കൊച്ചി: യുവനടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി പ്രോസിക്യൂഷൻ. രഞ്ജിത്ത് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മരുന്നു കഴിക്കാൻ കൂട്ടാക്കാതെ അന്വേഷണസംഘത്തെ സമ്മർദത്തിലാക്കാൻ ശ്രമിച്ചെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

To advertise here,

പരാതിക്കാരിയുടെ വ്യക്തിവിരോധമാണ് ആരോപണത്തിന് കാരണമെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. പരാതിക്കാരിയുടെ അഭിനയത്തിൽ സംവിധായകനെന്ന നിലയിൽ രഞ്ജിത്ത് അതൃപ്തി അറിയിച്ചിരുന്നു. നടി അഭിനയിച്ച ചില ഭാഗങ്ങൾ വേണ്ടത്ര നിലവാരമില്ലാത്തതിനാൽ ഒഴിവാക്കുകയും ചെയ്തു. ഇതേ തുടർന്ന് പരാതിക്കാരിക്ക് സംവിധായകനോട് വിരോധം തോന്നിയെന്നും അതാണ് പരാതിയിലേക്ക് നയിച്ചതെന്നുമാണ് പ്രതിഭാഗം പറഞ്ഞത്. തന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും അത് പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നും രഞ്ജിത്ത് കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു.

പ്രതിയെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യം നൽകരുതെന്നുമായിരുന്നു പ്രോസിക്യൂഷൻ നിലപാട്. കൂടുതൽ തെളിവെടുപ്പിനായി രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നൽകും. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഹർജിയിൽ ബുധനാഴ്ചയും വാദം തുടരും.