​ലുധിയാന: ഗായകൻ ദിൽജിത്ത് ദോസാഞ്ജിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ വിവിധയിടങ്ങളിൽ സംഘടിപ്പിച്ച ദിൽ-ലുമിനാറ്റി എന്ന സം​ഗീതപരിപാടി കഴിഞ്ഞദിവസമാണ് അവസാനിച്ചത്. പഞ്ചാബിലെ ലുധിയാനയിൽ ചൊവ്വാഴ്ച ഷോ കഴിഞ്ഞതോടെ ഒരു നിയമപ്രശ്നത്തിൽ അകപ്പെട്ടിരിക്കുകയാണ് ​ദിൽജിത്ത്. മദ്യപാനത്തെ പ്രകീർത്തിക്കുന്ന വരികളടങ്ങിയ ​ഗാനമാലപിച്ചു എന്നതാണ് ദിൽജിത്ത് ദോസാഞ്ജിനെ വെട്ടിലാക്കിയിരിക്കുന്നത്.

To advertise here,

ദിൽജിത്ത് ആലപിച്ച ​ഗാനങ്ങൾ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി  ചണ്ഡീ​ഗഢിൽനിന്നുള്ള അസി.പ്രൊഫസറായ പണ്ഡിറ്റ് റാവു ധരേനാവർ പരാതി നൽകിയിരിക്കുകയാണ്. ഇത്തരം ​ഗാനങ്ങൾ ആലപിക്കുന്നതിന് ​ഗായകന് വിലക്കുണ്ടായിരുന്നെന്നും എന്നാൽ അതിനെ വകവയെക്കാതെ വരികളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ദിൽജിത്ത് പാടിയതെന്നും അദ്ദേഹത്തിന്റെ പരാതിയിലുണ്ട്. ഇതുപോലുള്ള ​ഗാനങ്ങൾ ചെറുപ്പക്കാരിൽ വലിയരീതിയിലുള്ള സ്വാധീനംചെലുത്തുമെന്നും ധരേനോവറുടെ പരാതിയിലുണ്ടെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ദിൽ-ലുമിനാറ്റി സം​ഗീതപരിപാടിയിൽ മദ്യത്തെയും മദ്യപാനത്തെയും പ്രോത്സാഹിപ്പിക്കുന്നതരത്തിലുള്ള ​ഗാനങ്ങൾ ഉൾപ്പെടുത്തരുതെന്ന് ദിൽജിത്ത് ദോസാഞ്ജിന് നേരത്തേ നിർദേശം നൽകിയിരുന്നു. ഇതേ സം​ഗീത യാത്രാ പരിപാടി തുടങ്ങുന്ന അവസരത്തിൽ അദ്ദേഹം ഇതുപോലുള്ള പ്രശ്നങ്ങളിൽ അകപ്പെട്ടിരുന്നു. ദിൽ-ലുമിനാറ്റിയുമായി ഹൈദരാബാദിലെത്തിയപ്പോൾ മദ്യവും മയക്കുമരുന്നു കുറ്റകൃത്യങ്ങളും പ്രോൽസാഹിപ്പിക്കുന്ന ​ഗാനങ്ങൾ പാടരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് തെലങ്കാന സർക്കാർ ​ഗായകന് നോട്ടീസ് അയച്ചിരുന്നു. ബജ്റം​ഗദൾ പ്രതിഷേധത്തെത്തുടർന്ന് ഇൻഡോറിലെ ചടങ്ങിനിടെ മദ്യമോ ഇറച്ചിയോ വിതരണം ചെയ്തിരുന്നില്ല.

ഇതിനുശേഷം അഹമ്മദാബാദിൽനടന്ന ഷോയ്ക്കിടെ സർക്കാർ നീക്കങ്ങൾക്കെതിരെ ദിൽജിത്ത് രൂക്ഷമായി സംസാരിച്ചിരുന്നു. മദ്യവില്പന സർക്കാരുകൾ നിർത്തിയാൽ മദ്യം ഉള്ളടക്കത്തിൽ വരുന്ന പാട്ടുകൾ പാടുന്നത് താൻ നിർത്തുമെന്നായിരുന്നു അന്ന് ദിൽജിത്ത് പറഞ്ഞത്. ഈ സംഭവങ്ങളുടെ തുടർച്ചയായാണ് ഇപ്പോൾ ​ഗായകൻ നിയമക്കുരുക്കിലും അകപ്പെട്ടിരുന്നു.