊരിയിൽനിന്ന് തുടങ്ങി ഒരു വലിയ ഒരു ആളിക്കത്തലിലേക്കാണ് കാര്യങ്ങൾ വന്നിരിക്കുന്നത്.

മതപരമായ കാര്യം നമ്മൾ എടുത്തിട്ടുകഴിഞ്ഞാൽ അത് തീപ്പൊരിയാണ്. അത് ആളിക്കത്തിച്ചാൽ നമ്മുടെ കയ്യിൽ നിൽക്കില്ല. നിങ്ങൾ ഒരാളെപ്പറ്റി എന്തെങ്കിലും പറയുമ്പോൾ മതം അതിനകത്ത് വലിച്ചിടരുത്. ഞാൻ അതിന് അനുകൂലമല്ല എന്ന് വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. ഈയൊരു സംഭവത്തോടെ ടിനി ടോമിന്റെ ഭാവിതന്നെ വിഷയത്തിലായി. ഇങ്ങനെയൊരു കാര്യം വരുമ്പോൾ ചില മനുഷ്യർക്ക് മാനസികമായി താങ്ങാൻ കഴിയില്ല. എന്തിനാണിങ്ങനെ നുണ പറയുന്നത്?

രാജീവ് കുടപ്പനക്കുന്നിനെ എന്തിനാണ് മാലാ പാർവതി നിരന്തരം വിളിക്കുന്നത്. മാലാ പാർവതിയാണ് ഈ വിവാദങ്ങളുടെയെല്ലാം കേന്ദ്രബിന്ദു. ടിനി ടോം അദ്ദേഹത്തിന്റെ രാഷ്ട്രീയം വെളിപ്പെടത്തിയതിനുശേഷമാണ് ഈ ഗൂഢാലോചന വ്യക്തമായി വരുന്നത്. അതിന് മുൻപ് അങ്ങനെയൊരു സംഭവമില്ലല്ലോ. മാധ്യമങ്ങളിൽ വന്ന വാർത്തകൾ നോക്കിയാൽ ഇക്കാര്യം മനസിലാകും. ടിനി ടോമിനെ മാത്രമല്ല, ശ്വേതാ മേനോനെയും ഈ ഗൂഢാലോചനക്കാർ ലക്ഷ്യംവെച്ചിട്ടുണ്ട്. അല്ലെങ്കിൽ എന്തുകൊണ്ട് ഇവരാരും കുക്കു പരമേശ്വരനും നീനാ കുറുപ്പിനുമെതിരെ ഒന്നും പറയുന്നില്ല? ആര് തെറ്റ് ചെയാതാലും അത് തെറ്റെന്നുതന്നെ പറയണം. ചേരി തിരിഞ്ഞ് പോകരുത്. അമ്മ സംഘടനയെ പൊളിച്ചതുകൊണ്ട് ഇവർക്കെന്താണ് നേട്ടം?

രാജീവ് കുടപ്പനക്കുന്ന് ഇങ്ങനെ ഒരു കേസ് പറഞ്ഞില്ലായിരുന്നുവെങ്കിൽ എന്റെ ഭാവി എന്തായിരിക്കും എന്ന് അൻസിബ പറഞ്ഞില്ലേ? അത് രാജീവിനെ കൊണ്ട് പറയിപ്പിച്ചതാണെന്ന് വ്യക്തമല്ലേ? കൂലിയെഴുത്തുകാരെക്കൊണ്ട് ടിനിയെ ഇകഴ്ത്തി ലേഖനങ്ങളെഴുതിച്ച് അദ്ദേഹത്തിന്റെ കരിയർ നശിപ്പിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ട്. നമ്മുടെ സെറ്റിൽ അത്രയേറെ അച്ചടക്കം പുലർത്തിയിരുന്ന ഒരാളാണ് ടിനി ടോം. അങ്ങനെയുള്ള ഒരാൾക്കെതിരെ ഇങ്ങനെയൊരു ആരോപണം കൊണ്ടുവരേണ്ട ഒരാവശ്യവുമില്ല. ഇതാണ് സത്യം.

