ബോക്സോഫീസിൽ കുതിച്ച് ധനുഷ് ചിത്രം 'രായൻ'. ഒന്നിലധികം ബോക്സോഫീസ് റെക്കോഡുകളും തകർത്തുകൊണ്ടാണ് ചിത്രത്തിൻ്റെ കുതിപ്പ്. ആ​ഗോളതലത്തിൽ ഇതുവരെ 150 കോടിയിലധികം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. 

To advertise here,

ഈ വർഷം 150 കോടി ക്ലബ്ബിലെത്തുന്ന തമിഴ് ചിത്രമെന്ന ഖ്യാതി രായൻ സ്വന്തമാക്കി. തമിഴ്‌നാട്ടിൽ നിന്ന് മാത്രം 75 കോടിയിലധികം രൂപ ചിത്രം നേടിക്കഴിഞ്ഞു. ധനുഷ് തന്നെയാണ് 'രായൻ' സംവിധാനം ചെയ്തതും. ധനുഷിന്റെ കരിയറിലെ ആദ്യ 150 കോടി ക്ലബ് ചിത്രം എന്ന നേട്ടവും 'രായൻ' സ്വന്തമാക്കി. 

ഈ വർഷം ഏറ്റവുമധികം കളക്ഷൻ സ്വന്തമാക്കിയ തമിഴ് ചിത്രം, 150 കോടി ക്ലബ്ബിലിടം നേടുന്ന ആദ്യ എ സർട്ടിഫിക്കറ്റ് തമിഴ് ചിത്രം എന്നീ നേട്ടങ്ങളും 'രായൻ' സ്വന്തം പേരിലാക്കി. 

ധനുഷിന്‍റെ കരിയറിലെ 50-ാമത്തെ ചിത്രമാണിത്. വമ്പൻ മേക്കോവറിൽ താരമെത്തുന്ന ചിത്രം സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമിക്കുന്നത്. കാളിദാസ് ജയറാമും സുന്ദീപ് കിഷനുമാണ് മറ്റുപ്രധാനവേഷങ്ങളിൽ എത്തുന്നത്. എ.ആർ. റഹ്മാനാണ് സം​ഗീത സംവിധാനം.

ധനുഷിന്റെ മൂന്നാം സംവിധാന സംരംഭമാണ് രായൻ. 2017-ൽ പുറത്തിറങ്ങിയ പാ പാണ്ടിയാണ് ധനുഷ് സംവിധാനംചെയ്ത ആദ്യചിത്രം. മലയാളിതാരങ്ങളായ മാത്യു തോമസ്, അനിഖാ സുരേന്ദ്രൻ, പ്രിയാ വാര്യർ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന 'നിലവുക്ക് എൻമേൽ എന്നടീ കോപം' എന്ന ചിത്രവും ധനുഷ് സംവിധാനം ചെയ്യുന്നുണ്ട്. ഇതിന്റെ തിരക്കഥയും ധനുഷിന്റേത് തന്നെയാണ്.