ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' എന്ന ചലച്ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമാണ് കൈവരിച്ചത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ മറക്കാനാവാത്ത അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടൻ മാധവൻ. 26/11 മുംബൈ ഭീകരാക്രമണത്തെ പുനരാവിഷ്കരിച്ച ഒരു രംഗമെടുത്തശേഷം നടന്മാരായ അക്ഷയ് ഖന്നയും അർജുൻ രാംപാലും വൈകാരികമായി തകർന്നുവെന്ന് മാധവൻ വെളിപ്പെടുത്തി.

To advertise here,

സോണിയ ഷേണായിയുമായുള്ള അഭിമുഖത്തിനിടെയാണ് മാധവൻ ഈ വിവരങ്ങൾ പങ്കുവെച്ചത്. മുംബൈ ഭീകരാക്രമണത്തിന്റെ ഷോട്ട് എടുത്തശേഷം അക്ഷയ് ഖന്നയും അർജുൻ രാംപാലും നിയന്ത്രണംവിട്ട് കരഞ്ഞെന്ന് മാധവൻ ഓർത്തെടുത്തു. തങ്ങൾ അവതരിപ്പിച്ച വേഷത്തിന്റെ ഗൗരവം പൂർണ്ണമായും മനസ്സിലാക്കിയ നിമിഷമായിരുന്നു അത്. ഈ സമയം ചിത്രീകരണ സ്ഥലത്തെ അന്തരീക്ഷം മുഴുവൻ നിശബ്ദമായിരുന്നു. ഇത് സിനിമ എത്രത്തോളം സവിശേഷമാണെന്ന് തനിക്ക് മനസ്സിലാക്കിത്തന്നു എന്നും മാധവൻ കൂട്ടിച്ചേർത്തു.

അക്ഷയ് ഖന്ന അവതരിപ്പിച്ച റഹ്മാൻ ഡക്കൈറ്റ്, അർജുൻ രാംപാൽ അവതരിപ്പിച്ച മേജർ ഇക്ബാൽ എന്നീ കഥാപാത്രങ്ങൾ അവരുടെ സംഘത്തിനൊപ്പംചേർന്ന് മുംബൈ ഭീകരാക്രമണം നിയന്ത്രിക്കുന്ന രംഗത്തേക്കുറിച്ചാണ് മാധവൻ വിവരിച്ചത്. സംവിധായകൻ ആദിത്യ ധർ ഷോട്ടിന് കട്ട് പറഞ്ഞതോടെ രണ്ട് താരങ്ങളും മാനസികമായി തകർന്നുവെന്ന് മാധവൻ ചൂണ്ടിക്കാട്ടി. യഥാർത്ഥ ജീവിതത്തിൽ ആ ഭീകരാക്രമണത്തിന്റെ ആഘാതം നേരിട്ട് കണ്ടവരാണ് ഈ താരങ്ങൾ. അതിനാൽ തന്നെ അത്തരമൊരു രംഗം അഭിനയിക്കുന്നത് അവർക്ക് വലിയ അസ്വസ്ഥതയുണ്ടാക്കിയെന്നും മാധവൻ സൂചിപ്പിച്ചു.

2025 ഡിസംബർ 5-ന് പുറത്തിറങ്ങിയ 'ധുരന്ധർ' ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറി. രൺവീർ സിംഗ്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത് എന്നിവർ അണിനിരന്ന ഈ സ്പൈ ത്രില്ലർ, ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തെ റിയലിസ്റ്റിക് ആയി അവതരിപ്പിച്ച ചിത്രമാണ്. കറാച്ചിയിലെ ക്രിമിനൽ ലോകത്ത് നുഴഞ്ഞുകയറി ഭീകര ശൃംഖലയെ തകർക്കാൻ ശ്രമിക്കുന്ന ഒരു ഇന്ത്യൻ രഹസ്യാന്വേഷണ ഏജന്റിന്റെ കഥയാണ് ചിത്രം പറയുന്നത്.

ചിത്രത്തിന്റെ വലിയ വിജയത്തെത്തുടർന്ന് ഇതിന്റെ രണ്ടാം ഭാഗമായ 'ധുരന്ധർ 2' മാർച്ച് 19-ന് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ആദ്യ ഭാഗം ഒരുക്കിയ ആദിത്യ ധർ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. ഹംസ അലി മഷാരി എന്ന അണ്ടർകവർ ഏജന്റിന്റെ കൂടുതൽ സാഹസികമായ കഥയാകും രണ്ടാം ഭാഗം പറയുക.