ശ്വേതാ മേനോനെ സംഘടനയിൽനിന്ന് പുറത്തുചാടിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. ഒരു മാഫിയതന്നെയുണ്ട്. സംഘടനയ്ക്കകത്ത് കുറേ അഴിമതികൾ നടന്നിട്ടുണ്ട്. ശ്വേതാ മേനോൻ ഇതിനുള്ളിൽ പെട്ടുപോയതാണ്. എന്റെ അഭിപ്രായത്തിൽ ശ്വേത രാജി വെയ്ക്കാതെ ഇതിനെതിരെ പോരാടണമായിരുന്നു. കോടതിയിൽപ്പോയാലും അവിടെനിന്ന് ഫൈറ്റ് ചെയ്യണമായിരുന്നു. ശ്വേത ശക്തമായ നിലപാടെടുത്ത് ഉറച്ചുനിൽക്കുകയായിരുന്നെങ്കിൽ പൊതുജനങ്ങളും അവർക്കൊപ്പം നിന്നേനേ. ഇവിടെ ഇപ്പോൾ തിന്മ ജയിച്ച് നിൽക്കുകയാണ്.”

അമ്മയിലെ കൂട്ടരാജി

കഴിഞ്ഞയാഴ്ചയാണ് താരസംഘടനയായ അമ്മയുടെ ഭരണസമിതി ഒന്നടങ്കം രാജിവെച്ചത്. നേതൃത്വത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളുയർന്ന പശ്ചാത്തലത്തിലാണ് ഭരണസമിതി ഒന്നടങ്കം രാജിവെച്ചൊഴിഞ്ഞത്. കൊച്ചിയിൽ ഞായറാഴ്ച ചേർന്ന ജനറൽബോഡി യോഗത്തിനുശേഷമാണ് തീരുമാനമുണ്ടായത്.

വാർഷിക റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്കൊടുവിലാണ് സുപ്രധാന തീരുമാനം. റിപ്പോർട്ടും കണക്കും അംഗീകരിക്കാൻ വാർഷിക ജനറൽബോഡി തയ്യാറായില്ല. ഇതിൽ രണ്ടിലുമുള്ള വീഴ്ചകൾ അംഗങ്ങൾ ചൂണ്ടിക്കാട്ടി. ജനറൽ ബോഡി യോഗത്തിനിടെ പ്രസിഡന്റ് ശ്വേതാ മേനോൻ രാജി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മറ്റംഗങ്ങൾ അവരെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവന്നു. ഇതിനുപിന്നാലെയാണ് ഭരണസമിതി ഒന്നടങ്കം രാജിവെയ്ക്കുകയാണെന്ന പ്രഖ്യാപനമുണ്ടായത്.

17 അംഗങ്ങളാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളത്. നേതൃത്വത്തിനകത്തുണ്ടായ ആരോപണ പ്രത്യാരോപണങ്ങളാണ് ഭരണസമിതിയുടെ കൂട്ടരാജിയിലേക്ക് നയിച്ചത്. മുൻപൊരിക്കലും ഇതുപോലൊരു പ്രതിസന്ധി സംഘടനയ്ക്ക് നേരിടേണ്ടിവന്നിട്ടില്ല. ഇതിനെത്തുടർന്ന് രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ പുതിയ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചിരുന്നു. നാലുമാസത്തിനകം തിരഞ്ഞെടുപ്പ് നടത്താനാണ് നടനും എം.എൽ.എ.യുമായ രമേഷ് പിഷാരടി കൺവീനറായ അഡ്ഹോക്ക് കമ്മിറ്റിയുടെ ശ്രമം. കെ.ബി. ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി, കലാഭവൻ ഷാജോൺ, ആശാ അരവിന്ദ്, ദേവി ചന്ദന, കൃഷ്ണപ്രഭ എന്നിവരാണ് മറ്റംഗങ്ങൾ.