നിവിൻ പോളി, അജു വർ​ഗീസ് തുടങ്ങി ഒരുപറ്റം യുവതാരങ്ങളും വിനീത് ശ്രീനിവാസൻ എന്ന സംവിധായകനും വെള്ളിത്തിരയിൽ അരങ്ങേറ്റംകുറിച്ച ചിത്രമാണ് മലർവാടി ആർട്സ് ക്ലബ്. 2010-ൽ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷകർ ഇരുകയ്യുംനീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ഈ ചിത്രത്തേക്കുറിച്ച് അധികമാർക്കും അറിയാത്ത ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ.

To advertise here,

പാർട്ണേഴ്സ് എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാ​ഗമായി മാതൃഭൂമി ന്യൂസിനോട് സംസാരിക്കവേ മലർവാടി ആർട്സ് ക്ലബിലെ ഒരു താരത്തിനുപകരം വന്ന വേറൊരാളെക്കുറിച്ചാണ് ധ്യാൻ ശ്രീനിവാസൻ മനസുതുറന്നത്.  മലർവാടിയിൽ ഛായാ​ഗ്രാഹകനും സംവിധായകനുമായ റോബി വർ​ഗീസ് രാജിനെയായിരുന്നു ഒരു വേഷത്തിൽ കണ്ടിരുന്നതെന്നാണ് ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്. ഈ വേഷത്തിലാണ് പിന്നീട് നിവിൻ പോളി എത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

നിവിൻ അവതരിപ്പിച്ച പ്രകാശൻ എന്ന കഥാപാത്രം ചെയ്യാൻ ആ സമയത്ത് ആരെയും കിട്ടിയിരുന്നില്ല. പക്ഷേ റോബി അത് നിരസിക്കുകയായിരുന്നെന്നും ധ്യാൻ പറഞ്ഞു. ഛായാ​ഗ്രാഹകൻ രാജീവ് മേനോന്റെ സ്ഥാപനത്തിൽ ഛായാ​ഗ്രഹണം പഠിക്കാൻ ചേർന്നതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് അഭിമുഖത്തിൽ ഒപ്പമുണ്ടായിരുന്ന നടനും റോബിയുടെ സഹോദരനുമായ റോണി ഡേവിഡ് രാജ് പറഞ്ഞു. അന്ന് അഭിനയം വേണോ ഛായാ​ഗ്രഹണം വേണോ എന്ന് ചെറിയൊരു ആശയക്കുഴപ്പം തനിക്കുണ്ടായിരുന്നു. അന്ന് താനൊന്ന് പറഞ്ഞിരുന്നെങ്കിൽ റോബി തീർച്ചയായും മലർവാടി ചെയ്തേനേയെന്നും റോണി പറഞ്ഞു. 

2016-ൽ പുതിയ നിയമം എന്ന ചിത്രത്തിലൂടെയാണ് റോബി വർ​ഗീസ് രാജ് സ്വതന്ത്ര ഛായാ​ഗ്രാഹകനായി അരങ്ങേറുന്നത്. പിന്നീട് ദ ​ഗ്രേറ്റ് ഫാദർ, ക്യാപ്റ്റൻ, തട്ടുംപുറത്ത് അച്യുതൻ, ലവ് ആക്ഷൻ ഡ്രാമ, വെള്ളം, ഈശോ, ജോൺ ലൂഥർ എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചു. 2023-ൽ ആദ്യമായി സംവിധാനം ചെയ്ത കണ്ണൂർ സ്ക്വാഡ് ബ്ലോക്ക്ബസ്റ്റർ ഹിറ്റുമായി.