ടന്‍ ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനവും നിര്‍വഹിച്ച ചലച്ചിത്രമായ 'പണി'യെ പുകഴ്ത്തി സംവിധായകന്‍ ഭദ്രന്‍. ചിത്രത്തേക്കുറിച്ച് വന്ന വിവിധ കമന്റുകളാണ് തന്നെ 'പണി' കാണാന്‍ പ്രേരിപ്പിച്ചതെന്ന് പറഞ്ഞുകൊണ്ട് ചിത്രത്തിന്റെ കാഴ്ചാനുഭവത്തേക്കുറിച്ചും ജോജുവിന്റെ അഭിനയശേഷിയേക്കുറിച്ചും അദ്ദേഹം സോഷ്യല്‍മീഡിയയില്‍ അഭിപ്രായം പങ്കുവെച്ചു.

To advertise here,

കരയിലേക്ക് അടിച്ചുകയറിയ തിരമാലയുടെ കുതിപ്പുപോലെ ഒരു ഉദ്വേഗം സിനിമയില്‍ മുഴുനീളം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ജോസഫ് സിനിമ കണ്ട് താന്‍ അഭിപ്രായപ്പെട്ടപോലെ നടന്‍ സത്യന് ശേഷം ഭാവങ്ങള്‍ക്കായി കണ്ണുകള്‍ സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന നടനാണ് ജോജു എന്നും ഭദ്രന്‍ അഭിപ്രായപ്പെട്ടു.  ഭദ്രന്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ജോജു ജോര്‍ജ് തന്റെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

ഭദ്രന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

തികച്ചും യാദൃശ്ചികമായി, ഞാന്‍ ഇന്നലെ ജോജു ജോര്‍ജിന്റെ 'പണി' കണ്ടു. ഒരുപക്ഷേ, ഈ സിനിമയെക്കുറിച്ചുള്ള വിവിധ കമന്റുകളാണ് എന്നെ കാണാന്‍ പ്രേരിപ്പിച്ചത്. എന്തായാലും, അതെല്ലാം അതിന്റെ വഴിക്കു പോട്ടെ.
എന്നെ അത്ഭുതപ്പെടുത്തിയത്, കരയിലേക്ക് അടിച്ചുകയറിയ തിരമാലയുടെ കുതിപ്പുപോലെ ഒരു ഉദ്വേഗം മുഴുനീളത്തില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതാണ്.

പ്രിയ ജോജു...
ജോസഫും നായാട്ടും കണ്ടിട്ട് ഞാന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു: മലയാളത്തിന്റെ അനശ്വരനായ സത്യന് ശേഷം, ഭാവങ്ങള്‍ക്കായി കണ്ണുകള്‍ സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന നടനാണ് നിങ്ങള്‍ എന്ന്.
മധുരം സിനിമയില്‍ താങ്കളുടെ പ്രണയാതുര ഭാവങ്ങള്‍ കണ്ടപ്പോള്‍, എനിക്ക് ഒരിക്കല്‍ കൂടി മറ്റൊരു സ്ത്രീയെ പ്രണയിക്കാന്‍ തോന്നാതിരുന്നില്ല.
കരിവീട്ടിയുടെ ഉശിരും, സര്‍പ്പത്തിന്റെ കണ്ണിലെ കൂര്‍മതയും ഒരുപോലെ ഉപയോഗിക്കുന്ന അപൂര്‍വം നടമാരില്‍ നിങ്ങളും ഉണ്ട്.
വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ഒന്ന് സൂക്ഷിച്ചാല്‍, Sky is your limit.