
സംവിധായകൻ ജോൺ എബ്രഹാമിന്റെ സഹോദരിയും നിർമാതാവുമായ സൂസൻ ജോസഫ് (94) കഴിഞ്ഞദിവസമാണ് വിടപറഞ്ഞത്. ജോൺ എബ്രഹാമിനെ സംവിധായകനായി നിലനിർത്തിയ വ്യക്തി കൂടിയാണ് സൂസൻ. ജോൺ എബ്രഹാമിന്റെ അഗ്രഹാരത്തിൽ കഴുതൈ, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ തുടങ്ങിയ സിനിമകളുടെ നിർമാതാവായിരുന്നു സൂസൻ.
സൂസൻ ജോസഫ് മൂന്ന് വർഷം മുൻപ് ജോൺ എബ്രഹാമിനെക്കുറിച്ചെഴുതിയ ഒരു കുറിപ്പിൽ സഹോദരനോടുള്ള സ്നേഹം നിറഞ്ഞുനിന്നിരുന്നത് കാണാം. ‘അഗ്രഹാരത്തിൽ കഴുതൈ’ എന്ന സിനിമയുടെ നിർമാണത്തിൽ എന്റെ പങ്ക് എന്തായിരുന്നു എന്ന ചിന്തയിൽനിന്നാണ് ഞാനിതെല്ലാം ഓർത്തെടുക്കുന്നത്’- ഓർമക്കുറിപ്പ് സൂസൻ ജോസഫ് ഇങ്ങനെയാണ് എഴുതിത്തുടങ്ങിയത്. സഹോദരനെ ജീവനുതുല്യം സ്നേഹിച്ച സഹോദരി, അദ്ദേഹത്തിനുവേണ്ടി സിനിമകൾ നിർമിക്കുകയും ചെയ്തു.
‘ജോൺ, കുന്നംകുളത്ത് ജനിച്ച് കോട്ടയത്ത് വളർന്ന കുട്ടനാട്ടുകാരൻ. കുട്ടനാട്ടിലെ പുരാതന ക്രിസ്തീയ കർഷക കുടുംബത്തിൽ വി.ടി.എബ്രഹാമിന്റെ നാലാമത്തെ മകനായി ജനിച്ചു. രണ്ട് മൂത്ത സഹോദരിമാരും ഒരു മൂത്ത സഹോദരനും ഒരു ഇളയ സഹോദരിയും.’-ഓർമക്കുറിപ്പിൽ സഹോദരി കുടുംബത്തെ ഇങ്ങനെ പരിചയപ്പെടുത്തുന്നു. ‘സ്നേഹത്തിനുപോലും കെട്ടിയിടാൻ കഴിയാത്തവൻ. ജോൺ നന്നായി പാടും. പാട്ട് കേൾക്കാനും ഇഷ്ടമായിരുന്നു. പാടുന്നവരെ പ്രോത്സാഹിപ്പിക്കും.
രസിപ്പിക്കുന്ന തരത്തിൽ സംസാരിക്കും. ഫലിതം പറഞ്ഞ് മറ്റുള്ളവരെ ചിരിപ്പിക്കുന്നതിനും അവന് പ്രത്യേക കഴിവായിരുന്നു. ‘ആ സമയത്ത് മദ്രാസിലെ താജ് ഹോട്ടൽ ഒരു ഫിലിം എക്സിബിഷൻ നടത്തുന്നുണ്ടായിരുന്നു. വലിയ ഹാളിൽ കുറച്ചുസ്ഥലം ഓരോ സിനിമയ്ക്കും. അഗ്രഹാരത്തിൽ കഴുതൈക്കും സ്ഥലം കിട്ടി. ജോൺ എന്നോട് 300 രൂപ ചോദിച്ചു. കാര്യം മനസ്സിലാക്കാതെ 30 രൂപ കൊടുത്തു. മറ്റുള്ളവരെല്ലാം ലക്ഷങ്ങൾ ചെലവാക്കി ഓരോ സ്ഥലവും അലങ്കരിച്ച് സജ്ജമാക്കിയപ്പോൾ ജോണിന് കിട്ടിയ സ്ഥലത്ത് കരിഞ്ഞ മൂന്ന് പന്തത്തിൽ കഴുതത്തല താങ്ങി നിർത്തി. ജീവൻ എന്ന ആർട്ടിസ്റ്റ് വരച്ച പെയിന്റിങ് അല്പം പുറകിൽ വലിച്ചുകെട്ടി. മങ്ങിയ വെളിച്ചം കൊടുത്ത് അഗ്രഹാരത്തിൽ കഴുതൈ എന്ന് തമിഴിലും ഇംഗ്ലീഷിലും എഴുതിവെച്ചു.
മുപ്പതുവർഷമായിട്ടും ജോണിനെ ഓർക്കുന്നതും ചിലപ്പോഴെല്ലാം അഗ്രഹാരത്തിലെ കഴുതയെ ഓർക്കുന്നതും എനിക്ക് സന്തോഷം തരുന്നു’-മൂന്ന് വർഷം മുൻപ് സഹോദരി എഴുതിയ വരികളിലൊക്കെ സഹോദരൻ ജീവനുള്ള ചിത്രമായി നില്കുന്നു.
Content Highlights: director John Abraham sister producer Susan joseph passed away susun letter to john
Published: 20 May 2023, 07:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented