കൊച്ചി: ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി. ആരോഗ്യസ്ഥിതിയും ചുമത്തിയ കുറ്റങ്ങളിൽ അഞ്ചുവർഷത്തിൽ താഴെയാണ് ശിക്ഷാകാലയളവ് എന്നിവ ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിക്കുന്നതെന്നും എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി. ആരോപണങ്ങളുടെ വസ്തുതയിലേക്ക് തത്കാലം കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. കോടതി ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നു.

To advertise here,

കർശന ഉപാധികളോടെയായിരുന്നു സംവിധായകന്‌ ജാമ്യം അനുവദിച്ചത്. തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യത പരിഗണിച്ച് സംഭവം നടന്ന ഷൂട്ടിങ് സ്ഥലത്തേക്ക് പോകുന്നതിന് വിലക്കേർപ്പെടുത്തി. എറണാകുളം ജില്ല വിട്ടുപോകരുതെന്നും ഉപാധിയുണ്ട്. ജാമ്യം ലഭിച്ചതിനെത്തുടർന്ന് രഞ്ജിത്ത് ജയിൽ മോചിതനായിരുന്നു.

ജയിൽ മോചിതനായ രഞ്ജിത്ത് പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ, താൻ ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നാണ് രഞ്ജിത്ത് കോടതിയിൽ വാദിച്ചത്. 250-ഓളം അണിയറപ്രവർത്തകരുള്ള സെറ്റാണിത്. അങ്ങനെയൊരിടത്ത് പീഡനം സാധ്യമല്ല. അഭിനയം മോശമായതിനെത്തുടർന്ന് നടിയുടെ ചില സീനുകൾ വെട്ടിക്കുറയ്‌ക്കേണ്ടിവന്നു. ഇക്കാര്യം നടിയെ അറിയിച്ചിരുന്നു. ഇതേത്തുടർന്നുള്ള വിരോധത്തിലാണ് പരാതി നൽകിയത്. സിനിമയിലെ മറ്റ് ആളുകൾ തനിക്കെതിരേ ഗൂഢാലോചന നടത്തുന്നുവെന്നും രഞ്ജിത്ത് കോടതിയിൽ വാദിച്ചു.