റിലീസിന് മുന്‍പേ ഏറെ വിവാദം സൃഷ്ടിച്ച ചിത്രമാണ് ഷാരൂഖ് ഖാന്‍ നായകനായെത്തിയ പഠാന്‍. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിലെ 'ബേഷരം രംഗ്' എന്ന ഗാനത്തിലെ ദീപിക പദുക്കോണിന്റെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. 

To advertise here,

ഗാനരംഗത്തില്‍ കാവി നിറമുള്ള ബിക്കിനി ധരിച്ചായിരുന്നു ദീപിക എത്തിയത്. ഇതോടെ സംഘപരിവാര്‍ സംഘടനകള്‍ ബോയ്‌കോട്ട് ക്യാംപെയ്ന്‍ ഉള്‍പ്പടെയുള്ള പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിവാ​ദത്തിൽ വെെകിയാണെങ്കിലും സംവിധായകൻ ഉൾപ്പടെയുള്ളവർ പ്രതികരിച്ചെങ്കിലും ദീപിക മൗനം തുടർന്നിരുന്നു.  ഇപ്പോഴിതാ വിവാദങ്ങളോടുള്ള തന്റെ കാഴ്ചപ്പാട് ആദ്യമായി തുറന്നുപറഞ്ഞിരിക്കുകയാണ് ദീപിക പദുകോൺ. 

വിവാദങ്ങളെല്ലാം ഉണ്ടായപ്പോള്‍ താൻ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നുവെന്ന് ദീപിക പറഞ്ഞു. 'അതിനെക്കുറിച്ച് എനിക്കെന്തെങ്കിലും തോന്നേണ്ടതുണ്ടോ എന്ന് എനിക്കയില്ല. പക്ഷേ സത്യമെന്തെന്നാൽ അതിനെക്കുറിച്ച് എനിക്കൊന്നും തോന്നുന്നില്ല', ദീപിക പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

ഷാരൂഖിനും ദീപിക പദുക്കോണിനും ഒപ്പം ജോണ്‍ എബ്രഹാം, സല്‍മാന്‍ ഖാന്‍, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ എന്നിവരും 'പഠാനി'ല്‍ എത്തിയിരുന്നു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലെത്തിയ ഷാരൂഖ് ചിത്രമായിരുന്നു പഠാന്‍. വിവാദങ്ങള്‍ക്കിടയിലും ബോക്‌സോഫീസില്‍ നിരവധി റെക്കോഡുകള്‍ തകര്‍ത്ത ചിത്രം 1000 കോടിയിലധികം രൂപയും നേടിയിരുന്നു.