മലയാളി മനസ്സിനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലിം കുമാർ എന്ന പ്രതിഭയെ അനുസ്മരിച്ച് സംവിധായകൻ കമൽ. മിമിക്രി കലാകാരനായി തിളങ്ങിനിന്ന കാലത്ത് താൻ സംവിധാനംചെയ്ത ഒരു സിനിമ കണ്ടതിനുശേഷം മഴ നനഞ്ഞ് അഭിനയിക്കണമെന്ന മോഹവുമായി തന്റെ വീട്ടിലേക്ക് കടന്നുവന്നയാളാണ് സലിം കുമാറെന്ന് കമൽ ഓർത്തെടുത്തു. ആ സന്ദർശനമാണ് ഇരുവരും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തിനും പിൽക്കാലത്തെ മികച്ച സിനിമാ കൂട്ടുകെട്ടുകൾക്കും തുടക്കമിട്ടതെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

To advertise here,

ഗ്രാമഫോൺ എന്ന ചിത്രത്തിലെ തബല ഭാസ്കരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ വിളിച്ചപ്പോൾ, ഇത്രയും ഗൗരവമുള്ള വേഷം തനിക്ക് വഴങ്ങുമോ എന്ന ഭയത്താൽ സലിം ആദ്യം പിന്മാറാൻ ശ്രമിച്ചിരുന്നുവെന്ന് കമൽ പറഞ്ഞു. എന്നാൽ തന്റെ നിർബന്ധത്തിന് വഴങ്ങി ആ വേഷം ഏറ്റെടുത്ത സലിം, അതിമനോഹരമായി തബല വായിക്കുകയും ആ കഥാപാത്രത്തെ അനശ്വരമാക്കുകയും ചെയ്തുവെന്നും സംവിധായകൻ പറഞ്ഞു. ഏത് തരം വേഷവും തന്മയത്വത്തോടെ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ സമർപ്പണത്തെ കമൽ പ്രത്യേകം എടുത്തുപറഞ്ഞു.

"ഗ്രാമഫോണിന് ശേഷമാണ് സീരിയസ് വേഷങ്ങൾ ചെയ്യാൽ സലിമിന് ആത്മവിശ്വാസം ലഭിച്ചത്. പിന്നീട് 'അച്ഛനുറങ്ങാത്ത വീട്', 'ആദാമിന്റെ മകൻ അബു' തുടങ്ങിയ ചിത്രങ്ങളിലൂടെ ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയെടുക്കാൻ സലീമിന് സാധിച്ചു. എന്റെ നാലഞ്ചോളം സിനിമകളിൽ അഭിനയിച്ച സലിം, ഓരോ വേഷവും വ്യത്യസ്തമായ ശൈലിയിലാണ് അവതരിപ്പിച്ചത്. കേവലം ഒരു കോമഡി നടൻ എന്നതിലുപരി, അഭിനയത്തിന്റെ എല്ലാ മേഖലകളും വഴങ്ങുന്ന ഒരു വേഴ്സറ്റൈൽ ആക്ടർ (Versatile Actor) ആയിരുന്നു അദ്ദേഹം." കമൽ സാക്ഷ്യപ്പെടുത്തുന്നു.

അഭിനയത്തിന് പുറമെ സലിം കുമാറിന്റെ വ്യക്തമായ നിലപാടുകളെയും രാഷ്ട്രീയ ബോധ്യങ്ങളെയും കമൽ പ്രകീർത്തിച്ചു. ആരുടെയും മുഖം നോക്കാതെ അഭിപ്രായങ്ങൾ തുറന്നുപറയാനുള്ള ആർജ്ജവം സലിമിനുണ്ടായിരുന്നു. നിലപാടുകൾ കൃത്യമായ ബോധ്യത്തോടെയാണ് സലിം പറഞ്ഞിരുന്നത്. അദ്ദേഹം സംവിധാനം ചെയ്ത കറുത്ത ജൂതൻ എന്ന ചിത്രം തന്നെ അദ്ദേഹത്തിന്റെ വ്യത്യസ്തമായ കാഴ്ചപ്പാടുകൾക്ക് ഉദാഹരണമാണ്. ജൂതന്മാരിലെ കറുത്തവൻ, വെളുത്തവൻ എന്ന വേർതിരിവ് ആളുകൾ മനസിലാക്കുന്നത് ആ സിനിമ കണ്ടിട്ടാണ്. മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത ഒരു വലിയ നഷ്ടമാണ് സലീമിന്റെ വേർപാടിലൂടെ സംഭവിച്ചിരിക്കുന്നതെന്നും കമൽ ഓർത്തെടുത്തു.