ചെന്നൈ: നടൻ ധനുഷ് രാഷ്ട്രീയപ്രവേശനത്തിന് ഒരുങ്ങുന്നു. സൂപ്പർസ്റ്റാർ രജനീകാന്തിന്റെ പിന്തുണയോടെയായിരിക്കും ധനുഷിന്റെ രാഷ്ട്രീയ അരങ്ങേറ്റമെന്നാണ് സൂചന. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവും. 2031 നിയമസഭാ തിരഞ്ഞെടുപ്പിൽ ധനുഷ് മത്സരിക്കാൻ തീരുമാനിച്ചതായും പാർട്ടിയുടെ പേര് തിരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്റ്റർചെയ്തെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ടെങ്കിലും നടനുമായി അടുപ്പമുള്ളവർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

To advertise here,

രജനീകാന്ത് നേരത്തേ രാഷ്ട്രീയത്തിലിറങ്ങുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് മാറി. അതിനുശേഷമാണ് വിജയ് തമിഴക വെട്രി കഴകം (ടി.വി.കെ.) ആരംഭിക്കുന്നതും തിരഞ്ഞെടുപ്പിൽ വൻവിജയംനേടി മുഖ്യമന്ത്രിയായി അധികാരത്തിലെത്തുന്നതും. അവസരം പാഴാക്കിയെന്ന നിരാശ രജനീകാന്തിനും അദ്ദേഹത്തിന്റെ ആരാധകരിലും ഉടലെടുത്തിരുന്നെന്നും പറയപ്പെടുന്നു. അതിനാലാണ് ധനുഷിനു പിന്തുണനൽകി രാഷ്ട്രീയത്തിലേക്കു നയിക്കാൻ രജനീകാന്ത് ശ്രമിക്കുന്നതെന്നും വിവരമുണ്ട്. പാർട്ടി തുടങ്ങുന്നതിനു മുന്നോടിയായി ധനുഷ് ആരാധകസംഘടനയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കം തുടങ്ങി. സംഘടനയെ ജില്ലാതലത്തിൽ വിഭജിച്ച് ഭാരവാഹികളെ നിയമിച്ചു. കൂടുതൽ അംഗങ്ങളെ ചേർക്കാൻ പ്രത്യേക നിർദേശങ്ങളും നൽകി. ഇതൊക്കെ രാഷ്ട്രീയപ്രവേശനത്തിലേക്കുള്ള മുന്നൊരുക്കങ്ങളായി വിലയിരുത്തപ്പെടുന്നു.

2024-ലാണ് വിജയ് ടി.വി.കെ. ആരംഭിച്ചത്. വിജയിന്റെ രാഷ്ട്രീയത്തിലെ വളർച്ച മറ്റുപല താരങ്ങളെയും ഭ്രമിപ്പിച്ചിട്ടുണ്ട്. ധനുഷിനുപുറമേ സൂര്യ, ശിവകാർത്തികേയൻ, വിജയ് സേതുപതി എന്നിവരും രാഷ്ട്രീയത്തിലേക്കു കടക്കുന്നതായും അഭ്യൂഹമുണ്ട്.